കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും ടാബുമെല്ലാം ഒഴിച്ചുകൂടാനാവാത്ത വസ്തുക്കളായി മാറി. എന്നാല്‍ അവരുടെ കണ്ണിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ്.
കഴിഞ്ഞ കുറച്ചുനാളുകള്‍ക്കിടയില്‍ കണ്ണിന്റെ വിവിധ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും വളരെയധികം കൂടിയിട്ടുണ്ടെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ കുഞ്ഞുങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ തന്നെ നല്‍കണം.
ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍
തലവേദനയും കണ്ണുവേദനയുമെല്ലാം ഡിജിറ്റല്‍ ഐ സ്‌ട്രെയിനിന്റെ ലക്ഷണങ്ങളാണ്. അമിതമായ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗം കാരണമുണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങളാണിത്. അതിനാല്‍ പകല്‍നേരങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് ശേഷം ഫോണും ലാപ്‌ടോപ്പുമെല്ലാം പൂര്‍ണമായും ഒഴിവാക്കുക. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പാലിക്കാം 20-20-20 നിയമം
തുടര്‍ച്ചയായി ഇരുപത് മിനിറ്റിലധികം സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത്
തലവേദന, കണ്ണെരിച്ചില്‍, കണ്ണില്‍ വെളളം നിറയല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതിനാല്‍ ഇരുപത് മിനിറ്റിലധികം സ്‌ക്രീനില്‍ നോക്കിയാല്‍ 20 അടി അകലെയുളള വസ്തുവിലേക്ക് 20 സെക്കന്റ് നോക്കിയിരിക്കണം. ഇത് കണ്ണിന്റെ സ്‌ട്രെയിന്‍ കുറയ്ക്കാന്‍ സഹായിക്കും.
വെളിച്ചത്തിലിരുന്നാവാം വായന
വെളിച്ചം കുറവുളള സ്ഥലങ്ങളിലിരുന്ന് ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണും ഉപയോഗിക്കാതിരിക്കുക. ഓണ്‍ലൈന്‍ ക്ലാസ് ഇല്ലാത്ത സമയങ്ങളില്‍ പുസ്തകങ്ങള്‍ വായിച്ചുളള പഠനത്തിന് പ്രാധാന്യം നല്‍കുക. രാത്രിയില്‍ അഥവാ ഫോണ്‍ ഉപയോഗിക്കേണ്ടി വന്നാല്‍ നൈറ്റ് മോഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം.
കണ്ണ് ഇടയ്ക്കിടെ കഴുകാം
പഠനത്തിന്റെ ഇടവേളകളില്‍ ഇടയ്ക്ക് കണ്ണ് കഴുകുന്നത് ഒരു ശീലമാക്കണം. നല്ല തണുത്ത വെളളത്തില്‍ കണ്ണ് കഴുകാനും വെളളം കുടിയ്ക്കാനുമെല്ലാം ശ്രദ്ധിയ്ക്കാം.
ചാഞ്ഞു ചരിഞ്ഞും ക്ലാസ് കാണരുത്
ക്ലാസ്സിലിരിക്കുമ്പോള്‍ ചാഞ്ഞും ചരിഞ്ഞുമെല്ലാം ഇരിക്കുന്നത് ചിലരുടെ ശീലമായിരിക്കാം. എന്നാല്‍ സ്‌ക്രീന്‍ നന്നായി കാണുന്ന തരത്തില്‍ കസേരയില്‍ നിവര്‍ന്നിരുന്ന് മാത്രം ക്ലാസ്സ് കാണാന്‍ ശ്രദ്ധിക്കുക. അതുപോലെ ഒറ്റയിരിപ്പും ഒഴിവാക്കുക.
ആവശ്യമെങ്കില്‍ ചികിത്സ തേടാം
കണ്ണിന്റെ പ്രശ്‌നങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടാകുന്നതായി തോന്നിയാല്‍ നല്ലൊരു നേത്രരോഗ വിദഗ്ധന്റെ സഹായം തേടാം. തുടക്കത്തില്‍ ഐ ഡ്രോപ്‌സ് പോലുളളവ ഉപയോഗിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞേക്കും.
Share your comments