 
            കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനുമായി നൽകുന്ന പ്രധാന ഭക്ഷണമാണ് റാഗി. പോഷകപ്രദമായ ഭക്ഷണമായി കൂവരക് അല്ലെങ്കിൽ റാഗി കുറുക്കി കൊടുക്കുകയാണ് പതിവ്. ഇതിന് പുറമെ, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിവിധിയും ഈ ധാന്യത്തിൽ അടങ്ങിയിരിക്കുന്നു. ഈ രോഗങ്ങളെയെല്ലാം ചെറുക്കുന്നതിനും, തടി കുറയ്ക്കാനും റാഗി വളരെ ഗുണം ചെയ്യും. സൗന്ദര്യസംരക്ഷണത്തിനും കേശവളർച്ചയ്ക്കും വരെ റാഗി ഉപയോഗിക്കാമെന്നാണ് ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മാരോഗ്യത്തിന് റോസാ പൂ പായസം ഉണ്ടാക്കാം
പല വിധേന ഈ ബ്രൗണ്‍ ധാന്യത്തെ നമുക്ക് ശരീരത്തിനുള്ളിൽ എത്തിക്കാം.
അതായത്, റാഗി ദോശയാക്കിയും ഇഡ്ഡലി, പുട്ട്, റാഗി കഞ്ഞി, റാഗി പായസം, റാഗി ദോശ, കിച്ചടി തുടങ്ങി നിരവധി സ്വാദിഷ്ടമായ വിഭവങ്ങളിലൂടെയും റാഗി നിത്യജീവിതത്തിൽ ഭാഗമാക്കിയാൽ ഗുണകരമാണ്.
എന്നാൽ ഇതുപോലെ അതീവ രുചികരമായ ഒരു വിഭവമാണ് റാഗി പായസം. കുട്ടികൾക്ക് കൂവരക് കുറുക്കി നൽകുന്നതിനേക്കാൾ ഇങ്ങനെ നൽകുന്നത് കൂടുതൽ ഉത്തമവും ആവശ്യത്തിന് കഴിക്കുന്നതിനും സഹായിക്കും. വളരെ രുചികരമായതിനാൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണമായി ഇനി റാഗി പായസം നൽകാം. കൂടാതെ, നോമ്പ് തുറക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്.
എങ്ങനെയാണ് ശരീരത്തിന് പ്രയോജനകരമാകും വിധം റാഗി പായസം തയ്യാറാക്കാമെന്നത് നോക്കാം.
റാഗി പായസം; ആവശ്യമായ ചേരുവകൾ
റാഗി - അരക്കപ്പ്
ഏലയ്ക്ക - 2 എണ്ണം
ചൗവ്വരി - ഒരു ടേബിൾ സ്പൂൺ
പാൽ - രണ്ട് കപ്പ്
വെള്ളം - 3 കപ്പ്
ശർക്കര - 200 ഗ്രാം
റാഗി പായസം; തയ്യാറാക്കുന്ന വിധം
റാഗി നന്നായി കഴുകി വൃത്തിയാക്കി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. രണ്ട് കപ്പ് പാൽ എടുത്ത് തിളപ്പിച്ച് വക്കുക. മറ്റൊരു പാത്രത്തിൽ ശർക്കര കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കിയ ശേഷം ഇത് അരിച്ചെടുക്കുക. 
ചൗവ്വരി അരക്കപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഇതിന് പകരം ചിയാ സീഡ് വേണമെങ്കിലും ഉപയോഗിക്കാം. പിന്നീട്, റാഗി കുതിർത്തതിലേക്ക് ഏലയ്ക്ക, അൽപം വെള്ളം എന്നിവ ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക. ഇതിൽ 3 കപ്പ് വെള്ളം കൂടി ചേർത്ത് അരിച്ചെടുക്കുക.
തുടർന്ന്, ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഈ റാഗിയും കുതിർത്ത ചൗവ്വരിയും ചേർത്ത് തുടരെത്തുടരെ ഇളക്കി കുറുക്കിയെടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനും സൗന്ദര്യത്തിനും റാഗി
തീ ഓഫ് ചെയ്ത ശേഷം പാൽ തിളപ്പിച്ച്, ഇതിലേക്ക് ശർക്കരവെള്ളം ഒഴിച്ച് ചേർക്കുക. ഇത് മിക്സ് ചെയ്യുക.
ചൂടോടെയോ തണുപ്പിച്ചയോ ഈ മധുരമേറിയ പായസം കുടിക്കാം.വിളമ്പുന്ന ഗ്ലാസിൽ ഒരു സ്പൂൺ ശർക്കരപ്പാനി എടുത്ത് ഒഴിച്ചു കൊടുക്കുന്നതിന് ശ്രദ്ധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കുഞ്ഞിളം നാവിൽ നൽകാം റാഗി, പോഷകസമൃദ്ധം ഈ ഭക്ഷ്യധാന്യം
അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർക്കാൻ താൽപ്പര്യമുണ്ടെങ്കിൽ നെയ്യിൽ ഇവ കൂടി ചേർത്ത് പായസത്തിൽ ഒഴിക്കുക. വിശേഷ ദിവസങ്ങളിലും വ്യത്യസ്ത കൂട്ട് പരീക്ഷിക്കാൻ ഇഷ്ടമുള്ളവർക്ക് ഈ റാഗി പായസം തയ്യാറാക്കാവുന്നതാണ്.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments