Health & Herbs

വിഷുപ്പക്ഷി ചിലച്ചു വിത്തും കൈക്കോട്ടും....

DAES

- ദിവാകരൻ ചോമ്പാല

ഭൂമി ചുട്ടു പൊള്ളുന്ന മേടച്ചൂട് !

വരണ്ടുണങ്ങിയ മണ്ണിടങ്ങളിൽ കുളിരുമ്മ വെച്ചുകൊണ്ട് ഓർക്കാപ്പുറത്ത് ഒരു വേനൽ മഴ !
.വീട്ടുമുറ്റത്തോട് ചേർന്ന പറമ്പിലെ കണിക്കൊന്ന മരം പതിവിലും നേരത്തെ മേലാസകലം രോമാഞ്ചമണിഞ്ഞനിലയിൽ .
മഞ്ഞപ്പട്ടുടുത്ത് കൃഷ്‌ണകിരീടം ചൂടി വിഷുവിനെ വരവേൽക്കാൻ നിൽക്കുന്ന പോലെ .
പ്രകൃതിയുടെ ലീലാവിലാസങ്ങളുടെ വിസ്‌മയക്കാഴ്ച്ച !
എവിടെനിന്നോ വന്ന് പൂമരക്കൊമ്പിൽ ചേക്കേറിയ വിഷുപ്പക്ഷി വീണ്ടും കൂവിത്തുടങ്ങി .
വിഷുവിനെ വരവേൽക്കാനുള്ള മുന്നൊരുക്കമാവാം .
കൂവികൊണ്ടിരിക്കുന്ന വിഷുപ്പക്ഷി അഥവാ ഉത്തരായണക്കിളിയും ഒരപൂർവ്വക്കാഴ്ച !
ചുറ്റുവട്ടത്തെ കുസൃതിക്കുരുന്നുകൾ കിളിയൊച്ച അനുകരിച്ചു കൊണ്ട് കളിയാക്കി ചിരിക്കുന്നു
'' അച്ഛൻ കൊമ്പത്ത് ...അമ്മ വരമ്പത്ത് ...ചക്കക്കുപ്പുണ്ടോ ?
കള്ളൻ ചക്കേട്ടു ....കണ്ടാ മിണ്ടണ്ട ''-
ഓണം കഴിഞ്ഞാൽ മലയാളികളുടെ ഗൃഹാന്തരീക്ഷങ്ങളിൽ ആഘോഷപ്പൊലിമയുള്ള മറ്റൊരു സുദിനമാണ് വിഷു .സമ്പൽ സമൃദ്ധിയുടെ ,നന്മയുടെ ,ശുഭപ്രതീക്ഷകളുടെ ആഘോഷ ദിനം .
കേരളത്തിലെ കാർഷികോത്സവം കൂടിയായ വിഷു മേടം ഒന്നിന് .

മേടപ്പൊന്നും സ്വർണ്ണക്കൊലുസ്സുമണിഞ്ഞ കൊന്നമരച്ചില്ലകൾ ഇളംകാറ്റിൽ അരമണിയിളകിയാടുന്ന കൗതുകക്കാഴ്ച്ചയ്ക്ക് അൽപ്പായുസ്സ് .വിഷുവോടെ എല്ലാം തീരും .
പൂവായ പൂവെല്ലാം വിഷുക്കണിക്കായി വിപണിയിലെത്തും .ഓൺലൈനിലും വ്യാപാരം പൊടിപൊടിക്കും.
കേരളത്തിൻറെ ഔദ്യോഗിക പുഷ്പ്പമാണ് കൊന്നപ്പൂ .
കുറഞ്ഞ പക്ഷം സ്‌കൂളുകൾ കോളേജുകൾക്കൊപ്പം എല്ലാ സർക്കാർ ഓഫീസുകളുടെയും അങ്കണങ്ങളിൽ പൂത്തുലഞ്ഞനിൽക്കുന്ന ഒരു കൊന്ന മരമെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് വെറുതെ മോഹിക്കുന്നതും ഒരു സുഖം .
എഴുപതിലേറെക്കാലത്തെ ഗൃഹാതുരത്വമുണർത്തുന്ന എത്രയെത്ര വിഷുസമൃതികൾ !
കാർഷികസമൃദ്ധിയുടെ നിറവിൽ കൊന്നപ്പൂക്കൾ കണികണ്ടുണർന്നിരുന്ന എത്രയോ മേടമാസപ്പുലരികൾ .
കൊന്ന മരം പൂവിട്ടുണർന്നാൽ കുട്ടിക്കാലത്ത് വിഷുവെത്താൻ ദിവസങ്ങൾ വിരലിലെണ്ണുമായിരുന്നു. ഏകദേശം 45 ദിവസങ്ങളാകുമ്പോഴേക്കും വിഷുവെത്തിയിരിക്കും തീർച്ച .
തട്ടോളിക്കരയിലെ തറവാട് വീടിനടുത്തുള്ള കുറുങ്ങോട്ടെ കുളത്തിനരികിലെ ഉയരം കൂടിയ കൊന്നമരത്തിൽ നന്നായിരുന്നു ചുറ്റുപാടിലുള്ള ഒട്ടുമുക്കാൽ വീട്ടുകാരും അക്കാലത്ത് വിഷുവിന് കൊന്നപ്പൂക്കൾ ശേഖരിക്കുക .
അതുപോലെ പൂജക്കെടുക്കാനുള്ള തെച്ചിപ്പൂവും ഈ കുളക്കരയിൽ സമൃദ്ധം .കൊന്നപ്പൂക്കൾ വിലകൊടുത്തുവാങ്ങുന്ന പതിവ് ആ കാലത്തില്ല .തികച്ചും സൗജന്യം .
ഈ മരത്തിൻറെ ഉച്ചിയിൽവരെ വലിഞ്ഞു കയറി ഉതിർന്നുപോകാതെ കൊന്നപ്പൂക്കൾ നാട്ടുകാർക്ക് സൗജന്യമായി പറിച്ചുനൽകാൻ കളരി അഭ്യാസികൂടിയായ തൈക്കണ്ടി കുഞ്ഞിരാമനെപ്പോലുള്ള ഉശിരുള്ള ഒരുകൂട്ടം ചെറുപ്പക്കാരും അക്കാലത്തെ തട്ടോളിക്കരയിലെ ചില നാട്ടുകാഴ്ചകൾ .
ഇന്ന് കുഞ്ഞിരാമനുമില്ല .ഇവിടുത്തെ ഉയരം കൂടിയ കൊന്നമരവുമില്ല .സമൃദ്ധമായി ലഭിച്ചിരുന്ന കൊന്നപ്പൂക്കളുമില്ല .

