Health & Herbs

ഔഷധച്ചെടികളുടെ സംരക്ഷണം

നമ്മുടെ നാടിന്റേതെന്ന് അവകാശപ്പെടാവുന്ന ചികിത്സാ സമ്പ്രദായമായ ആയുര്‍വേദ ചികിത്സയ്ക്ക് പ്രധാനമായും ആശ്രയിക്കുന്നത് ഔഷധ സസ്യങ്ങളെയാണ്.  ആരോഗ്യസംരക്ഷണത്തിനായി പുരാതനകാലം മുതല്‍ക്കേ മനുഷ്യര്‍ സസ്യങ്ങളെ ഉപയോഗിച്ചിരുന്നു. ഏതാണ്ട് രണ്ടായിരത്തോളം സസ്യങ്ങള്‍ ഔഷധമായി ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ആരോഗ്യവാന് ആഹാരപ്രധാനമായും രോഗാവസ്ഥയില്‍ ഔഷധപ്രധാനമായും സസ്യങ്ങളോ അവയില്‍നിന്നുള്ള ഉത്പന്നങ്ങളോ ഉപയോഗപ്പെടുത്തുന്നു.

ഔഷധസസ്യങ്ങളുടെ കലവറയാണ് വനങ്ങള്‍. വനനശീകരണം കാലാവസ്ഥയില്‍ താളപ്പിഴകള്‍ വരുത്തുന്നതു കൂടാതെ നമ്മുടെ വിലയേറിയ ഔഷധസമ്പത്ത് നശിപ്പിക്കുകയും ചെയ്യുന്നു. വനമഹോത്സവം ഉത്സവമായി കൊണ്ടാടിയാല്‍ മാത്രം ഔഷധങ്ങളെ സംരക്ഷിക്കുവാന്‍ സാധിക്കുകയില്ല. അതിനായി പ്രത്യേക കര്‍മപരിപാടി ആവിഷ്‌കരിച്ചേ മതിയാകൂ. സാമൂഹിക വനവത്കരണ പരിപാടികളില്‍പ്പോലും ഔഷധസസ്യങ്ങള്‍ക്ക് പ്രാധാന്യം കല്പിച്ചുകാണുന്നില്ല.അതിനാല്‍ ഔഷധങ്ങളെ സംരക്ഷിച്ചു വളത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആളുകളെ ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു. അങ്ങിനെ വ്യക്തികളും സമൂഹവും ഇതിന്റെ പ്രാധാന്യത്തെപ്പറ്റി പൂര്‍ണ ബോധവാന്മാരായാല്‍ മാത്രമേ ഔഷധസസ്യസംരക്ഷണം വിജയകരമായിത്തീരുകയുള്ളൂ.

സസ്യൗഷധങ്ങള്‍, ജംഗമൗഷധങ്ങള്‍, പാര്‍ഥിമൗഷധങ്ങള്‍ എന്നിങ്ങനെ ആയുര്‍വേദ ഔഷധങ്ങളെ സാമാന്യേന മൂന്നായി തരംതിരിച്ചിരിക്കുന്നു. മണ്ണിനെ പിളര്‍ന്നു വളരുന്നവ എന്ന അര്‍ഥത്തില്‍ സസ്യൗഷധങ്ങളെ ഔദ്ഭിദങ്ങള്‍ എന്നും വിളിക്കുന്നു. കുറുന്തോട്ടി, തഴുതാമ, കയ്യോന്നി എന്നിവ ഇവയ്ക്കുദാഹരണങ്ങളാണ്. ജന്തുക്കളില്‍ നിന്നും കിട്ടുന്ന പാല്‍, കൊമ്പ്, കുളമ്പ്, പല്ല്, മാംസം, തേന്‍ മുതലായവയാണ് ജംഗമദ്രവ്യങ്ങള്‍. രസങ്ങള്‍, ലോഹങ്ങള്‍, ലവണങ്ങള്‍ മുതലായ ഖനിജപദാര്‍ഥങ്ങള്‍ പാര്‍ഥിവ വിഭാഗത്തിലുള്‍പ്പെടുന്നു. ഇവയില്‍ ജംഗമങ്ങളും പാര്‍ഥിവങ്ങളുമായ ദ്രവ്യങ്ങളെ ഔഷധരൂപേണ ഉപയോഗിക്കുന്നതിനുമുമ്പായി ചില സംസ്‌കരണങ്ങള്‍കൂടീയേ തീരൂ. അതിന് ഏറെക്കുറെ സസ്യൗഷധങ്ങളെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു. സസ്യൗഷധങ്ങളാകട്ടെ തനിച്ചും മറ്റ് ഔഷധങ്ങളോടു ചേര്‍ത്ത് സംസ്‌കരിച്ചും പ്രയോഗിക്കാം. സസ്യൗഷധങ്ങളുടെ ഈ സവിശേഷത മൂലം അവയ്ക്ക് കൂടുതല്‍ പ്രാധാന്യവുമുണ്ട്. ഒറ്റയ്ക്ക് അല്ലെങ്കില്‍ തനിച്ചുപയോഗിക്കാവുന്നത് എന്ന അര്‍ഥത്തില്‍

