വയർ കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. വയറിന് ചുറ്റും കൊഴുപ്പ് അടിയുന്നതാണ് വയർ ചാടുന്നതിൻ്റെ കാരണം. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് ഇല്ലാതാക്കുക എന്ന് പറയുന്നത് അത്ര എളുപ്പവുമല്ല. എന്നിരുന്നാലും സ്ഥിരമായ വ്യായാമം കൊണ്ടും, ചിട്ടയായ ഭക്ഷണശീലം കൊണ്ടും നമുക്ക് വയർ ചാടുന്നത് കുറയ്ക്കാൻ സാധിക്കും.
ഭക്ഷണം
വയർ ചാടുന്നതിൻ്റെ പ്രധാന കാരണം ക്രമമല്ലാത്ത ഭക്ഷണമാണ്. പ്രത്യേകിച്ചും രാത്രിയിൽ കഴിക്കുന്നത്. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത്, എണ്ണ മയം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത്, ജംങ്ക് ഫുഡ് കഴിക്കുന്നത്, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് എന്നിവയൊക്കെ വയർ ചാടുന്നതിന് കാരണമാണ്. അത്കൊണ്ട് തന്നെ രാത്രി ഭക്ഷണം കഴിക്കുമ്പോൾ വളരെ മിതമായ രീതിയിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
തിരക്കിനിടയിൽ എല്ലാവരും ഒഴിവാക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. എന്നാൽ വയറ് ചാടുന്നത് കുറയണമെങ്കിൽ ഇത് ഒഴിവാക്കണം. കഴിക്കുമ്പോൾ കാർബോഹൈഡ്രേറ്റും പ്രോട്ടീനും ചേർന്നതായിരിക്കണം.
ശീതളപാനീയം ഒഴിവാക്കുക
പാക്കറ്റിലും കുപ്പിയിലും കിട്ടുന്ന ജ്യൂസ്, സോഡ, ശീതളപാനീയങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് കൊഴുപ്പ് കൂട്ടുന്നതിന് കാരണമാകുന്നു.
വ്യായാമം
വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് മാത്രമല്ല വയറ് കുറയ്ക്കുന്നതിനും നല്ലതാണ്. ദിവസേന രാവിലെയോ അല്ലെങ്കിൽ വൈകുന്നേരങ്ങളിലോ വ്യായാമം ചെയ്യാൻ ശ്രമിക്കുക.
രാത്രിയിൽ കഴിക്കാൻ പറ്റിയ ചില ഭക്ഷണങ്ങൾ
ഓട്സ്
ചോറ്, പ്രത്യേകിച്ചും വെള്ളച്ചോറ് കഴിക്കുന്നത് തടിയും വയറും കൂടുന്നതിന് കാരണമാകുന്നു. അത്കൊണ്ട് ചോറിന് ബദലായി ഗോതമ്പ്, ഓട്സ്, റാഗി എന്നിവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചപ്പാത്തി കഴിക്കുകയാണെങ്കിലും മിതമായി കഴിക്കാൻ ശ്രദ്ധിക്കുക.
നട്സ്
നട്സ് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നട്സ് രാത്രിയിൽ കഴിക്കാം. ഇത് ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ലഭിക്കുന്നു. നട്സ് വെള്ളത്തിൽ കുതിർത്ത് വെച്ച് അൽപ്പ സമയത്തിന് ശേഷം തൊലി കളഞ്ഞ് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
സാലഡ്
അത്താഴത്തിന് കഴിക്കാൻ പറ്റുന്ന ഏറ്റവും ആരോഗ്യകരമായ ഒന്നാണ് സാലഡ്. ഇത് പോഷക സമൃദ്ധമാണ്. ശരീരത്തിൻ്റെ അമിത തടിയും വയറും കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇവ പെട്ടെന്ന് ദഹിക്കുകയും ചെയ്യുന്നു. ഒരേ തരത്തിലുള്ള സാലഡുകൾ കഴിക്കാതെ പല തരത്തിലുള്ള സാലഡുകൾ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ് തന്നേയുമല്ല ഇത് മടുപ്പ് ഉണ്ടാക്കുകയുമില്ല.
ആപ്പിൾ
നാരുകളാൽ സമ്പുഷ്ടമായ ഒന്നാണ് ആപ്പിൾ, ഇത് രാത്രി കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങളിൽ ഒന്നാണ്. ആപ്പിൾ കഴിക്കുമ്പോൾ വയർ പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും അങ്ങനെ അമിതമായി ഭക്ഷണം കഴിക്കണം എന്നുള്ള തോന്നലിനെ പിടിച്ച് നിർത്തുകയും ചെയ്യുന്നു. മാത്രമല്ല ഇത് ശരീരത്തിന് ഏറെ നല്ലതാണ്.
Share your comments