കൊന്നത്തൈകൾ വീട്ടുപറമ്പിൽ നട്ടു വളർത്താൻ പണ്ടൊക്കെ പലരും മടിച്ചിരുന്നു .
കലശലായ തോതിൽ പറമ്പിൽ നിന്നും വളം വലിച്ചെടുക്കും എന്ന ആരോപണവുമായി കൊന്നയെ മാറ്റിനിർത്തിയവർ ഏറെ .
കൊക്കോ,മാഞ്ചിയം തുടങ്ങിയവകളുടെ പുറകെ പോയവരിൽ ചിലർ നിലവിലുണ്ടായിരുന്ന കൊന്നമരങ്ങൾ വെട്ടി മാറ്റി എന്നതും മറ്റൊരു സത്യം.
കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടോ എന്തോ സമീപ കാലത്തായി കൊന്നമരത്തിൻറെ നിറവസന്തത്തിനും കണക്കു തെറ്റിയോ എന്ന് സംശയം ?.
ഒപ്പം വിഷുവിനും ഇനി കണക്ക് തെറ്റുമോ ആവോ ?

വിഷുവെന്നാൽ കണിയും കൈനീട്ടവും !
കണിയും കൈനീട്ടവുമില്ലാതെന്ത് വിഷു ?

കണിക്കുമുണ്ടായിരുന്നു ഒരു കൂട്ടം വിലപ്പെട്ട ചില ചിട്ടവട്ടങ്ങൾ .
ഉമി കൂട്ടി തേച്ചുമിനുക്കി തിളക്കി യെടുത്ത ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും .
ചക്ക ,മാങ്ങ നാളികേരം ,നിറനാഴിയിൽ അരി ,വാൽക്കണ്ണാടി ,ഉണ്ണിയപ്പം .രാമായണം പോലുള്ള ഗ്രന്ഥങ്ങൾ, സ്വർണ്ണ നാണയം അഥവാ സ്വർണ്ണവള ,വെളുത്തമുണ്ട് .കൃഷ്ണവിഗ്രഹം അങ്ങിനെ പോകുന്നു കണിക്കാഴ്ചകൾ.
ഇതൊന്നുമില്ലാതെയും വെറുതെ തിരിയിട്ട് തെളിയിച്ച നിലവിളക്കു മാത്രം വെച്ച് കണിയൊരുക്കിയ ഇല്ലായ്‌മക്കാരുടെ ,പാവപ്പെട്ട കർഷകത്തൊഴിലാളികളുടെ കുഞ്ഞു വീടുകളും അന്ന് ചുറ്റുപാടുകളിൽ വേണ്ടത്ര .

