ചിക്കു അല്ലെങ്കിൽ സപ്പോട്ട എന്ന പേരുള്ള ഈ പഴത്തിന്റെ ജന്മദേശവും തെക്കേ അമേരിക്കയാണ്. ഇന്ത്യയിൽ, ആന്ധ്ര, മദ്രാസ്, മൈസൂർ, സൗരാഷ്ട്ര, മഹാരാഷ്ട്ര, യു.പി. ബീഹാർ, ബോംബെ, സൂററ്റ് എന്നിവിടങ്ങളിൽ സപ്പോട്ട വ്യാപകമായ തോതിൽ കൃഷിചെയ്തുവരുന്നു. വളരെ വരണ്ട കാലാവസ്ഥയും അതിശൈത്യവും സപ്പോട്ടകൃഷിക്ക് യോജിച്ചതല്ല. ഇതിന് ഏറ്റവും അനുയോജ്യമായ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 500 മീറ്ററിലധികം ഉയരമാവാത്തതും 100-150 സെന്റിമീറ്റർ മഴ വീഴ്ചയുള്ളതുമായ സ്ഥലങ്ങളാണ്. കഠിനമായ വരൾച്ചയും, അതിശൈത്യവും കൃഷിക്കനുയോജ്യമല്ല. മണ്ണിന് ഉപ്പുരസമുണ്ടെങ്കിലും സപ്പോട്ട് കൃഷിചെയ്യാവുന്നതാണ്.
ഗ്രാഫ്റ്റു ചെയ്തു നടുന്ന സപ്പോട്ട തൈകൾ മൂന്നുവർഷം കഴിയമ്പോഴെക്കും ഫലം നൽകിത്തുടങ്ങുന്നു. പിന്നീട് ഏതാണ്ട് 30 വർഷം വരെ കായ്ഫലം വർഷംതോറും ഏറുകയും, അതുകഴിഞ്ഞാൽ കുറഞ്ഞു വരികയും ചെയ്യുന്നു. പ്രായപൂർത്തിയെത്തിയ ഒരു വൃക്ഷത്തിൽനിന്ന് 1500-3000 വരെ കായ്കൾ ലഭിക്കും. ക്രിക്കറ്റ്ബാൾ എന്നറിയപ്പെട്ടുന്ന വലിയയിനം സപ്പോട്ടയിൽ സാധാരണ 500-ൽപരം കായ്കൾ ഒരു വർഷത്തിലുണ്ടാകാറില്ല. ഉഷ്ണമേഖലയിലെ കാലാവസ്ഥയിൽ വർഷത്തിൽ എല്ലാ സമയവും സപ്പോട്ട് പൂക്കുമെങ്കിലും മാർച്ചു മുതൽ മേയ് മാസം വരെയും, സെപ്തംബർ-ഒക്ടോബർ മാസങ്ങളിലുമാണ് സപ്പോട്ട സമൃദ്ധമായുണ്ടാകുന്നത്.
പല തരത്തിലുള്ള സപ്പോട്ട ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ ലഭ്യമാണ്. ഉരുണ്ടതും, ഓവലാകൃതിയുള്ളതും, ചെറുതും വലുതും ആയ പലതരം കായ്കൾ ഉണ്ടെങ്കിലും ഒരു മരത്തിൽ തന്നെ പലതരത്തിലുള്ള കായ്കൾ പിടിക്കുന്നതും അപൂർവമല്ല. താരതമ്യേന കീടബാധ കുറവായ മരമാണിത്.
ഊർജം ധാരാളം നൽകുന്ന പഴമാണ് സപ്പോട്ട. വാഴപ്പഴത്തിനോളമില്ലെങ്കിലും മാമ്പഴത്തിനേക്കാൾ ഊർജം നൽകുന്നുണ്ട് സപ്പോട്ട്. 100 ഗ്രാം വരുന്ന ഒരു സപ്പോട്ടയിൽ തൊലിയും, കുരുവും നീക്കിയാൽ 83 ഗ്രാം മാത്രമേ ഭക്ഷ്യയോഗ്യമായിട്ടുള്ളൂ. മാംസളഭാഗത്തിന്റെ 73 ശതമാനവും ജലാംശം; ബാക്കി 27 ശതമാനത്തിൽ 21.4 ശതമാനം അന്നജം; അന്നജത്തിന്റെ പകുതിയിലധികം (12-14 ഗ്രാം) പഞ്ചസാര. നാം കഴിക്കുന്ന പഴവർഗങ്ങളിൽ, അന്നജാംശവും, പ്രത്യേകിച്ച് പഞ്ചസാരയും ഏറ്റവും കൂടുതലുള്ള പഴമാണിത്.
അതുകൊണ്ട് ഊർജ നിയന്ത്രണം ആവശ്യമുള്ള പ്രമേഹം പോലുള്ള രോഗങ്ങളിൽ സപ്പോട്ട ഒരു സാധാരണ ഭക്ഷണയിനമായി ശുപാർശ ചെയ്യാൻ തീരെ നിവർത്തിയില്ല. എന്തെന്നാൽ ഏതാണ്ട് 16 ഗ്രാം ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്നത്രയും അന്നജവും ഊർജം ഭക്ഷ്യയോഗ്യമായ 100 ഗ്രാം സപ്പോട്ടയിലടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന അന്നജത്തിന്റെ പകുതിയലധികവും സ്വതന്ത്ര പഞ്ചസാരകളാണെന്നും രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയർത്തുമെന്നും നമ്മൾ ഓർക്കുക.
എന്നാൽ, സോഡിയത്തിന്റെ അംശം കുറവായിരിക്കുകയും, പൊട്ടാസ്യത്തിന്റെ അളവ് കൂടിയിരിക്കുകയും ചെയ്യുന്നതിനാൽ രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്ക് ഇത് നിർദേശിക്കാവുന്നതാണ്. നാരിന്റെ അംശവും ഇതിൽ താരതമ്യേന കൂടുതലുണ്ട്. ഗന്ധകത്തിന്റെ അംശം കുറവാകയാൽ വായു ക്ഷോഴമുണ്ടാകുമെന്ന ഭയം കൂടാതെ തന്നെ സപ്പോട്ട കഴിക്കാം. ജീവകം എയും ജീവകം സിയും ഈ ഫലത്തിൽ താരതമ്യേന കുറവാണെങ്കിലും തേനിന്റെ സ്വഭാവമുള്ള, വായിൽ അലിഞ്ഞു ചേരുന്ന ചെറുതരികളുള്ള ഈ ഫലം ആർക്കാണു നിഷേധിക്കാനാവുക.
Share your comments