ഒറ്റമൂലികള്‍ സസ്യൗഷധവിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ എല്ലാ സസ്യൗഷധങ്ങളും ഒറ്റമൂലികളായി ഉപയോഗിക്കാന്‍ സാധിക്കുകയില്ല.ധാരാളം ഔഷധ സസ്യങ്ങളെപ്പറ്റി ആയുര്‍വേദഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ഔഷധ ചികിത്സയില്‍ അദ്വിതീയനായിരുന്ന ചരകാചാര്യന്‍ സസ്യൗഷധങ്ങളെ വനസ്പതി, വാനസ്പത്യം, വീരുത്തുകള്‍, ഔഷധി എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. ഫലങ്ങളോടുകൂടിയ സസ്യങ്ങളാണ് വനസ്പതികള്‍. പൂവുകൂടാതെ കായ്ക്കുന്ന അത്തി, ആല്‍, പ്ലാവ് മുതലായ വലിയവൃക്ഷങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. പുഷ്പങ്ങളുണ്ടായി പിന്നീടവയെല്ലാം ഫലങ്ങളായിത്തിരുന്ന മാവ്, കൂവളം മുതലായ വൃക്ഷങ്ങള്‍ക്ക് വാനസ്പത്യങ്ങള്‍ എന്നു പറയുന്നു. ഔഷധികളാകട്ടെ 'ഫലപാകാന്ത'ങ്ങളാണ്. അതായത് ഫലങ്ങള്‍ക്ക് മൂപ്പു തികഞ്ഞാല്‍ സസ്യം നശിക്കും. നെല്ല്, വാഴ മുതലായവ ഈ ഇനത്തില്‍പ്പെടുന്നു. പടര്‍ന്നുപിടിച്ചും ചുറ്റിപ്പിണഞ്ഞുമിരിക്കുന്ന വള്ളികള്‍ക്കുള്ള പേരാണ് വീരുത്തുകള്‍. ചിറ്റമൃത്, മുന്തിരിങ്ങ, കുമ്പളം മുതലായ ലതാഭേദങ്ങള്‍ ഈ വര്‍ഗത്തില്‍പ്പെടുന്നു. ഏതെല്ലാം ചെടികളുടെ ഏതെല്ലാം ഭാഗങ്ങളാണ് ഔഷധത്തിന് ഉപയോഗിക്കേണ്ടത് എന്നത് ആയുര്‍വേദത്തില്‍ വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. അതായത് എല്ലാ ചെടികളുടെയും എല്ലാ ഭാഗവും ഔധഷയോഗ്യമല്ല.
ശരീരത്തില്‍ പ്രത്യേക ധര്‍മത്തോടുകൂടിയ വിശിഷ്ട കര്‍മങ്ങള്‍ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് ഔഷധങ്ങളെ പല ഗണങ്ങളായി തരംതിരിച്ചിട്ടുണ്ട്. കുഷ്ഠഘ്‌നം അഥവാ ചൊറിച്ചില്‍ മാറ്റുന്നത്, വര്‍ണ്യം അഥവാ ശരീരത്തിന്റെ നിറത്തെ നന്നാക്കുന്നത്, കൃമിഘ്‌നം അഥവ കൃമിയെ നശിപ്പിക്കുന്നത്, കണ്ഠ്യംഅല്ലെങ്കില്‍ കണ്ഠഭാഗത്തിനും തദ്വാരാ ശബ്ദത്തിനും നല്ലത് എന്നിങ്ങനെയായി ചരകാചാര്യന്‍ 50 ഗണങ്ങളെ പറയുന്നു.  ഇവ ഓരോ ഗണത്തിലും 10 മരുന്നുകള്‍ വീതം അടങ്ങുന്നതാണ്. സുശ്രതാചാര്യന്‍ 760 ഔഷധങ്ങളെ 30 ഗഗണങ്ങളുമായി തരംതിരിച്ചിരിക്കുന്നു.

