നേരിയ കണ്‍പീലികള്‍ ഉള്ളവര്‍ക്ക് വച്ചു പിടിപ്പിക്കാനായി ഐലാഷ് എക്സ്റ്റന്‍ഷനുകളും അനുയോജ്യമായ മേക്കപ്പ് രീതികളും ഇന്ന് എല്ലായിടത്തും ലഭ്യമാണ്. ഇടതൂര്‍ന്ന പീലികള്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും എന്നതു കൊണ്ടുതന്നെ ഇത്തരം സൗന്ദര്യ വര്‍ദ്ധക മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിനും കുറവൊന്നുമില്ല. എന്നാല്‍ ഇത് എത്രത്തോളം ആരോഗ്യകരമാണ് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
ഇങ്ങനെയുള്ള രീതികള്‍ അവലംബിക്കുമ്പോള്‍ മിക്കപ്പോഴും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് പീലി കൊഴിച്ചില്‍. വൃത്തിയായി സൂക്ഷിക്കാത്തതു കൊണ്ടാണ് പീലികള്‍ കൊഴിയുന്നത്. മൂന്നു മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ് കൃത്രിമ കണ്‍പീലികള്‍ പിടിപ്പിക്കുന്നത്. പശ ഉപയോഗിച്ച് ഒട്ടിക്കുന്ന ഈ പീലികള്‍ ആറാഴ്ച വരെ നിലനില്‍ക്കും. എക്സ്റ്റന്‍ഷന്‍ പിടിപ്പിച്ചു കഴിഞ്ഞാല്‍ കുറേ ദിവസത്തേക്ക് ആരും കഴുകാറില്ല.
ഇങ്ങനെയുള്ള ആളുകളുടെ പീലികള്‍ക്കിടയില്‍ വില്ലനായി ഒരു പരാദം വസിക്കാനിടയുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഡിമോഡെക്സ് (Demodex)എന്ന് പേരുള്ള പേനാണ് ചൊറിച്ചില്‍ ഉണ്ടാക്കുന്ന ആ ജീവി. മനുഷ്യരുടെ രോമകൂപങ്ങളിലെ എണ്ണ ഗ്രന്ഥികളിൽ വസിക്കുന്ന ഒരുതരം പരാദമാണിത്. പീലികള്‍ വൃത്തിയാക്കാതിരിക്കുമ്പോള്‍ അവിടെ ബാക്ടീരിയ വളരുന്നു. പേനുകള്‍ക്ക് വളരാനുള്ള അന്തരീക്ഷമൊരുങ്ങുകയാണ് ഇതിലൂടെ സംഭവിക്കുന്നത്.
കണ്‍പീലിയുടെ ഭാഗത്ത് ചൊറിച്ചില്‍, ചുവപ്പ്, വീക്കം എന്നിവയാണ് പേന്‍ബാധയുടെ ലക്ഷണങ്ങള്‍.
ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നത് ഈ പേനിനെതിരെയുള്ള മികച്ച പ്രതിവിധിയാണ്. ആന്‍റി ബാക്ടീരിയല്‍ മാത്രമല്ല, ഇതിനു മുറിവുണക്കാനും കഴിവുണ്ട്.
Share your comments