നീല കലര്‍ന്ന പച്ചയോട് കൂടിയ ഇലകളാല്‍ സമ്പന്നമായ ധാരാളം ശാഖോപശാഖകളുള്ള ഒരു കുറ്റിചെടിയാണ് നീലയമരി. അധികം പരിചരണം ഇല്ലാതെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു ഔഷധസസ്യമായ നീലയമരി ചരല്‍ നിറഞ്ഞ ജൈവാംശവും ഈര്‍പ്പവും നിറഞ്ഞ മണ്ണില്‍ നന്നായി വളരുന്നു. ടെറസ്സുകളിലും മറ്റും മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും വളര്‍ത്താം. നീലയമാരിയുടെ വേരുകളില്‍ ജീവിക്കുന്ന സൂക്ഷ്മ ജീവികള്‍ക്ക് മണ്ണിലെ നൈട്രജന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നതിനാല്‍ ഇത് നടുന്ന സ്ഥലങ്ങളില്‍ മണ്ണിന്‍റെ ഫലഭൂയിഷ്ടതക്ക് വര്‍ധനവ് ഉണ്ടാകും എന്ന പ്രത്യേകത കൂടിയുണ്ട്. വിത്ത് മുളച്ച് ഉണ്ടാകുന്ന തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. നട്ട് ഏകദേശം ഒരു വര്ഷം പ്രായമായ നീലയമരി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു.
വിത്തുകള്‍ വീണു ജലലഭ്യതക്ക് അനുസരിച്ച് മുളച്ച് തൈകള്‍ ഉണ്ടാകും. ചെടിയില്‍ നിന്നും ആവശ്യാനുസരണം ഇലയോട് കൂടിയ ചെറു തണ്ടുകളായി മുറിച്ചെടുത്ത് ഉപയോഗിക്കാം. പൂക്കുന്നതോട് കൂടി ഇലകളുടെ എണ്ണം കുറഞ്ഞു തുടങ്ങും എന്നതിനാല്‍ ഇലകള്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ പൂക്കള്‍ വിരിയുന്നതിന് മുന്‍പായി തന്നെ ഇലകള്‍ ശേഖരിച്ചു വയ്ക്കണം. സാധാരണ ഗതിയില്‍ ചെടി നട്ട് മൂന്നാം മാസം മുതല്‍ ഇലകള്‍ ശേഖരിച്ചു തുടങ്ങാം.
നീലയമരി കേശ സംരക്ഷണത്തിന്
കേശതൈലങ്ങളിൽ പുരാതന കാലംമുതല്ക്കുതന്നെ ചേർക്കുന്ന ഒരു ഘടകമാണ് നീലയമാരി. ഒരു വര്‍ഷത്തിലധികം ആയുസ്സില്ലാത്ത കുറ്റിച്ചെടിയാണ് അമരി. ഇതിൽ വെള്ള, നീല എന്നീ രണ്ടുതരം ചെടികളുണ്ട്. നീലയ്ക്കാണ് ഔഷധപ്രാധാന്യം.
Share your comments