ആകൃതിയേയോ ചില വിശിഷ്ട ധര്‍മങ്ങളെയോ പ്രധാനമാക്കിക്കൊണ്ട് ഔഷധികള്‍ക്ക് പേര് കൊടുക്കുന്നതില്‍ ആചാര്യന്മാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. 'ആഖ്യകര്‍ണി' അഥവാ 'എലിച്ചെവി' എന്ന് മലയാളത്തില്‍ പേരുള്ള ഈ ചെടിയുടെ ഇലകള്‍ക്ക് എലിയുടെ ചെവിയോട് സാമ്യമുണ്ട്. 'ഉഗ്രഗന്ധം' - തീഷ്ണഗന്ധമുള്ളതിനാല്‍ വയമ്പിന് ഈ പേര്‍ കൊടുത്തു. ശംഖുപുഷ്പത്തിന് ഗോകര്‍ണി, തൊട്ടാവാടിക്ക് ലജ്ജാലു എന്നീ പേരുകളും മൂന്നു മുള്ളുകളുള്ള ഞെരിഞ്ഞിലിന് ത്രികണ്ടകമെന്നും പേരുകൊടുത്തു. കൃമിഘ്‌നം അല്ലെങ്കില്‍ കൃമിയെ നശിപ്പിക്കുന്നത് എന്ന പേര് വിഴാലരിക്കാണ്. ദദ്രു എന്ന ത്വക്ക് രോഗത്തെ നശിപ്പിക്കുന്നതിനാല്‍ തകരയ്ക്ക് ദദ്രുഘ്‌നം എന്ന് പേരു കിട്ടി. വൃക്കകളിലും മൂത്രാശയത്തിലുമുള്ള കല്ലുകളെ അലിയിച്ചുകളയുന്ന കല്ലൂര്‍വഞ്ചിക്ക് 'പാഷാണഭേദി' എന്ന പേര് യോജിച്ചതാണ്. ശോഫത്തില്‍ അല്ലെങ്കില്‍ നീരില്‍ ഫലപ്രദമായ തഴുതാമയുടെ പേരെന്താണെന്നോ - ശോഫഘ്‌നി. ഇത് ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്.
സസ്യൗഷധങ്ങള്‍ ഓരോന്നിന്റെയും സ്വരൂപം, ഗുണധര്‍മങ്ങള്‍, മുതലായവയെപ്പറ്റി പ്രതിപാദിക്കുന്ന ആധീകാരിക ഗ്രന്ഥങ്ങള്‍ പലതുണ്ട്. സുശ്രുതസംഹിത, ചരകസംഹിത, അഷ്ടാംഗ സംഗ്രഹം, അഷ്ടാംഗഹൃദയം എന്നിവയെക്കൂടാതെ ഔഷധങ്ങളെപ്പറ്റി മാത്രം വിവരിക്കുന്ന ധന്വന്തരിനിഘണ്ടു, രാജനിഘണ്ടു, ശാര്‍ങ്ഗധര സംഹിത, ഭൈഷജ്യരത്‌നാവലി എന്നിവ ഇവയില്‍ ചലതുമാത്രം.

ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ആരോഗ്യസംരക്ഷണോപാധികള്‍ക്കും, വര്‍ധനവ് ആവശ്യമാണല്ലോ. വര്‍ധിച്ചുവരുന്ന വൈദ്യശാലകള്‍ക്കെല്ലാം ഔഷധങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഔഷധസസ്യങ്ങളാകട്ടെ കുറഞ്ഞുവരുന്നു. അതിനാല്‍ ഇവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഔഷധസസ്യങ്ങള്‍ നിര്‍ബന്ധമായും വച്ചുപിടിപ്പിക്കണം. അതിനായി ഏതാനും നിര്‍ദേശങ്ങള്‍ പറയാം.

