ഞാവൽപഴം കഴിച്ചു വയലറ്റ്നിറമായ വായോടെ കുസൃതികാട്ടി നടന്ന കുട്ടിക്കാലത്തിന്റെ ഓർമ നമുക്ക് എല്ലാവര്ക്കും കാണും. തണൽവൃക്ഷമായ ഞാവൽ പണ്ടൊക്കെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നു. തൊലിമുതൽ വേരുവരെ എല്ലാ ഭാഗങ്ങളും ഔഷധഗുണങ്ങൾ ഉള്ളതാണെന്ന തിരിച്ചറിവാണ് ഞാവലിനു നമ്മുടെ തൊടികളിൽ സ്ഥാനം നൽകിയത് .ഒരു സീസണിൽ മാത്രമേ കായ്ക്കുള്ളൂവെങ്കിലും വളരെ രുചികരമാണ് ഞാവൽ പഴങ്ങൾ.ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരം നിറഞ്ഞ പഴങ്ങള്‍ക്ക് ഔഷധഗുണം രൂക്ഷമാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, തയാമിന്‍, റൈബോ ഫ്ലുവിൻ , നയാസിന്‍, വിറ്റാമിന്‍ ബി6, സി, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവ സമ്പുഷ്ടമായ തോതില്‍ അടങ്ങിയിരിക്കുന്നു.
ഔഷധമായി നന്നായി ഉപയോഗിക്കപ്പെടുന്ന വൃക്ഷത്തിന്റെ കായ, ഇല, കമ്പ് എന്നിവ ഇന്ത്യയിലും ചൈനയിലും നാട്ടുവൈദ്യത്തില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു.ഞാവല്‍ കായയുടെ കുരു ഉണക്കിപ്പൊടിച്ചത് പ്രമേഹത്തിന്റെ മരുന്നാണ്. വിത്തിലടങ്ങിയിരിക്കുന്ന ചില ആല്‍ക്കലോയ്ഡുകള്‍ അന്നജത്തെ പഞ്ചസാരയായി മാറാതെ തടയുന്നതുകൊണ്ടാണിത്.
തണ്ടും ഇലയും ആന്റി ബയോട്ടിക് ശേഷി കാണിക്കുന്നതിനാല്‍ ഇവ വാറ്റിക്കിട്ടുന്ന സത്ത് ഫിലിപ്പീന്‍സിലും മറ്റ് പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും വയറുവേദനയ്ക്കും വയറിളക്കത്തിനും മരുന്നായി സേവിക്കുന്നു. ഞാവൽ പഴം കഴിക്കുന്നത് വയറിനു സുഖം തരികയും, മൂത്രം ധാരാളം പോകുന്നതിനു സഹായിക്കുകയും ചെയ്യുന്നു. അർശസ്സ്, വയറുകടി, വിളർച്ച എന്നിവയ്ക്ക് ഞാവല്‍ പഴം കഴിക്കുന്നത് ഗുണകരമാണ്. വായിലുണ്ടാകുന്ന മുറിവിനും പഴുപ്പിനും ഞാവല്‍ തൊലി കഷായം നല്ലതാണ്. ഞാവല്‍ പഴത്തില്‍ ജീവകം-എ, ജീവകം-സി, പ്രോട്ടീന്‍, ഫോസ്ഫറസ്, കാൽസിയം, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. വൈന്‍ ഉണ്ടാക്കാനും ഞാവല്‍ പഴം നല്ലതാണ്. നമ്മുടെ നാട്ടിൽപുറങ്ങളിൽ ധാരാളമായി ലഭിച്ചിരുന്ന ഈ പഴം ഇപ്പോൾ വിദേശരാജ്യങ്ങളിൽ നിന്നും വൻതോതിൽ ഇറക്കുമതി ചെയ്യുകയും. സൂപ്പർമാർക്കറ്റുകളിൽ നിന്നും വൻ വിലനൽകി നമ്മൾ വാങ്ങിക്കുകയും ചെയ്യുകയാണ് ഈ അവസ്ഥ മാറണം നമ്മുടെ ആരോഗ്യസംരക്ഷണത്തെ മുന്നിൽകണ്ട് ഈ സർവ്വഔഷധിയെ നമ്മുടെ തൊടിയിലേക്കും തീന്മേശയിലേക്കും തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്.
Share your comments