1. Health & Herbs

മണ്ണിലെ ജൈവാംശങ്ങള്‍ ഒട്ടും നഷ്ടപ്പെടാതെ കളകളെ ഒഴിവാക്കാൻ മൾച്ചിങ്

മണ്ണിലെ ജൈവാംശങ്ങള്‍ ഒട്ടും നഷ്ടപ്പെടാതെ കളകളെ പരിപൂര്‍ണമായി ഒഴിവാക്കി പച്ചക്കറിക്കൃഷി വിജയിപ്പിക്കാന്‍ നല്ലൊരു ഉപാധിയാണ് മള്‍ച്ചിങ്. മള്‍ച്ചിങ് ചെയ്തു കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യം മഴക്കാലമാണ്.

Arun T
മള്‍ച്ചിങ്
മള്‍ച്ചിങ്

മണ്ണിലെ ജൈവാംശങ്ങള്‍ ഒട്ടും നഷ്ടപ്പെടാതെ കളകളെ പരിപൂര്‍ണമായി ഒഴിവാക്കി പച്ചക്കറിക്കൃഷി വിജയിപ്പിക്കാന്‍ നല്ലൊരു ഉപാധിയാണ് മള്‍ച്ചിങ്. മള്‍ച്ചിങ് ചെയ്തു കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യം മഴക്കാലമാണ്. ഷീറ്റിട്ടു തടം മൂടിയതിനാല്‍ മണ്ണും വളവുമൊന്നും ഒലിച്ചു പോകില്ല. കേരളത്തിന്റെ മാറിവരുന്ന കാലാവസ്ഥയില്‍ കൃഷി വിജയിപ്പിക്കാന്‍ വിവിധതരം ഷീറ്റുകള്‍ കൊണ്ടുള്ള മള്‍ച്ചിങ്ങിന് ഏറെ പ്രാധാന്യമുണ്ട്. വിദേശ രാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലും മള്‍ച്ചിങ് രീതിയിലുള്ള കൃഷിക്ക് ഏറെ പ്രചാരമുണ്ട്.

എന്താണ് മള്‍ച്ചിങ്

വര്‍ധിച്ചു വരുന്ന കളകള്‍, മണ്ണിലെ ജൈവാംശങ്ങള്‍ കുത്തിയൊലിച്ചു പോകുകയും കഠിനമായ ചൂടില്‍ ഇവ ബാഷ്പീകരിക്കുകയും ചെയ്യുക, മണ്ണിലെ ഊര്‍പ്പം ഇല്ലായ്മ തുടങ്ങിയവ കൃഷി പരാജയത്തിന് പ്രധാനകാരണങ്ങളാണ്. ഇതിനുള്ള പ്രധാന പരിഹാരമാര്‍ഗമാണ് തടത്തില്‍ ഷീറ്റുകള്‍ പുതപ്പിച്ചു കൃഷി രീതി അഥവാ മള്‍ച്ചിങ്. നിരപ്പായ പറമ്പുകളിലും വെള്ളം കയറാത്ത വയലുകളിലും ഈ കൃഷി രീതി പ്രയോജനപ്പെടുത്തി പച്ചക്കറിക്കൃഷിയില്‍ നിന്ന് ഉല്‍പ്പാദനവും വരുമാനവും വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. തടത്തിലെ മണ്ണിനെ പൂര്‍ണ്ണമായും ഷീറ്റില്‍ പൊതിയുന്നതിനാല്‍ കളകള്‍ വളരില്ലെന്നതാണ് ഈ രീതിയെ വ്യത്യസ്തമാക്കുന്നത്. വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പയര്‍, പടവലം തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഈ രീതിയില്‍ കൃഷി ചെയ്യാം. നിശ്ചിത വീതിയിലും നീളത്തിലും തടങ്ങളെടുത്ത് ഷീറ്റ് വിരിച്ചു ചെറു ദ്വാരങ്ങളുണ്ടാക്കി വിത്തുകളും തൈകളും നടുകയാണ് ചെയ്യുന്നത്.

കൃഷിരീതി എങ്ങനെ

നിരന്ന സ്ഥലങ്ങളാണ് മള്‍ച്ചിങ് രീതിയിലെ കൃഷിക്ക് ഏറെ ഉത്തമം. പരമാവധി വളങ്ങള്‍ കൂട്ടിച്ചേര്‍ത്തു തടം നിര്‍മിക്കാം. ചുരുങ്ങിയതു രണ്ട് അടി വീതിയിലും പരിപാലിക്കാന്‍ പറ്റുന്നയത്ര നീളത്തിലും തടങ്ങള്‍ തയ്യാറാക്കാം. മണ്ണ് നന്നായി കൊത്തിയിളക്കി കല്ലും മറ്റു പാഴ്വസ്തുക്കളും നീക്കം ചെയ്തു മണ്ണിനെ പരമാവധി വായു സഞ്ചാരമുള്ളതാക്കലാണ് ആദ്യപടി. ഉണങ്ങിപ്പൊടിഞ്ഞ ചാണകം, കരിയില, എല്ല് പൊടി, വേപ്പിന്‍പ്പിണ്ണാക്ക് തുടങ്ങിയവയെല്ലാം തടത്തില്‍ എല്ലായിടത്തുമെത്തുന്ന പോലെ വിതറണം. ഇതിനു ശേഷം ഒരടി ഉയരത്തില്‍ വളക്കൂട്ടുകള്‍ മധ്യത്തില്‍ വരുന്ന രീതിയില്‍ നീളത്തോട് നീളം മണ്ണ് കൂട്ടണം. മഴക്കാലത്താണ് ചെയ്യുന്നതെങ്കില്‍ അല്‍പ്പം കൂടി തടത്തിന്റെ ഉയരം കൂട്ടണം. മഴവെള്ളം ഇതിന്റെ ചാലിലൂടെ ഒഴുകി പൊയ്ക്കോളും. തടങ്ങള്‍ തമ്മില്‍ മൂന്ന് അടിയെങ്കിലുമകലം പാലിക്കണം.