1. വീട്ടുമുറ്റത്തും പരിസരങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും കാണുന്ന ആര്യവേപ്പ്, തുളസി, ശംഖുപുഷ്പം, തഴുതാമ തുടങ്ങിയ ഔഷധസസ്യങ്ങളെ നശിപ്പിക്കാതിരിക്കുകയും അവ കൂടുതലായി വ്യവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.

2. സാമൂഹിക വനവത്കരണ പരിപാടിയിലുള്‍പ്പെടുത്തി ദേശീയപാതയുടെ വശങ്ങളിലും പുറമ്പോക്കു ഭൂമിയിലും അക്കേഷ്യക്കും മാഞ്ചിയത്തിനും പകരം കൂവളവും, നീര്‍മരുതും വേപ്പും മറ്റും വച്ചുപിടിപ്പിക്കുക. വനവത്കരണം എന്നതിലുപരി ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ഉപകരിക്കും.

3. ഔഷധസസ്യങ്ങള്‍ വളര്‍ത്തി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെയും ബോധവാന്മാരാക്കാന്‍ സ്‌കൂള്‍പാഠപുസ്തകങ്ങളില്‍ ഈ വിഷയം ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ സ്‌കൂള്‍ മുറ്റങ്ങളിലും ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിക്കാം. ഇതിന് 'എീൃലേെൃ്യ രഹൗയ' പോലുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ക്ലബ്ബുകള്‍ രൂപീകരിക്കാം. ഔഷധസസ്യങ്ങളെ ഓരോന്നിനെയും തിരിച്ചറിയുവാനുള്ള അറിവ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാവുന്നതാണ്.
4. വംശനാശം സംഭവിക്കാനിടയുള്ള അത്യപൂര്‍വ സസ്യങ്ങള്‍ ടിഷ്യൂകള്‍ച്ചര്‍ തുടങ്ങിയ ആധുനിക മാര്‍ഗങ്ങളുപയോഗിച്ച് സംരക്ഷിക്കുക.

5. ഡി.എ.വു.പി., ദൂരദര്‍ശന്‍, എ.ഐ.ആര്‍ തുടങ്ങിയ ഗവണ്‍മെന്റ് ദൃശ്യ-ശ്രവ്യമാധ്യമങ്ങള്‍ ഈ വിഷയതതിന് അതീവ പ്രാധാന്യം കൊടുത്ത് പരസ്യം നല്‍കേണ്ടതാണ്.
സര്‍വസാധാരണയായി നമ്മുടെ പറമ്പുകളിലും വീട്ടുമുറ്റത്തും കാണുന്ന ചില ഔഷധ സസ്യങ്ങളെ ഞാന്‍ പരിചയപ്പെടുത്താം. 
തുളസി
നമുക്കെല്ലാം സുപരിചിതവും പൂജാപുഷ്പമായി ഉപയോഗിക്കുന്നതും പാവനവുമായ ഒരുചെടിയാണ് തുളസി. പ്രധാനമായി കറുത്ത തുളസി, വെളുത്ത തുളസി എന്നിങ്ങനെ രണ്ടിനമുണ്ട്. ഇതില്‍ കൃഷ്ണതുളസിയാണ് ഔഷധഗുണം കൂടുതലുള്ളത്. പനിയെ ശമിപ്പിക്കുന്നു, ഉദരക്രിമിയെ നശിപ്പിക്കുന്നു, രുചി വര്‍ധിപ്പിക്കുന്നു, തേള്‍വിഷം, ചിലന്തിവിഷം ഇവയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നു. തുളസിയുടെ നീര് അഞ്ചു മില്ലി വീതം അല്പം തേനും ചേര്‍ത്ത് ഉപയോഗിക്കുന്നത് പനി, ചുമ ഇവയെ ശമിപ്പിക്കും. പഴുതാര, കടന്തല്‍, ചിലന്തി തുടങ്ങിയ വിഷജന്തുക്കള്‍ കടിച്ചാല്‍ തുളസിയിലയും മഞ്ഞളും സമമെടുത്ത് മുറിവില്‍ പുരട്ടുന്നതും ഇതുതന്നെ അകത്തേക്കു സേവിക്കുന്നതും യാതൊരു വൈദ്യോപദേശവും കൂടാതെ ചെയ്യാം. തുളസിയില മുടിയില്‍ തിരുകുന്നതും ധാരാളം തുളസിയിലകള്‍ തലയിണക്കരികെ ഉറങ്ങുമ്പോള്‍ വിതറുന്നതും തലയിലെ പേന്‍ നശിപ്പിക്കാന്‍ ഉതകും. തുളസിയിലനീരും കല്‍ക്കണ്ടവും ചേര്‍ത്ത് സേവിക്കുന്നത് ജലദേഷത്തിനും ചുമയ്ക്കും ഫലപ്രദമാണ്.തുളസിയിലെ നീര് ഉപ്പുചേര്‍ത്ത് സേവിക്കുന്നത് ദഹനശക്തി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.

