 
    സ്റ്റീവിയ അഥവാ മധുരതുളസി
പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്. ഇതോടെ മധുര തുളസി കൃഷി ചെയ്യുന്നവരെ കാത്തിരുന്നത് ആഹ്ലാദത്തിന്റെ നാളുകളാണ്. ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞറിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. മധുര തുളസിയുടെ 5 ഗുണങ്ങളും അവ ഉപയോഗിക്കുന്ന രീതിയും എങ്ങനെയാണെന്ന് നോക്കാം...
മധുരതുളസിയുടെ ഗുണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്...
ഉപയോഗിക്കുന്ന വിധം-
പ്രമേഹ നിയന്ത്രണത്തിന് മധുരതുളസി ചായയാണ് ഉപയോഗിക്കേണ്ടത്. ചൂടുവെള്ളത്തിലേക്ക് മധുരതുളസി ഇലകളിട്ട് 5-7 മിനുട്ട് തിളപ്പിക്കുക. ഇപ്പോള്‍ മധുരതുളസി ചായ തയ്യാറായി. ഇത് ദിവസം രണ്ടു മൂന്നു നേരമായി കുടിച്ചാല്‍ മതി. (ശ്രദ്ധിക്കുക- രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനുവദനീയമായ അളവില്‍ കുറവുള്ളവര്‍ ഒരു കാരണവശാലും ഇത് കുടിക്കരുത്)
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും
ബ്രസീലിയന്‍ ജേര്‍ണല്‍ ഓഫ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. അതേസമയം ഒന്നു രണ്ടു വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാത്രമെ ഫലം കണ്ടു തുടങ്ങുകയുള്ളു. ഉപയോഗിക്കേണ്ടവിധം- പ്രമേഹത്തിന്റെ കാര്യത്തിലെന്നപോലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മധുര തുളസി ചായയായാണ് കുടിക്കേണ്ടത്.
താരനും മുഖക്കുരവും ഇല്ലാതാക്കും
മധുരതുളസിയുടെ മറ്റൊരു വലിയ ആരോഗ്യഗുണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. മധുര തുളസിയില്‍ അടങ്ങിയിട്ടുള്ള ആന്റി-ബാക്ടീരിയല്‍, ആന്റി-ഫംഗല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. മുടികൊഴിച്ചില്‍ തടയാനും, മധുരതുളസിയുടെ പച്ചയില ഏറെ ഫലപ്രദമാണ്. ഉപയോഗിക്കേണ്ടവിധം- നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ഷാംപൂവിലേക്ക്, മധുരതുളസി ഇലയുടെ സത്ത് കുറച്ചു തുള്ളി ചേര്‍ക്കുക. ഇത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മുഖക്കുരുവിന്, മധുരതുളസി ഇല നന്നായി അരച്ചെടുത്ത് കുഴമ്പ് പരുവത്തിലാക്കി, മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് കുഴുകി കളയാന്‍ മറക്കരുത്. ഇത് പതിവായി ഉപയോഗിക്കുക. വല്ലപ്പോഴും ഉപയോഗിച്ചാല്‍, ഇതിന്റെ ഫലം ലഭിക്കണമെന്നില്ല.
ശരീരഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കാന്‍ മധുര തുളസി ഉത്തമമായ മാര്‍ഗമാണ്. ഇതില്‍ കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഉപയോഗിക്കേണ്ട വിധം- ഭക്ഷണം പാകം ചെയ്യുമ്പോള്‍, മധുരത്തിനായി, മധുരതുളസി ഇലയുടെ നീര് ഉപയോഗിക്കാം.
മുറിവുകള്‍ വേഗം ഭേദമാക്കും
മുറിവുകള്‍ ഇന്‍ഫെക്ഷനാകാതെ തടയാന്‍ മധുരതുളസി സഹായിക്കും. മുറിവുകളില്‍ ബാക്ടീരിയകള്‍ വളരുന്നത് മധുര തുളസി പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി-ബാക്ടീരിയല്‍ ഘടകങ്ങളാണ് മുറിവ് ഭേദമാക്കാന്‍ സഹായിക്കുന്നത്. ഉപയോഗിക്കേണ്ടവിധം- മധുര തുളസി ഇല ഇടിച്ചുപിഴിഞ്ഞ്, നീരെടുക്കുക. ഈ നീര്, ചൂടുവെള്ളത്തില്‍ ചേര്‍ത്ത്, മുറിവ് പറ്റിയ ഭാഗത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് മുറിവിലെ വെള്ളമയം ഒപ്പിയെടുക്കുക. ഒന്നു രണ്ടു ആഴ്ച ഇങ്ങനെ ചെയ്താല്‍ മുറിവ് ഭേദമാകും.
Bainda , Alappuzha , Krishi Jagran
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments