1. Health & Herbs

ഈന്തപ്പഴത്തിൻ്റെ ആരോഗ്യഗുണങ്ങൾ

ലോകമെമ്പാടും വ്യാപാരം നടത്തപ്പെടുന്ന ഈന്തപ്പഴത്തിൻ്റെ പ്രധാന ഉത്പാദകർ അറേബ്യൻ നാടുകളാണ്. ശരീരത്തിനാവശ്യമായ പല ഘടകങ്ങളുമടങ്ങിയ ഇവ ഫീനിക്സ് ഡാക്റ്റിലിഫെറ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്നു.

Athira P
ഉണക്കിയ ഈന്തപ്പഴങ്ങൾ
ഉണക്കിയ ഈന്തപ്പഴങ്ങൾ

മധുരപ്രേമികളുടെ ഇഷ്ട പ്രകൃതിദത്ത മധുരമാണ് ഈന്തപ്പഴം. ലോകമെമ്പാടും വ്യാപാരം നടത്തപ്പെടുന്ന ഈന്തപ്പഴത്തിൻ്റെ പ്രധാന ഉത്പാദകർ അറേബ്യൻ നാടുകളാണ്. ശരീരത്തിനാവശ്യമായ പല ഘടകങ്ങളുമടങ്ങിയ ഇവ ഫീനിക്സ് ഡാക്റ്റിലിഫെറ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളാണ് ഇവയുടെ ഉപഭോഗത്തിൽ ഒന്നാമത്. ചരിത്രാതീതകാലം മുതലേ മനുഷ്യർ ഭക്ഷണത്തിലുൾപ്പെടുത്തിയിരുന്ന ഒന്നാണ് ഈന്തപ്പഴങ്ങൾ. ഈജിപ്തിലും മെസൊപൊട്ടോമിയയിലും ബി സി 4000 മുതലേ കൃഷിചെയ്തിരുന്നതായി പഠനങ്ങൾ പറയുന്നു. ഈന്തപ്പഴത്തിൻ്റെ ലോക വാർഷിക ഉൽപ്പാദനം 8.5 ദശലക്ഷം മെട്രിക് ടൺ ആണ്. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെ കാലിഫോര്‍ണിയ,സ്‌പെയിന്‍, പാകിസ്താന്‍, ഇന്ത്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഇവ കൃഷി ചെയ്യപ്പെടുന്നുണ്ട്.

പ്രമേഹരോഗികൾക്കുപോലും നിശ്ചിത അളവിൽ കഴിക്കാവുന്ന ഇവ നാരുകളുടെയും ഇരുമ്പിൻ്റെയും പ്രധാന സ്രോതസ്സാണ്. ഈന്തപ്പനകളുടെ ഫലം കായ്ക്കാൻ ഏകദേശം അഞ്ച് വർഷത്തോളം സമയമെടുക്കും, പക്ഷേ 100 വർഷം വരെ അവ ജീവിക്കും. ഈ മരങ്ങൾ പൂർണ്ണമായി വളരുമ്പോൾ ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ നീളുകയും ചെയ്യും. മിഡിൽ ഈസ്റ്റിൽ വ്യാപകമായി വളർത്തുന്ന ഇവ 'ജീവൻ്റെ വൃക്ഷം' എന്നറിയപ്പെടുന്നു. കഠിനമായ മരുഭൂമിയിലെ കാലാവസ്ഥയിൽ അതിജീവനത്തിന് ആവശ്യമായ ഊർജ്ജം നൽകിയിരുന്ന ഇവയിൽ ധാരാളം ഔഷധഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഈന്തപഴത്തിന് 1-3 ഇഞ്ച് നീളവും ഒരു ഇഞ്ച് വ്യാസവുമുണ്ടായിരിക്കും. സിലിണ്ടറിക്കൽ ആകൃതിയിൽ കാണപ്പെടുന്ന ഇവ കടും ചുവപ്പ് മുതൽ കടും മഞ്ഞ, കടും പർപ്പിൾ നിറങ്ങളിൽ ലഭ്യമാവും.

