നമ്മുടെ ജീവിതത്തില്‍ തികച്ചും സ്വാഭാവികമായി നടന്നുപോകുന്ന പ്രക്രിയയാണ് ശ്വസനം. കോവിഡിന്റെ വരവോടെ ശ്വസനവും ശ്വാസകോശത്തിന്റെ ആരോഗ്യവുമെല്ലാം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ശ്വസനമാണ് ജീവന്‍ നിലനിര്‍ത്തുന്നതെങ്കിലും അമിതവും ദീര്‍ഘവുമായ ശ്വാസോച്ഛ്വാസവും നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ദോഷകരമാണ്.
അമിതമായ ഭക്ഷണവും ഉറക്കവും വ്യായാമവും ശരീരത്തിന് നല്ലതല്ല. അതുപോലെ തന്നെയാണ് അസ്വാഭാവികവും ദീര്‍ഘവുമായ ശ്വാസോച്ഛ്വാസവും. ഈ സമയത്ത് ശ്വാസമെടുക്കുകയും പുറത്തേക്കുവിടുകയും ചെയ്യുന്നത് വേഗത്തിലായിരിക്കും. പലപ്പോഴും ശ്വസനസംബന്ധമായ ഇത്തരം പ്രശ്‌നങ്ങള്‍ നമ്മള്‍ തിരിച്ചറിയപ്പെടാതെ പോവുകയോ അവഗണിക്കുകയോ ആണ് പതിവ്. അത്തരം ചില കാര്യങ്ങളിലേക്ക്.
ശ്വസനം സ്വാഭാവികമല്ലെങ്കില്‍ ?
ശ്വസോച്ഛ്വാസം ജീവന്റെ അടയാളമാണ്. ശരീരത്തിന്റെ എല്ലാ ജൈവപ്രക്രിയകള്‍ക്കും അതുവഴി ജീവന്‍ നിലനിര്‍ത്താനുമെല്ലാം സഹായിക്കുന്നത് ശ്വസനമാണ്. സ്വാഭാവികമായി ഒരു മിനുട്ടില്‍ 12 മുതല്‍ 16 തവണവരെയാണ് നാം ശ്വാസോച്ഛ്വാസം നടത്തുന്നത്. എന്നാല്‍ ശ്വാസമെടുക്കുന്നതും നിശ്വസിക്കുന്നതും സാധാരണയെക്കാള്‍ വേഗത്തിലും ആഴത്തിലുമാകുമ്പോള്‍ ശ്വസനം സ്വാഭാവികമല്ലെന്ന് മനസ്സിലാക്കാം. ഇത്തരം ഘട്ടങ്ങളില്‍ നമുക്ക് ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കും. അതുപോലെ അമിതമായ ഉത്കണ്ഠകളും വളരെ വേഗത്തിലുളളതും അമിതവുമായ ശ്വാസഗതിയ്ക്ക് കാരണമാകാറുണ്ട്.
ശ്വസനത്തിലെ അസ്വാഭാവികത തിരിച്ചറിയണം
വായിലൂടെയുളള ശ്വസനം, കൂര്‍ക്കംവലി, കോട്ടുവായ, വരണ്ട വായ ഇതൊക്കെ ശ്വസനം സ്വാഭാവികമല്ലെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ്. പക്ഷെ പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ നമ്മള്‍ അത്ര ഗൗരവമായെടുക്കാറില്ലെന്നതാണ് സത്യം. എന്നാലിത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ശ്വസനപ്രക്രിയയില്‍ നമ്മള്‍ പലപ്പോഴും ഓക്‌സിജനാണ് കൂടുതല്‍ പ്രാധാന്യം നല്‍കാറുളളത്. എന്നാല്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിനും ഇതില്‍ നല്ലൊരു പങ്കുണ്ട്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ തോത് വ്യത്യാസപ്പെടുമ്പോള്‍ ശ്വസനപ്രക്രിയ കൂടുതല്‍ വേഗത്തിലാകും.
ദീര്‍ഘശ്വാസങ്ങള്‍ ശീലമാക്കരുത്
നമുക്കാവശ്യമായ ഊര്‍ജവും ശ്വാസവും ലഭിക്കാതിരിക്കുമ്പോഴാണ് പലപ്പോഴും കോട്ടുവായകളിടുകയും ദീര്‍ഘശ്വാസമെടുക്കുകയും ചെയ്യുന്നത്. എന്നാല്‍ നിരന്തരം തുടര്‍ന്നാല്‍ ഇത് നമ്മുടെ ശ്വസനശീലമായി മാറും. അതിനാല്‍ ഇതൊഴിവാക്കാം.
മാത്രമല്ല കുറെ നേരം ശ്വാസം പിടിച്ചുവച്ച് പിന്നീട് ദീര്‍ഘശ്വാസം ചെയ്യുമ്പോള്‍ ഓക്‌സിജന്‍ ചെറിയ തോതില്‍ മാത്രമേ ശ്വാസകോശത്തിലെത്തുകയുളളൂ. ഹൃദയമിടിപ്പിന്റെ നിരക്കും ഈ സമയത്ത് കൂടുതലായിരിക്കും.
വായിലൂടെയുളള ശ്വസനം
വായിലൂടെ ശ്വാസമെടുക്കാതെ മൂക്കിലൂടെ ശ്വസിക്കാന്‍ ശ്രദ്ധിക്കണം. ശ്വസനവായുവില്‍ അടങ്ങിയ പൊടിപടലങ്ങള്‍ വലിയ അളവുവരെ മൂക്കിലൂടെ ശ്വസിക്കുമ്പോള്‍ അരിച്ചെടുക്കാനാകും. മാത്രമല്ല വായിലൂടെ ശ്വാസമെടുക്കുമ്പോള്‍ ശ്വാസത്തിന്റെ അളവും കൂടുതലായിരിക്കും.
Share your comments