1. Health & Herbs

ചുവന്ന ചോറിനെന്താ കൊമ്പുണ്ടോ?

കേരളീയരുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് ചോറ്. ചോറ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരി പ്രധാനമായും രണ്ടു തരത്തിലുള്ളതാണ്. വെളുത്ത അരിയും ചുവന്ന അരിയും.

Rajendra Kumar

കേരളീയരുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് ചോറ്. ചോറ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരി പ്രധാനമായും രണ്ടു തരത്തിലുള്ളതാണ്. വെളുത്ത അരിയും ചുവന്ന അരിയും. ശരാശരി മലയാളി തുമ്പപ്പൂ പോലുള്ള വെള്ളച്ചോറായിരിക്കും കഴിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ആരോഗ്യത്തിന് ഏതരിയാണ് നല്ലത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാകാനിടയില്ല. തവിട് കളഞ്ഞു വരുന്ന അരിയാണ് വെളുത്ത ചോർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇതിൽ കാര്യമായി അന്നജം മാത്രമേ ഉണ്ടാകൂ. ചുവന്ന അരിയാണെങ്കിൽ തവിട് കളയാത്ത താണ് എന്ന് മനസ്സിലാക്കാം. ഗുണത്തിന്റെ കാര്യത്തിൽ വെളുത്ത അരിയേക്കാൾ എത്രയോ മടങ്ങ് ഗുണമുള്ളതാണ് ചുവന്ന അരി. ചുവന്ന അരിയിൽ ജീവകങ്ങളും വെള്ളത്തിൽ അലിയാത്ത നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

അരിയുടെ ഏറ്റവും ഗുണമുള്ള ഭാഗം അതിൻറെ തവിടു തന്നെയാണ്. ശരീരത്തിൻറെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബി കോംപ്ലക്സ് ഘടകങ്ങൾ അടങ്ങുന്ന ഒരു ധാന്യമാണ് അരി. തയമിൻ, റെബോഫ്ലവിൻ, നിയാസിൻ എന്നിവയും അരിയിൽ സമൃദ്ധമാണ്. രക്തത്തിലുള്ള പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് നിയന്ത്രിക്കാൻ ചുവന്ന അരിയിലെ നാരുകൾക്ക് സാധിക്കും. ഗ്ലൈസീമിക് ഇൻഡക്സ് കുറവുള്ള ഒരു ഭക്ഷണമാണ് ചുവന്ന അരി. ഒരേ അളവിൽ ഗ്ലൂക്കോസും മറ്റേതെങ്കിലും ഒരു ഭക്ഷണവും കഴിക്കുമ്പോൾ ഉണ്ടാകുന്ന  വ്യത്യാസത്തെ ആണ് ഗ്ലൈസീമിക് ഇൻഡക്സ് എന്ന് പറയുന്നത് .അതുകൊണ്ട് പ്രമേഹരോഗികൾക്ക് വെളുത്ത ചോറിനേക്കാൾ നല്ലത് തവിടുള്ള ചുവന്ന അരിയുടെ ചോറാണ്.

 

ചുവന്ന അരിയിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവുകൾ നിയന്ത്രിക്കുന്നതിന് പുറമേ കോൺസ്റ്റിപ്പേഷൻ തടഞ് ശരിയായ ശോധന നൽകുന്നു. ഈ നാരുകൾ കുടലിലെ അർബുദത്തിനെ ചെറുക്കാനും കഴിവുള്ളതാണെന്ന് പഠനങ്ങൾ പറയുന്നു.

ചോറ് പാകം ചെയ്യുന്നതിനു മുമ്പ് അരി പലതവണ കഴുകുന്ന ശീലം ഒഴിവാക്കണം. ഓരോ പ്രാവശ്യം കഴുകുമ്പോഴും അതിലെ പോഷകാംശങ്ങൾ നഷ്ടപ്പെടുന്നു എന്നുള്ളതിനാലാണ് ഇങ്ങനെ നിർദേശിക്കുന്നത്.കൂടുതൽ തവണ കഴുകിയാൽ 60 ശതമാനത്തോളം പോഷകഘടകങ്ങൾ നഷ്ടപ്പെടുന്നു എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. കൂടുതൽ ജലത്തിൽ അരി പാകം ചെയ്തു കഞ്ഞി വെള്ളം ഊറ്റി കളഞ്ഞാൽ ഏതാണ്ട് പോഷകഗുണം പൂർണ്ണമായും നഷ്ടപ്പെടും. ഒരു കപ്പ് അരി എടുക്കുകയാണെങ്കിൽ 2 കപ്പ് വെള്ളം ഉപയോഗിച്ചാൽ മതിയാകും. അങ്ങിനെയാകുമ്പോൾ പോഷകഗുണം നഷ്ടപ്പെടുമെന്ന പേടി വേണ്ട.

 

ഒന്നിൽ കൂടുതൽ തവണ വെള്ളം തിളപ്പിച്ച് അരി കഴുകുകയാണെങ്കിൽ  പ്രമേഹരോഗികൾക്ക് ധാരാളം ചോറ് കഴിക്കാം എന്ന് പറഞ്ഞുകേൾക്കാറുണ്ട്. ഇത്‌ തികച്ചും അബദ്ധമാണ്. അതുകൊണ്ട് കഞ്ഞി വെള്ളം ഊറ്റി കളയുന്നതിനു പകരം വറ്റിച്ച് എടുക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുമ്പോൾ പോഷകഗുണങ്ങൾ  നഷ്ടപ്പെടില്ല.

വെളുത്ത ചോറുണ്ണുന്നവരിൽ സാധാരണ കണ്ടുവരുന്ന ഒരു രോഗമാണ് ബെറിബെറി. ഇത് രണ്ടു തരമുണ്ട്. ഹൃദയാരോഗ്യം മോശമായി ശ്വാസംമുട്ടുന്ന അവസ്ഥയാണ് ഒന്നാമത്തേത്. ഇതിനെ വെറ്റ് ബെറിബെറി എന്നാണ് പറയുക. നാഡീ ഞരമ്പുകൾക്ക്  കേടുപാടുകൾ പറ്റി കാലുകൾക്ക് തരിപ്പും പെരുപ്പും അനുഭവപ്പെടുന്ന അവസ്ഥയാണ് രണ്ടാമത്തേത്. ഇത് ഡ്രൈ ബെറിബെറി എന്നും അറിയപ്പെടുന്നു. ഈ രണ്ട് അവസ്ഥകളും ഒഴിവാക്കാൻ ചുവന്ന അരി തന്നെയാണ് ശുപാർശ ചെയ്യപ്പെടുന്നത്

English Summary: Red rice is very nutritious

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds