പാടത്തും പറമ്പിലും പടർന്നു വളരുന്ന കുടങ്ങലിനെ നമുക്ക് അറിയാം. മഴയത്തും വെയിലത്തും ഒരുപോലെ വളരുന്ന നാട്ടുമരുന്നാണിത് വൃക്കയുടെയോ തലച്ചോറിന്റെയോ ആകൃതിയുള്ള ഇലകൾ മരുന്നായും പച്ചക്കറിയായും ഉപയോഗിക്കാൻ കഴിയുന്ന ദിവ്യസസ്യം! കുടങ്ങലിന്റെ വിശേഷണങ്ങൾ ഇങ്ങനെ നീണ്ടു പോവുന്നു.കുടങ്ങലിനു സ്ഥലബ്രഹ്മി, മുത്തിൾ, കുടവൻ എന്നിങ്ങനെ പേരുകൾ നിരവധിയുണ്ട് മസ്തിഷ്ക രോഗങ്ങളിൽ ഔഷധമായി കുടങ്ങൽ ഉപയോഗിച്ച് വരുന്നു. രണ്ടു തരം കുടങ്ങൽ അഥവാ മുത്തിൾ നമ്മുടെ നാട്ടിൽ കണ്ടുവരുന്നു. മുത്തിളും ( Centella asiatica) കരിമുത്തിളും (Geophila rapens). ഇതിൽ കരിമുത്തിൾ പാറയുടെ മുകളിൽ വളരുന്നവയാണ്. ഇതിനു ഗുണം കൂടുതൽ ഉണ്ട്. ധാതുലവണങ്ങളാൽ സമ്പുഷ്ടമായ ഈ കരിമുത്തിൾ മേധ്യഗുണം കൂടിയതാണ്. സമൂലം ഉപയോഗിക്കാൻ കഴിയുന്ന ഈ മരുന്ന് ഗൃഹ വൈദ്യത്തിലും പ്രധാനിയാണ്. മികച്ച ചർമസംരക്ഷകയാണ് കുടങ്ങൽ.ചൊറി, ചിരങ്ങ് തുടങ്ങിയ ചർമരോഗങ്ങളിൽ കുടങ്ങൽ ഇട്ടു കാച്ചിയ എണ്ണ നന്ന്. ബുദ്ധി വികാസത്തിനും ഓർമയ്ക്കും കുടങ്ങൽ ശീലമാക്കാം.
കുടങ്ങൽ ചേർന്ന നെയ്യ് മേധയെ വർധിപ്പിക്കുന്നു. ആർത്രൈറ്റിസ് പോലെയുള്ള രോഗാവസ്ഥയിൽ കുടങ്ങൽ ചേർന്ന മരുന്നുകൾ ഫലപ്രദമാണ്. മഞ്ഞപിത്തം പോലെയുള്ള കരൾ സംബന്ധമായ രോഗങ്ങൾ വന്നവർക്കു കുടങ്ങൽ കഴിക്കാവുന്നതാണ്. നട്ടെല്ലും തലച്ചോറും എന്നപോലെ രൂപമുള്ള ഈ കുടങ്ങലിനു നാഡീവ്യൂഹസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. കുട്ടികൾക്കുണ്ടാകുന്ന പനി ജലദോഷം എന്നിവയ്ക്ക് കുടങ്ങൽ ഇലയിട്ട് തിളപ്പിച്ച വെള്ളം അത്യുത്തമം ആണ് , മുതിർന്നവർക്കും പ്രായമായവരിലും കണ്ടുവരുന്ന ഡിമെൻഷ്യ ഒരുപരിധിവരെ തടയാൻ മുത്തിൾ സഹായിക്കും . കുടങ്ങൽ ഇല ഉപയോഗിച്ച് ധാരാളം വിഭവങ്ങളും ഉണ്ടാക്കാൻ സാധിക്കും. കുടങ്ങൽ ചപ്പാത്തി, ചമ്മന്തി, ദോശ എന്നിവ വീടുകളിൽ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും കൊടുക്കാറുണ്ട്. കുടങ്ങൽ നീര് ചേർത്ത പാൽ, കുട്ടികൾക്ക് കൊടുത്താൽ ഹെൽത്ത് ഡ്രിങ്ക്നു പകരമായി. ഗർഭിണികളിൽ വിളർച്ച ഉണ്ടെങ്കിൽ കുടങ്ങൽ ആഹാരത്തിൽ ഉൾപെടുത്തുക.മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവികളുടെ അസുഖം മാറാനും കുടങ്ങൽ നന്ന്.കോഴിദീനം വരുമ്പോൾ അവയ്ക്ക് കുടങ്ങൽ ഇലയും മഞ്ഞളും ചേർത്ത് കൊടുക്കാറുണ്ട്.
വളരെ പെട്ടന്ന് വളരുന്ന കുടങ്ങൽ വീട്ടിൽ നട്ടു പിടിപ്പിക്കുന്നത് നന്നായിരിക്കും .വേരോടെ കൂടിയ തണ്ട് മുറിച്ചെടുത്തു ചെടി ചട്ടിയിൽ വളർത്തിയെടുക്കാം. തറനിരപ്പിൽ വളരുന്ന സസ്യമായതുകൊണ്ട് ഏതു സ്ഥലത്തും നന്നായി വളരും. വിഷരഹിതമായ ആഹാരത്തോടൊപ്പം പ്രകൃതിദത്തമായ മരുന്നുകളും നമ്മുടെ കുഞ്ഞുങ്ങൾക്കും ശീലമാവട്ടെ
Share your comments