വീട്ടുവളപ്പില്‍ അലങ്കാരവൃക്ഷമായും ഫലസസ്യമായും വളര്‍ത്താവുന്ന ഇനമാണ് ലൗലോലി. ശരിയായ പേര് ലി-ലവി. ഏതാണ്ട് 8 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒരു ചെറുവൃക്ഷം. സസ്യനാമം 'ഫ്‌ളക്കേര്‍ഷ്യ ഇനേര്‍മിസ്'.
ഇന്ത്യയാണ് ലൗലോലിക്കയുടെ ജന്മദേശം. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് ലൗലോലി വളര്‍ത്താന്‍ നമുക്ക് നല്ലത്. വിത്തു പാകി മുളപ്പിച്ചും പതിവച്ചും തൈകള്‍ ഉല്‍പാദിപ്പിക്കാം. രണ്ടടി സമചതുരത്തില്‍ കുഴിയെടുത്ത് അതില്‍ ജൈവവളമോ ചാണകപ്പൊടിയോ ഇട്ട് കുഴി മൂടുക. ഇതില്‍ വേണം തൈ നടാന്‍. പതിവച്ച തൈകള്‍ രണ്ടാം വര്‍ഷം കായ് വരും. വര്‍ഷത്തില്‍ രണ്ട് തവണയാണ് ഇതില്‍ കായ്കള്‍ ഉണ്ടാകുക.
ഉപയോഗങ്ങള്‍
ആഹാരം
ലവ്‌ലോലിക്കക്ക് പുളിപ്പും, മധുരവും ചവര്‍പ്പുമുണ്ട്. പച്ചക്കും, വേവിച്ചും, പഴമായും കഴിക്കാം. ഉപ്പിട്ടുണക്കിയും, വേവിച്ച് കറികളില്‍ ചേര്‍ത്തും, അച്ചാറാക്കിയും ഉപയോഗിക്കുന്നു. കൂടാതെ ജൂസ്, ജാം, സിറപ്പ്, ജെല്ലി, മാര്‍മലേഡ് ഇങ്ങനെയും പ്രയോജനപ്പെടുത്താം.
കഴുകി വൃത്തിയാക്കി ഈര്‍പ്പം മാറ്റിയ ലവ്‌ലോലിക്ക ചെറിയ കഷണങ്ങളായി മുറിച്ച് വിത്തു മാറ്റിയ മിക്‌സിയില്‍ വെള്ളവുമായി ചേര്‍ത്ത് അരക്കുക. ഇത് അരിച്ച്, പഞ്ചസാരയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ജൂസാക്കാം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍. സി യുടെ സാന്നിദ്ധ്യം ഉന്മേഷദായകമാണ്.
ലവ്‌ലോലിക്ക മുറിക്കാതെ കടുക് പൊട്ടിച്ച് കറിവേപ്പിലയും കായപ്പൊടി, ഉലുവപ്പൊടി മുളക് പൊടി എന്നിവയും ചേര്‍ത്ത് ചെറു ചൂടില്‍ വേവിച്ച് അച്ചാറാക്കുകയും ചെയ്യാം.
ജാമുണ്ടാക്കാന്‍ കുരു മാറ്റിയ ലവലോലിക്ക വേവിച്ച പള്‍പ്പില്‍ പഞ്ചസാര ചേര്‍ത്ത് കുറുക്കുകയോ, പഞ്ചസാര സിറപ്പ് ഒഴിക്കുകയോ ചെയ്യണം. തയ്യാറാക്കിയ ജാം ചെറുചൂടോടെ കുപ്പികളില്‍ ശേഖരിക്കാം. ജൂസുണ്ടാക്കാന്‍ ലവലോലിക്ക മിക്‌സിയില്‍ അടിച്ച് അരിച്ച്, നേര്‍പ്പിച്ച്, ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് കുടിക്കണം.
ഔഷധം
ദക്ഷിണേന്ത്യയില്‍ നാട്ടുചികിത്സയില്‍ ലവലോലിയുടെ പഴങ്ങളും ഇലകളും വയറിളക്കത്തിന് മരുന്നായും, ഉണങ്ങിയ ഇലകള്‍ നീര്‍ക്കെട്ടിന് (Bronchitis) ഔഷധമായും, വേരുകള്‍ പല്ലു വേദന കുറയ്ക്കാനും ഉപയോഗിക്കുന്നു. മരത്തെ തൊലിയിലുള്ള ചില പദാര്‍ത്ഥങ്ങള്‍ പൂപ്പലുകള്‍ക്കും ബാക്ടീരിയ പോലുള്ള രോഗാണുക്കള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നതിനാല്‍ തൊലി ചില ആയൂര്‍വേദ ഔഷധങ്ങളിലും ഉപയോഗിക്കുന്നു.
തടി :
വളരെ ഉറപ്പുള്ളതിനാല്‍ മരത്തിന്റെ ചെറിയ കമ്പുകള്‍ വാക്കിംഗ് സ്റ്റിക്കായി ഉപയോഗിക്കുന്നു. ദഹന സഹായിയായും (digestive agent), വ്രണം ഉണങ്ങാനുള്ള ഔഷധ (astringent) മായും വിയര്‍പ്പിക്കാനുള്ള ഔഷധ (diaphoretic) മായും പ്രവര്‍ത്തിക്കുന്ന ലവലോലിക്കയില്‍ അമിനോ ആസിഡുകളും വിറ്റാമിന്‍-സി (ascorbic acid) യും ഊര്‍ജ്ജദായകമായ കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിരിക്കുന്നു.
Share your comments