ഈന്തപ്പന
ഈന്തപ്പന

ഒരു കുലയിൽ ആയിരത്തോളം ഈത്തപ്പഴങ്ങൾ വളരുന്ന മുകളിൽ കായ്‌ക്കുന്ന പുഷ്പവൃക്ഷങ്ങളാണ് ഈന്തപ്പനകൾ. ശരിയായ സാഹചര്യത്തിൽ, ഒരു മരത്തിൽ നിന്ന് ഏകദേശം 300 കിലോഗ്രാം ഈത്തപ്പഴം വരെ ലഭിക്കും. ഒരു കുലക്ക് ആറുമുതൽ പന്ത്രണ്ട് കിലോഗ്രാം വരെ ഭാരമുണ്ടായിരിക്കുകയും ചെയ്യും. ഈന്തപ്പഴത്തിൻ്റെ ജനപ്രീതിക്ക് കാരണം അവ ഉണക്കിയ ശേഷം വളരെക്കാലം സൂക്ഷിക്കാമെന്നതാണ്. അതിനാൽ, മരുഭൂമിയിലൂടെയുള്ള ദീർഘദൂര യാത്രകളിൽ അവ വലിയ ഉപകാരപ്രദമായ ഭക്ഷ്യവസ്തുവായി കണക്കാക്കപ്പെടുന്നു. നോമ്പുകാലത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് ഈന്തപ്പഴങ്ങൾ. ഇഫ്താർ വേളയിൽ ആദ്യം ഈന്തപ്പഴം കഴിക്കണമെന്ന് നിയമമുണ്ട്. അതിനുശേഷം മാത്രമേ അവർ മറ്റ് കാര്യങ്ങൾ കഴിക്കൂ. ഇവയിൽ ഉയർന്നതോതിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസിനെ എളുപ്പത്തിൽ ഊർജ്‌ജമാക്കി മറ്റാൻ ശരീരത്തിന് കഴിയുകയും, ഏറെ നേരം ഭക്ഷണം ചെല്ലാതിരുന്ന ആമാശയത്തിൽ ദഹനത്തിനാവശ്യമായ ദീപനരസം ഉൽപ്പാദിപ്പിക്കുവാൻ സഹായകരമാവുകയും ചെയ്യും. നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ ഒരു കേന്ദ്രമാണ് ഈന്തപ്പഴം. ദീർഘനേരത്തെ ഉപവാസത്തിന് ശേഷം ഊർജ്ജ നില നിറയ്ക്കുന്നതിലും ശരീരത്തെ പോഷിപ്പിക്കുന്നതിലും ഈ പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ, ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള വെള്ളം ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

ആരോഗ്യഗുണങ്ങൾ


ഈന്തപ്പഴത്തിൽ നാരുകളുടെ അംശം വളരെ കൂടുതലാണ്, ഇത് മലബന്ധത്തെ സുഗമമാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.കോശങ്ങൾക്ക് വളരെയധികം ദോഷം വരുത്തുന്ന അപകടകരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യുന്ന സംയുക്തങ്ങളാണ് ആൻ്റിഓക്സിഡൻ്റുകൾ. ഈന്തപ്പഴത്തിൽ ആൻ്റിഓക്‌സിഡൻ്റുകൾ ഉയർന്ന അളവുകളിൽ കാണപ്പെടുന്നുണ്ട്. കൂടാതെ ശരീരത്തിലെ ഓക്‌സിജൻ വിതരണത്തിന് ഇവ അത്യുത്തമമാണ്. ഇവയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ധമനികളിലെ പിരിമുറുക്കം കുറയ്ക്കുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്നു. സെലിനിയം, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കൾ ധാരാളമടങ്ങിയ ഇവ ഓസ്റ്റിയോപൊറോസിസ് അല്ലെങ്കിൽ അസ്ഥി സംബന്ധമായ അവസ്ഥകളിൽ നിന്ന് അസ്ഥികളെ സംരക്ഷിക്കാൻ സഹായിക്കും. ചർമ്മ പ്രശ്നങ്ങൾക്കും മുടി പൊട്ടിപോകുന്നതുപോലുള്ള അവസ്ഥകൾക്കും ഈന്തപഴം ഡയറ്റിലുൾപ്പെടുത്തുന്നതിലൂടെ പരിഹാരമുണ്ടാകും.വിളർച്ച പോലുള്ള അവസ്ഥകളിൽ നമ്മുക്കാശ്രയിക്കാവുന്ന ഒരു ഭക്ഷണമാണ് ഈന്തപ്പഴങ്ങൾ.

English Summary: Health Benefits of Dates (1)

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds