നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ കലവറയാണ് പാല്‍ എന്നതില്‍ തര്‍ക്കമൊന്നുമില്ല. കാത്സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ഡി തുടങ്ങി നിരവധി പോഷകങ്ങള്‍ പാലിലുണ്ട്.
അതുകൊണ്ടുതന്നെയാണ് സമീകൃതാഹാരങ്ങളുടെ പട്ടികയില്‍ പാലിനെ ഉള്‍പ്പെടുത്തിയത്. ഡയറ്റ് ക്രമീകരണത്തിന്റെ ഭാഗമായും പാലിനെ ദിവസേനയുളള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ ധാരാളമുണ്ട്. ചിലര്‍ ചൂടുളള പാല്‍ കുടിക്കാനിഷ്ടപ്പെടുമ്പോള്‍ മറ്റുചിലര്‍ക്ക് തണുത്തതിനോടായിരിക്കും താത്പര്യം കൂടുതല്‍. എന്തുതരം പാല്‍ ആണെങ്കിലും കുടിച്ചാല്‍പ്പോരെ എന്നൊന്നും ഇനി ചിന്തിക്കരുത്. കാരണം രണ്ടിനും വ്യത്യാസങ്ങളുണ്ട്.
ചൂടുപാലിന്റെയും തണുത്തപാലിന്റെയും ആരോഗ്യഗുണങ്ങള്‍ കാലാവസ്ഥയെയും സമയത്തെയും ആശ്രയിച്ചാണിരിക്കുന്നത്. രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ടെങ്കിലും കാലാവസ്ഥ മാറുമ്പോള്‍ ഇതില്‍ വ്യത്യാസങ്ങളുണ്ടാകും. വേനലില്‍ ഒരു ഗ്ലാസ് തണുത്ത പാല്‍ കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കുകയും പിത്തം ഇല്ലാതാക്കുകയും ചെയ്യും. അതിനാല്‍ ഈ സമയത്ത് തണുത്ത പാലാണ് കുടിക്കാന്‍ നല്ലതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇതേസമയം തണുപ്പുകാലത്ത് തണുത്ത പാല്‍ കഴിക്കുന്നത് ശരീരത്തിന് ദോഷകരവുമാണ്. ഈ സമയത്ത് ചൂടുളള പാലാണ് ഉത്തമം. അതും മഞ്ഞള്‍ ചേര്‍ത്ത് ചൂടുപാല്‍ ഉപയോഗിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തളളാന്‍ നല്ലതാണ്. അതിനാല്‍ കാലാവസ്ഥ കണക്കിലെടുത്താവണം പാലിന്റെ ഉപയോഗമെന്ന് പറയാം. തെറ്റായ രീതിയില്‍ പാല്‍ കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവച്ചേക്കും.
Share your comments