പരിഷ്‌ക്കാരത്തിന്റെ പേരില്‍ നാം സ്വീകരിച്ച കേരളീയമല്ലാത്ത പുതിയ ഭക്ഷണശീലങ്ങള്‍ നമ്മെ അനാരോഗ്യത്തിലും അകാല വാര്‍ദ്ധക്യത്തിലും എത്തിക്കുന്നു. ആരോഗ്യവും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നവര്‍ നാരുകളും ജലാംശവും കൂടിയ വിഷരഹിതവുമായ സമീകൃതവുമായ ആഹാരം ശീലിക്കണം. ഇത് ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ചതുമാകണം.
നാം കഴിക്കുന്ന ജൈവസമീകൃതാഹാരത്തില്‍ അന്നജം, മാംസ്യം, കൊഴുപ്പ്, ലവണങ്ങള്‍, ജീവകങ്ങള്‍, ധാതുക്കള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കും. സമീകൃതാഹാരത്തില്‍ അഥവാ (Balanced diet) ഇവയെല്ലാം നിശ്ചിതഅളവില്‍ തന്നെയാവണം. അല്ലെങ്കില്‍ നമുക്ക് ആരോഗ്യമോ രോഗപ്രതിരോധശേഷിയോ ഉണ്ടാവുകയില്ല. ജീവന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ മുഖ്യം ഭക്ഷണമാണ്. ഭക്ഷണത്തില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജമാണ് ശരീരത്തില്‍ ജീവചൈതന്യം നിലനിര്‍ത്തുന്നത്. ജൈവഭക്ഷണത്തില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജമാകട്ടെ വളരെ ശ്രേഷ്ഠവും. വിഷലിപ്തമല്ലാത്ത, രാസപദാര്‍ത്ഥങ്ങള്‍ ചേരാത്ത രുചിക്കൂട്ടുകളാകണം നമ്മുടെ ഭക്ഷണം. അതുപോലെ ഭക്ഷണം ഒരിക്കലും അമിതമാകാതിരിക്കാനും ശ്രദ്ധ വേണം. ആയുര്‍വേദ വിധിപ്രകാരം ഔഷധഗുണങ്ങളുളള ആഹാരവസ്തുക്കളാണ് നമുക്ക് ജൈവകൃഷിയിലൂടെ ലഭിക്കുന്നത്. ജൈവകൃഷിയിലൂടെ നാം ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും, പഴങ്ങള്‍ക്കും, ധാന്യങ്ങള്‍ക്കുമുളള തനതായ രുചിവിശേഷങ്ങള്‍ നാം ഒന്ന് അനുഭവിച്ചറിയുക തന്നെ വേണം.
മാറിയ ഭക്ഷണശീലങ്ങള്‍ ഇന്ന് ജീവിതശൈലീരോഗങ്ങളായ ഹൃദ്രോഗം, പ്രമേഹം, നെഫ്രെയ്റ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, ഫാറ്റി ലിവര്‍, ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് രോഗം, വിവിധ അര്‍ബുദങ്ങള്‍ എന്നിവയ്ക്ക് വഴിവയ്ക്കുന്നു. അഭ്യസ്തവിദ്യരായ കേരളീയരില്‍ ഈ രോഗങ്ങള്‍ കാണുന്നത് നമ്മുടെ വ്യായാമമില്ലായ്മയും കൃത്രിമ-രാസ ഭക്ഷ്യവസ്തുക്കളുടെ നിരന്തരമായ ആധിക്യവും കാരണമാണെന്ന് പറയാതെ വയ്യ. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച അന്തരീക്ഷത്തില്‍ വളര്‍ന്ന കുഞ്ഞുങ്ങളുടെ ദാരുണാവസ്ഥ കണ്ടും കേട്ടും അറിഞ്ഞും നമുക്ക് ഇവയ്‌ക്കെല്ലാം പരിഹാരമായാണ് ഇന്ന് രാസവള കൃഷി ഉപേക്ഷിക്കാനും വീട്ടു-കൃഷി (അടുക്കളത്തോട്ടം), മട്ടുപ്പാവു കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുവാനും മുന്‍ഗണന നല്‍കണം. ജൈവകൃഷിയിലൂടെ നാം ആര്‍ജ്ജിക്കുന്നത് വ്യായാമം മാത്രമല്ല ജീവവായുവും കൂടിയാണ്. അതുപോലെ ജൈവകൃഷിയിലൂടെ നാം ആസ്വദിക്കുന്ന സംതൃപ്തി നമ്മുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കും.
മനുഷ്യസംസ്‌കാരം വളര്‍ച്ചയുടെ ഉച്ചശ്രേണിയില്‍ എത്തുകയും ശാസ്ത്രം അതിദൂരം പുരോഗമിക്കുകയും ചെയ്തു. എങ്കിലും നല്ല ഭക്ഷണത്തിന്റെ അഭാവത്തില്‍ നമ്മുടെ ആരോഗ്യം ക്ഷയിക്കുന്നതായി കാണുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആഹാരത്തിനു വേണ്ടി നാം വരുത്തുന്ന വിഷലിപ്തമായ പച്ചക്കറികളും ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതുമായ ഫാസ്റ്റ് ഫുഡ്ഡും കൃത്രിമ പാമീയങ്ങളുമൊക്കെ നമ്മെ രോഗാതുരരാക്കുന്നു. ജൈവകൃഷി ശീലമാക്കുക, പ്രാവര്‍ത്തികമാക്കുക. ഇതാണ് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്.
Share your comments