സാമ്പാർ ചീരയെന്നാണ് പേരെങ്കിലും സാമ്പാറിനോടുള്ളതിന്റെ ഒരംശം പോലും ഇഷ്ടം നമുക്കില്ലാത്ത ഒരു ചീരയാണ് സാമ്പാർ ചീര അഥവാ പരിപ്പ് ചീര. യാതൊരു പരിചരണവും കൂടാതെ തഴച്ചുവളരുന്നതിനാല്‍ തോട്ടത്തിൽ കളയുടെ വിലപോലും നമ്മൾ കൊടുക്കാത്ത ഈ ചീരയുടെ ഗുണങ്ങൾ എണ്ണമറ്റതാണ്.മറ്റു പച്ചക്കറികളുമായി തട്ടിച്ചുനോക്കുമ്പോള്‍ പതിന്മടങ്ങ് വിറ്റാമിന്‍ 'എ' അടങ്ങിയതാണ് പരിപ്പുചീര. ഒപ്പം കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂലകങ്ങളുടെ കലവറയും.ഇലകളിലും തണ്ടിലും ഇരുമ്പ്, കാൽസ്യം എന്നീ മൂലകങ്ങൾക്ക് പുറമെ ജീവകം എ യും സിയും അടങ്ങിയിട്ടുണ്ട്. ഉയർന്ന തോതിൽ മൂലകങ്ങളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നതിനാൽവിളർച്ച , കുടലിലെ അർബുദം, അസ്ഥി സംബന്ധമായരോഗങൾ എന്നിവയെ ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു.താരതമ്യേന കലോറി കുറവായതിനാൽ പ്രമേഹ രോഗികൾക്കും യഥേഷ്ടം ഉപയോഗിക്കാവുന്നതാണ്.
പോർട്ടുലാക്കേസീ കുടുംബത്തിൽ പെട്ട സാമ്പാർ ചീര(waterleaf)യുടെ ശാസ്ത്രനാമം തലിനം ട്രയാൻഗുലേർ എന്നാണ്. ഇന്ത്യ, വെസ്റ്റ് ഇൻഡീസ്,ഇൻന്ത്യോനേഷ്യ, മലേഷ്യ, അറബ് രാജ്യങ്ങൾ എന്നിവടങ്ങളിൽ വളർത്തുന്നുണ്ട്. ബ്രസീലിൽ ആണ് സാമ്പാർ ചീര ഉദ്ഭവിച്ചത് എന്ന് കരുതുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിൽ വളരുന്ന ഈ ചെടിയുടെ ഇലകളും ഇളം തണ്ടും പലതരം കറികളുണ്ടാക്കാൻ ഉപയോഗിക്കുന്നു.
ചെടിയുടെ ഇലയും തണ്ടും വളരെ നേർമതയുള്ളതും മാംസളവുമാണ്. ഏതു സമയത്തും മാംസളമായ പച്ചയിലകളോട് കൂടിയ സാംബാർ ചീരയ രണ്ടടി ഉയരത്തിൽ വരെ വളരും വയലറ്റ് നിറത്തിലുള്ള പൂക്കളും അതിനോട് ചേർന്ന് മഞ്ഞ നിറത്തിൽ കായ്കളും കാണാം. കായ്‌ക്കുള്ളിൽ ചീരവിത്തുപോലെ ചെറിയ കറുത്ത വിത്തുകളും ഉണ്ടാകും. ആകർഷകമായ പച്ചപ്പും വയലറ്റ് പൂക്കളുടെ ഭംഗിയും സാമ്പാർ ചീരയ്ക്കു പൂന്തോട്ടത്തിൽ സ്ഥാനം കൊടുക്കാറുണ്ട്.
വിത്തുമുളപ്പിച്ചും തണ്ടു മുറിച്ചു നട്ടുമാണ് വംശവര്‍ധന. വേനല്‍മഴ കിട്ടിക്കഴിഞ്ഞാല്‍ കൃഷിയിറക്കാം. അടിവളമായി ഓരോ ചെടിക്കും രണ്ടു പിടി ചാണകവളം നല്‍കണം. തൈകള്‍ നട്ട് ഒന്നരമാസത്തിനുള്ളില്‍ വിളവെടുപ്പ് തുടങ്ങാം. ഓരോ വിളവെടുപ്പിന് ശേഷവും ഒരു പിടി ജൈവവളം നല്‍കി മണ്ണ് കൂട്ടിക്കൊടുക്കണം. കീടങ്ങളൊന്നും തന്നെ പരിപ്പുചീരയെ ബാധിക്കാറില്ല. ധാരാളം വെള്ളം ലഭിക്കുന്ന സ്ഥലമാണെങ്കിൽ നല്ല വിളവ് ലഭിക്കും. അധികം അധ്വാനമില്ലാതെ പെട്ടന്ന് വളരുന്ന പരിപ്പുചീര നട്ടാൽ ആഴചയിൽ ഒരിക്കലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താം വിഷമില്ലാത്ത പച്ചക്കറി ആസ്വദിക്കുകയുമാവാം .
Share your comments