മഞ്ഞള്‍
ശക്തമായ വിഷഹരൗഷധം. നാം കറികളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് നിറം ലഭിക്കാന്‍ വേണ്ടി മാത്രമല്ല, ആഹാരത്തിലെ വിഷവസ്തുക്കള്‍ മഞ്ഞളിന്റെ ഔഷധവീര്യത്താല്‍ നശിപ്പിക്കും. മഞ്ഞള്‍ച്ചെടിയുടെ കിഴങ്ങാണ് ഔഷധയോഗ്യമായ ഭാഗം. മഞ്ഞള്‍ ചര്‍മകാന്തി വര്‍ധിപ്പിക്കും. വിഷഹരമാണ്. അരുചിയെ നശിപ്പിക്കുന്നു. മഞ്ഞള്‍പ്പൊടി നെല്ലിക്കാനീരില്‍  ചേര്‍ത്ത് സേവിക്കുന്നത് പ്രമേഹത്തിന് നല്ല ഔഷധമാണ്. മഞ്ഞള്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് അരച്ച് അല്പം ഇന്ദുപ്പും ചേര്‍ത്ത് ചൂടാക്കി മുറമേ പുരട്ടുന്നത് ചതവ്, വീക്കം എന്നിവയ്ക്ക് ഫലപ്രദമാണ്. പച്ചമഞ്ഞള്‍ വേപ്പെണ്ണയില്‍ അരച്ചു പുരട്ടുന്നത് കുഴിനഖത്തിന് നല്ല ചികിത്സയാണ്. മഞ്ഞളും ചെറുപയറും തെറ്റിപ്പൂവും ഉണക്കിപ്പൊടിച്ച് തേച്ചുകുളിക്കുന്നത് സൗന്ദര്യവര്‍ധകമാണ്. മുഖക്കുരു, ചുണങ്ങ് ഇവ മാറും. പീനസം, മൂക്കില്‍ കൂടി അധികമായി പഴുപ്പും കഫുമിരുന്ന് മൂക്കടയുക തുടങ്ങിയ അസുഖങ്ങള്‍ക്ക് പച്ചമഞ്ഞള്‍ അരച്ച് തുണിയില്‍ പുരട്ടി ഉണക്കി തിരിയാക്കി വേപ്പണ്ണയില്‍ മുക്കി കത്തിച്ച് ആ പുക മൂക്കിലൂടെ വലിക്കുന്നത് ഫലപ്രദമാണ്.
ശംഖുപുഷ്പം
ബുദ്ധിയെയും ഓര്‍മശക്തിയെയും വര്‍ധിപ്പിക്കുന്ന ഔഷധം. കൂടാതെ ഇത് പനി കുറയ്ക്കും, ഉറക്കം ക്രമമാക്കും, ശരീരബലം വര്‍ധിപ്പിക്കും, മാനസികരോഗചികിത്സയില്‍ ഉപയോഗിക്കാം. കുട്ടികളില്‍ ബുദ്ധിശക്തി, ഓര്‍മശക്തി ഇവ വര്‍ധിപ്പിക്കാന്‍ രണ്ടു ഗ്രാം ശംഖുപുഷ്പത്തിന്റെ പച്ചവേര് അരച്ചെടുത്ത് വെണ്ണയില്‍ ചലിച്ച് സേവിക്കുന്ന്ത വളരെ ഫലപ്രദമാണ്. ഇതുതന്നെ കഷായം വച്ച് ഉപയോഗിക്കുന്നത് ഉറക്കമില്ലായ്മ, മദ്യപാനാസക്തി ഇവയ്ക്ക് നല്ലതാണ്. മനോരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങളില്‍ മിക്കവാറും എല്ലാത്തിലും ശംഖുപുഷ്പം ഒരു പ്രധാന ഘടകമാണ്.

തഴുതാമ
റോഡകരികിലും പാഴ് സ്ഥലങ്ങളിലും യാതൊരു ശ്രദ്ധയും കട്ടാതെ വളരുന്ന തഴുതാമ ആയുര്‍വേദ വൈദ്യന്മാര്‍ക്ക് വിലപ്പെട്ടതാണ്. ഇതിന്റെ വേരും ഇലയുമാണ് ഔഷധയോഗ്യഭാഗങ്ങള്‍. തഴുതാമ മൂത്രവിസര്‍ജനം ത്വരിതപ്പെടുത്തുകയും അതുമൂലം നിര് വറ്റിക്കുകയും ചെയ്യും. ഹദ്രോഗികള്‍ക്ക് പ്രയോജനകരമാണ് മദ്യം അധികം കഴിച്ചിട്ടുണ്ടാകുന്ന കരള്‍രോഗങ്ങളില്‍ തഴുതാമ ചതച്ച് കഷായം വച്ച് പാലുംചേര്‍ത്ത് സേവിക്കുന്നത് ഫലപ്രദമാണ്.തഴുതാമയുടെ ഇല തോരന്‍ വച്ചു കഴിക്കുന്നത് നീര്, രക്താതിമര്‍ദം ഇവ കുറയ്ക്കാന്‍ സഹായിക്കും. എല്ലാ വൃക്കരോഗങ്ങളിലും തഴുതാമ ഉപയോഗിക്കാവുന്നതാണ്. ഈ ചെടി ഇടിച്ചുപിഴിഞ്ഞ് നീര് അര ഔണ്‍സ് വീതം രണ്ടു നേരം സേവിക്കുന്നത് മുന്‍പറഞ്ഞ അസുഖങ്ങളെ ശമിപ്പിക്കുന്നതുകൂടാതെ ആരോഗ്യം നിലനിര്‍ത്താനും ഉപയോഗയോഗ്യമാണ്. അതായത് തഴുതാമയ്ക്ക് രസായനപരമായ ഗുണമുണ്ടെന്നര്‍ഥം.