ഷീറ്റ് വിരിക്കല്‍

വേഗത്തില്‍ നശിച്ചുപോകാത്തതും പ്രകൃതിക്ക് കോട്ടം തട്ടാത്തതുമായ പലതരം ഷീറ്റുകള്‍ മള്‍ച്ചിങ്ങിനായി ഇന്നു ലഭ്യമാണ്. തടം മുഴുവനായും കവര്‍ ചെയ്യുന്ന രീതിയില്‍ ഷീറ്റ് മുറിച്ചു തടത്തെ പുതപ്പിക്കണം. ഷീറ്റ് തടത്തില്‍ നിന്നു മാറിപ്പോകാതിരിക്കാന്‍ താഴെ ഭാഗത്ത് മണ്ണിട്ട് ഉറപ്പിക്കുകയോ കല്ല് വെച്ചു കൊടുക്കുകയോ ചെയ്യണം. ബെഡിലെ തൈകള്‍ തമ്മില്‍ മൂന്ന് അടിയെങ്കിലും അകലം പാലിച്ചു വേണം നടാന്‍. മൂര്‍ച്ചയുള്ള കത്രിക, ബ്ലെയിഡ് എന്നിവ കൊണ്ട് ചെറു ദ്വാരങ്ങള്‍ ഉണ്ടാക്കി അതിലൂടെയാണ് തൈയോ വിത്തോ നടേണ്ടത്. ഷീറ്റിലെ ദ്വാരം പതിനഞ്ച് സെ.മീ ചുറ്റളവില്‍ ചതുരാകൃതിയില്‍ മുറിക്കുകയാണ് വേണ്ടത്.

തൈ നടലും പരിപാലനവും

വഴുതന, പച്ചമുളക്, തക്കാളി, പയര്‍, കാന്താരിമുളക് തുടങ്ങിയ ഇനങ്ങളുടെ തൈകള്‍ ഷീറ്റിലെ ദ്വാരത്തിലൂടെ ചെറിയ പിള്ള കുഴിയെടുത്തു നടാം. നേരിട്ട് നടുന്ന വിത്തുകളും ഇതിലൂടെ നടാം.

വളപ്രയോഗവും ജലസേചനവും

മള്‍ച്ചിങ് രീതിയിലെ കൃഷിയില്‍ വളങ്ങള്‍ പരമാവധി തടത്തില്‍ നേരത്തെ നല്‍കുന്നതു കൊണ്ട് ചെടികള്‍ കരുത്തോടെ വളര്‍ന്ന് വന്നു കൊള്ളും. മാസത്തിലൊരിക്കല്‍ ഷീറ്റിലെ ദ്വാരത്തിലൂടെ പൊടി രൂപത്തിലുള്ളതോ വെള്ളത്തില്‍ ചേര്‍ത്ത വളങ്ങളോ മുരടില്‍ തട്ടാതെ ഒഴിച്ചു കൊടുക്കാം. ജലസേചനത്തിനായി തുള്ളി നനയോ ട്രിപ്പ് സംവിധാനമോ ഒരുക്കാവുന്നതാണ്. തടത്തിലെ ജലാംശം ബാഷ്പീകരിച്ചു പോകാത്തതുമൂലം ഈര്‍പ്പം നില നില്‍ക്കുന്നതിനാല്‍ ജലസേചനത്തിനായി അധികം വെള്ളം വേണ്ടിവരില്ല.

ഗുണങ്ങള്‍

1. തടത്തിലെ ജൈവാംശങ്ങള്‍ അടങ്ങിയ മണ്ണ് ഒലിച്ചും മറ്റും നഷ്ടപ്പെടുന്നില്ല.

2. കളകളെ തടത്തില്‍ നിന്നും പരിപൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കുന്നു.

3. പച്ചക്കറി തടം ഷീറ്റിട്ട് പുതപ്പിക്കുന്നതിനാല്‍ തടത്തിലെപ്പോഴും ഈര്‍പ്പം നിലനില്‍ക്കുന്നു.

4. തുള്ളി നന, ട്രിപ്പ് സംവിധാനം എന്നിവയൊരുക്കിയാല്‍ ജലസേചനത്തിന് വെള്ളം വളരെ കുറച്ചു മതി.

4. തടം ഷീറ്റ് കൊണ്ടു പുതപ്പിക്കുന്നതിനാല്‍ രോഗ കീട ആക്രമണം വളരെ കുറവായിരിക്കും.

5. തടത്തിലെ മണ്ണില്‍ എപ്പോഴും വായുസഞ്ചാരം നിലനിര്‍ത്താന്‍ മള്‍ച്ചിങ് രീതിയില്‍ സാധിക്കുന്നു. 

English Summary: MULCHING IS GOOD FOR SOIL AND PLANT

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds