ആരോഗ്യമുളള ശരീരത്തിലേ ആരോഗ്യമുളള മനസ്സുണ്ടാവൂ എന്ന് കേട്ടിട്ടില്ലേ. ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെ ഭക്ഷണമാണ്.
എന്നാല്‍ ജീവിതത്തില്‍ ഒരുതവണയെങ്കിലും വിശപ്പില്ലായ്മ എന്ന അവസ്ഥയിലൂടെ നിങ്ങളെല്ലാം കടന്നുപോയിട്ടുണ്ടാകും. മനസ്സിന്റെ വിഷമങ്ങളും ശാരീരികമായ ബുദ്ധിമുട്ടുകളുമെല്ലാം പലരെയും വിശപ്പില്ലായ്മയിലേക്ക് എത്തിക്കാറുണ്ട്. എന്നാലിതിനെ ഒരിക്കലും നിസ്സാരമായി തളളരുത്. കുട്ടികളില്‍ വിശപ്പില്ലായ്മ സാധാരണമാണെങ്കിലും മുതിര്‍ന്നവരിലിത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവച്ചേക്കും. അതിനാല്‍ ഇക്കാര്യങ്ങള്‍ ഒന്നു ശ്രദ്ധിയ്ക്കാം.
പ്രമേഹം പരിശോധിയ്ക്കാം
വിശപ്പില്ലായ്മ കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ പ്രമേഹം ഒന്ന് പരിശോധിക്കാവുന്നതാണ്. കാരണം പ്രമേഹരോഗം കൂടുതലുളളവരില്‍ വിശപ്പില്ലായ്മ സാധാരണയായി കണ്ടുവരാറുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കൊടുക്കാം.
ദഹനപ്രശ്‌നങ്ങളുണ്ടെങ്കില്‍
ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ വിശപ്പില്ലായ്മ ഉണ്ടായേക്കും. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ തേടാവുന്നതാണ്.
മാനസികപ്രയാസങ്ങള്‍
മനസ്സിന്റെ പ്രയാസങ്ങളും വിഷമങ്ങളുമെല്ലാം ഭക്ഷണത്തില്‍ തീര്‍ക്കുന്നവരുണ്ട്. ഇത്തരക്കാര്‍ ആദ്യം ചെയ്യുക ഭക്ഷണം ഒഴിവാക്കുകയാവും. ചിലപ്പോള്‍ വിശപ്പ് തോന്നാതാവും. അതിനാല്‍ ഇത്തരം ഘട്ടങ്ങളില്‍ മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാം. പ്രശ്‌നങ്ങളെ പോസറ്റീവായി നേരിടാനും ശ്രദ്ധിയ്ക്കാം.
പ്രായം കൂടുമ്പോള്‍
പ്രായം കൂടുന്തോറും പഴയ പോലെ ഭക്ഷണം കഴിക്കാനാവില്ലെന്ന് പലരും പറയാറുണ്ട്. അതിനാല്‍ പ്രായമേറുമ്പോള്‍ ഭക്ഷണകാര്യങ്ങളിലും നല്ല ശ്രദ്ധ തന്നെ വേണം. എത്ര കഴിക്കുന്നു എന്നതിനെക്കാള്‍ എന്തു കഴിക്കുന്നു എന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കാം. പരിഹാരമാകുന്നില്ലെങ്കില്‍ വൈദ്യസഹായം തേടാം.
അമിതമായ ആശങ്കകള്‍
അമിതമായ ആശങ്കള്‍ ജീവിതത്തിനും ആരോഗ്യത്തിനും ഒരുപോലെ വെല്ലുവിളിയാണ്. ആശങ്കകള്‍ കൂടുതലുളളവരില്‍ സ്‌ട്രെസ് ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് വിശപ്പില്ലായ്മയിലേക്ക് നയിച്ചേക്കും. അതുപോലെ തന്നെ വിഷാദരോഗങ്ങളുമെല്ലാം പൂര്‍ണമായും വിശപ്പിനെ ഇല്ലാതാക്കാന്‍ കാരണമാകാറുണ്ട്. അതിനാല്‍ അമിതമായ ആശങ്കകളും ഭയവും ഒഴിവാക്കി മുന്നോട്ടുപോകാം.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/health-herbs/for-the-improvement-of-appetite-one-ounce-of-dashamoolarishtam-is-essential/
Share your comments