മുത്തങ്ങ
നമ്മുടെ മുറ്റത്തും വയലോരങ്ങൡും മറ്റും വളരുന്ന മുത്തങ്ങ അതിസാരം ശമിപ്പിക്കുന്ന ഔഷധങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ്. ഇതിന്റെ കിഴങ്ങാണ് ഔഷധമായി ഉപയോഗപ്പെടുത്തുന്നത്. മുലപ്പാല്‍ വര്‍ധിപ്പിക്കാനും ദഹനശക്തിയെ നന്നാക്കുവാനും പനി ശമിപ്പിക്കുവാനും ഈ ഔഷധം പ്രയോജനപ്പെടുന്നു. മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് മൂന്നു ഗ്രാം തേന്‍ ചേര്‍ത്ത് മൂന്നു നേരവും സേവിക്കുന്നത് വയറിളക്കം, വയറുകടി, ദഹനക്കുറവ് എന്നിവ ശമിപ്പിക്കും. മുത്തങ്ങ കഷായം പനി ശമിപ്പിക്കും. കൊച്ചു കുട്ടികളിലുണ്ടാകുന്ന വയറിളക്കത്തിന് മുത്തങ്ങ അരച്ച് മുലപ്പാലില്‍ ചേര്‍ത്ത് കൊടുക്കുന്നത് പെട്ടെന്ന് ഫലം ചെയ്യും. മുത്തങ്ങയും ഇഞ്ചിയും അരച്ച് തേനില്‍ സേവിക്കുന്നത് ദഹനസംബന്ധമായ മിക്ക അസുഖങ്ങള്‍ക്കും നല്ലതാണ്. കുട്ടികൡ വരിശല്യത്തിനും മുത്തങ്ങ ഉപയോഗിക്കാം.
മുരിങ്ങ
ശിഗ്രു എന്ന് സംസ്‌കൃതത്തില്‍ അറയപ്പെടുന്ന മുരിങ്ങ ഇന്ത്യയിലുടനീളം സമൃദ്ധമായി ശാഖോപശാഖകളായി വളരുന്ന വൃക്ഷമാണ്. അവിയലും സാമ്പാറും വയ്ക്കാനുപയോഗിക്കുന്ന മുരിങ്ങക്കോല്‍ ഔഷധഗുണമുള്ളതാണ്. മുരിങ്ങയിലനീര് തേന്‍ചേര്‍ത്ത് സേവിക്കുന്നതും മുരിങ്ങയില തോരന്‍ ഉപയോഗിക്കുന്നതും രക്തസമ്മര്‍ദം കുറയാന്‍ സഹായകമാണ്. മുരിങ്ങയുടെ വേര് കഷായം വച്ചു സേവിക്കുന്നത് മൂത്രസഞ്ചിയിലും മറ്റും വരുന്ന കല്ലുകള്‍ അലിഞ്ഞുപോകുവാനും മൂത്രതടസ്സം മാറാനും പ്രയോജനകരമാണ്. മുരിങ്ങയിലയും ഉപ്പും ചേര്‍ത്തരച്ച് പുറമെ പുരട്ടുന്നതു നീര്, വീക്കം ഇവ ശമിക്കും. മുരിങ്ങവേര്ര്‍ കഷായം സ്ത്രീകളില്‍ ആര്‍ത്തവസംബന്ധമായ വയറുവേദനയ്ക്ക് പരിഹാരമാണ്. വിറ്റമിന്‍-എ അടങ്ങിയ സസ്യമായതിനാല്‍ മുരിങ്ങയില കറിവച്ചുപയോഗിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താനും നന്ന്. മുരിങ്ങത്തളിര് ചതച്ച് തേന്‍ചേര്‍ത്ത് കണ്ണില്‍ പുരട്ടിയാല്‍ ചെങ്കണ്ണ്, കണ്ണു ചൊറിച്ചില്‍ ഇവ ശമിക്കും.


ആയുര്‍വേദം വെറുമൊരു വൈദ്യശാസ്ത്രം മാത്രമല്ല അതിനുമപ്പുറം പരിസ്ഥിതിക്കുപോലും പ്രാധാന്യം കൊടുക്കുന്ന ഒരു സമ്പൂര്‍ണ ജീവശാസ്ത്രംകൂടിയാണ്. വിലയേറിയ ഔഷധ സസ്യങ്ങളെ തിരിച്ചറിയേണ്ടതും അവയെ സംരക്ഷിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. വേണ്ടരീതിയില്‍ സംരക്ഷിക്കപ്പെടാതിരുന്നാല്‍ അവയില്‍ പലതും നശിച്ചുപോകും. നമ്മുടെ പൂര്‍വികന്മാര്‍ നമുക്ക് കൈമാറിത്തന്ന ചെടികളെയും ലതകളെയും വൃക്ഷങ്ങളെയും കേടുകൂടാതെ അടുത്ത തലമുറയെ ഏല്‍പിക്കേണ്ട കടമയെങ്കിലും നമുക്കുണ്ടല്ലോ. 'ലോകാസമസ്താ സുഖിനോ  ഭവന്തു' എന്നും 'സര്‍വേസന്തുനിരാമയ' എന്നും മനുഷ്യരാശിക്കുമാത്രമല്ല സര്‍വചരാചരങ്ങള്‍ക്കും ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും വരെ ആരോഗ്യവും ആയുസ്സും സുഖവും ആഗ്രഹിച്ചിരുന്ന ഋഷീശ്വരന്മാര്‍ ജീവിച്ചിരുന്ന നാടാണല്ലോ നമ്മുടേത്.
കോയമ്പത്തൂര്‍ ആര്യവേദ്യ ഫാര്‍മസി ചീഫ് ഫിസിഷ്യനാണ് ലേഖകന്‍, ഫോണ്‍: 99401329

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox