കോവിഡിന് ശേഷം ആരോഗ്യം പഴയതുപോലെ വീണ്ടെടുക്കാനാകുന്നില്ലെന്ന് പലരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ മിക്ക ആളുകളെയും അലട്ടുന്നുണ്ട്.
നഷ്ടമായ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനായി നമുക്ക് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
ഭക്ഷണം പോഷകസമൃദ്ധമാകണം
പേശികളുടെ ആരോഗ്യം വീണ്ടെടുക്കാനായി കൂടുതല്‍ പ്രോട്ടീനടങ്ങിയ ഭക്ഷണം ശീലമാക്കാം. രോഗങ്ങള്‍ വരുമ്പോള്‍ പേശികള്‍ തളരാനിടയുളളതിനാല്‍ ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താം. ധാന്യങ്ങള്‍, മുട്ട, മത്സ്യം, ചിക്കന്‍, പരിപ്പ് വര്‍ഗങ്ങള്‍ എന്നിവയൊക്കെ കൂടുതലായി കഴിയ്ക്കാം. പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണക്രമം പിന്തുടരണം.
കൃത്യമായ വ്യായാമം ശീലമാക്കാം
കോവിഡ് വന്നുമാറിയ ശേഷം പേശികള്‍ക്ക് ശക്തിക്കുറവ് ഉണ്ടായേക്കാം. അതിനാല്‍ ഇത് വീണ്ടെടുക്കാനായി ചെറുതായെങ്കിലും വ്യായാമങ്ങള്‍ ശീലമാക്കാം. അതേസമയം അമിതമായ വ്യായാമങ്ങളൊന്നും വേണ്ട. മിതമായ വ്യായാമമുറകളില്‍ ഏര്‍പ്പെടാം. നല്ലൊരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ശ്വസന വ്യായാമമുറകളും ഉള്‍പ്പെടുത്താവുന്നതാണ്.
മാനസികാരോഗ്യം മെച്ചപ്പെടുത്താം
കോവിഡ് വന്നുപോയതിന് ശേഷം ശാരീരിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം മാനസികമായ പിരിമുറുക്കങ്ങളും പലരും നേരിടുന്നുണ്ട്. അതിനാല്‍ മാനസികാരോഗ്യം ശക്തിപ്പെടുത്താനുളള മാര്‍ഗങ്ങളും തേടേണ്ടതുണ്ട്. മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാം. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സേവനങ്ങള്‍ തേടാം.
സ്വയം ചികിത്സ വേണ്ട
രോഗം മാറിക്കഴിഞ്ഞ ശേഷവും ഇതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനെ ഗൗരവമായെടുക്കണം. തലവേദനയോ ചെറിയ ക്ഷീണമോ ആണെങ്കില്‍പ്പോലും അവഗണിക്കാതിരിക്കുക. തൊണ്ടവേദന, വരണ്ട ചുമ എന്നിവ തുടരുന്നെങ്കില്‍ ഉപ്പുവെളളം കവിള്‍ കൊളളുകയോ ആവി പിടിക്കുകയോ ചെയ്യാം. ചുമയ്ക്കുളള മരുന്നുകളും മറ്റും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമെ കഴിക്കാവൂ.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/health-herbs/to-remove-uncomfortable-feeling-post-covid-use-ayamaodhakam/
Share your comments