നെല്ലിക്ക ഏറെ പോഷക ഗുണങ്ങൾ ഉള്ള, ഔഷധങ്ങൾ ധാരാളമായി അടങ്ങിരിക്കുന്ന ഒന്നാണ്. ഹിന്ദിയിൽ ഇതിനെ ആംല വിളിക്കുന്നു. ഇന്ത്യൻ ഗൂസ്ബെറി എന്നാണ് ഇംഗ്ലീഷ് നാമം. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി ഉപയോഗിച്ച് വരുന്നു. വിറ്റാമിൻ സിയുടെ സമൃദ്ധമായ ഉറവിടമാണ് നെല്ലിക്ക. ഇത് ജലദോഷവും മൂക്കൊലിപ്പും ഒഴിവാക്കുന്നതിന് സഹായിക്കുന്നു. ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ ഹൈപ്പർ അസിഡിറ്റി ക്ക് ശമനം ലഭിക്കും. മുടികൊഴിച്ചിലിന് ഏറെ നല്ലതാണ് നെല്ലിക്ക. നെല്ലിക്ക നീര് എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചു കുളിച്ചാൽ മുടികൊഴിച്ചിലിന് പ്രതിവിധി ഉണ്ടാകും.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്കയിലെ ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, രേതസ് ഗുണങ്ങൾ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ചർമത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നതിൽ നെല്ലിക്കയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. നെല്ലി ഇലകൾ അരച്ച് തലയിൽ പുരട്ടുന്നത് താരൻ, നരച്ച മുടി എന്നിവ തടയാൻ സഹായിക്കുന്നു. നെല്ലിക്ക രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ മുടിയുടെ സ്വാഭാവിക വളർച്ച മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഹൃദയ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ നെല്ലിക്കയുടെ പൊടിക്ക് കഴിവുണ്ട്. നെല്ലിക്ക ലിപ്പോപ്രോട്ടീൻ (മോശം കൊളസ്ട്രോൾ), ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളായി കണക്കാക്കപ്പെടുന്നതിനാൽ, ഇത് നിയന്ത്രിക്കുന്നത് ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്.
നെല്ലിക്ക ശർക്കര ചേർത്ത് സ്ഥിരമായി കഴിച്ചാൽ ശരീരവേദന, ബലക്ഷയം, വിളർച്ച എന്നിവ മാറാൻ സഹായിക്കും. നെല്ലിക്ക, മുന്തിരി എന്നിവ ചേർത്തരച്ച് കഴിച്ചാൽ രുചിയില്ലായ്മയ്ക്ക് പരിഹാരം കാണാൻ കഴിയും. നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
Share your comments