വീട്ടിലെ അമ്മൂമ്മയോ അമ്മയോ ആയിരിക്കും കുടുംബാംഗങ്ങളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി കണി കാണിക്കുക .
കുടുംബത്തിലെ മുതിർന്നവർ മറ്റു കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്നതും ചടങ്ങിലെ മുഖ്യ ഇനം .
കൊടുക്കുന്ന രൂപയുടെ അഥവാ നാണയത്തിൻറെ മൂല്ല്യത്തേക്കാളേറെ വലിയ അർത്ഥതലമുള്ളതായിരുന്നു വിഷുക്കൈനീട്ടം.
വീടുകളിൽ വളർത്തുന്ന പശുക്കളെയും കണി കാണിക്കുന്ന പതിവുണ്ട് .
കണിവെച്ച ചക്ക പശുവിനുള്ളത് .
കാലം മാറി കഥമാറി . കൈനീട്ടം ഗൂഗിൾ പേ വഴിയും ആവാമെന്ന നിലയിലെത്തിനിൽക്കുന്നു പുതിയതലമുറ .കണിയും ഇനി ഡിജിറ്റലായിക്കൂടെന്നില്ല .
കാലത്തിൻറെ മാറ്റം .അല്ലാതെന്തു പറയാൻ .
ശീതീകരിച്ച സ്വീകരണ മുറികളിലെ ടി വി യിൽ അല്ലെങ്കിൽ ഹോം തീയേറ്ററിലിരുന്നു വെടിക്കെട്ട് ആസ്വദിക്കുന്ന കാലവും ഏറെ ദൂരെയല്ല.
ത്രീ ഡി ഇഫക്ടിൽ നിർമ്മിച്ച വീഡിയോ പ്ലേ ചെയ്‌തുകൊണ്ടായിരിക്കും കുട്ടികൾ ഭാവിയിൽ വിഷുവിന് Electro-pyrotechnic‌ വെടിക്കെട്ട് ആസ്വദിക്കാക്കുക എന്നത് മറ്റൊരു സങ്കൽപ്പം .
അപകട രഹിതമായ ദൃശ്യാനുഭവം എന്നനിലയിൽ പ്രോത്സാഹിപ്പിക്കുകയുമാവാം .
മേടം 1 .രാത്രിയും പകലും തുല്യമായ നിലയിലുള്ള ദിവസം .
തുല്യമായത് എന്നർത്ഥം വരുന്ന മേട മാസത്തിലെ വിഷു പുതുവർഷപ്പിറവികൂടിയാണ്.
ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേയ്ക്ക് സൂര്യൻ സഞ്ചരിക്കുന്നതിനെയാണ് സംക്രാന്തി എന്ന് പറയുന്നത് .
സംക്രാന്തികളിൽ ഏറെ പ്രാമുഖ്യമർഹിക്കുന്നതും വിഷു തന്നെ .
കമ്പിത്തിരി ,പൂത്തിരി ,ഓലപ്പൊട്ടാസ് ,ഏറുപടക്കം ,ബീഡിപ്പൊട്ടാസ് ,നിലച്ചക്രം .ഇളനീർപ്പൂ .ആറ്റംബോംബ്
അങ്ങിനെ നീളുന്നു - ചുരുങ്ങുന്നു ഓരോരുത്തരുടെ യും സാമ്പത്തിക നിലക്കനുസരിച്ച് വിഷുവിനുള്ള കരിമരുന്ന്‌ പ്രയോഗങ്ങളും വിഭവസമാഹരണവും സദ്യവട്ടങ്ങളും .
വിഷു സദ്യ യ്ക്ക് പുന്നെല്ലരിച്ചോറും പ്രഥമനും .
കുട്ടികൾ തീകൊളുത്തിവിട്ട നിലച്ചക്രങ്ങൾ കറങ്ങിക്കരിഞ്ഞ കറുത്തതും വെളുത്തതുമായ പാടുകൾ മുറ്റത്തും കോലായിയിലും നിറയെ.
ചാണകം മെഴുകി മിനുക്കിയ മുറ്റങ്ങളിൽ പൊട്ടിച്ചിതറിയ പടക്കങ്ങളുടെ വർണ്ണക്കടലാസു ചുരുളുകൾ ചിന്നിച്ചിതറിയ നിലയിൽ .
തിരി അണഞ്ഞുപോയതും പൊട്ടാതെപോയതുമായ പടക്കങ്ങൾ പറമ്പിലവിടവിടെ .
പിന്നീടെപ്പോഴെങ്കിലും പറമ്പിലെ ഉണക്കച്ചണ്ടിക്ക് തീ കൊളുത്തിയാലായിരിക്കും കാതടപ്പിക്കുന്ന ശബ്‌ദത്തിൽ തീയും പുകയും കാണുക .
പഴയകാലങ്ങളിൽ ചുറ്റുപാടുകളിലെ പല വീടുകളും ഓലമേഞ്ഞത് .കരുതലോടെ മാത്രം പടക്കങ്ങൾ കൈകാര്യംചെയ്‌താലും ഒറ്റപ്പെട്ട തീപ്പിടുത്തങ്ങൾ വിഷുക്കാലത്തെ ചില നാട്ടുമ്പുറക്കാഴ്ചകൾ .
ഏകദേശം അര നൂറ്റാണ്ടിന് മുൻപ് തെക്കുനിന്നെവിടുന്നോ വന്ന് പിൽക്കാലത്ത് ഇവിടുത്തെ നാട്ടുകാരനായി മാറിയ മിടുക്കനായ വെടിക്കെട്ടുകാരൻ സുന്ദരൻ എന്നൊരാളുണ്ടായിരുന്നു ഇവിടെ.
കരി മരുന്നു പണിയിൽ അതീവ വിരുതൻ .വിഷുവടുത്താൽ സുന്ദരേട്ടൻ അയൽവാസികളായ ഞങ്ങൾക്കെല്ലാം സ്‌പെഷ്യൽ ഒലപ്പടക്കങ്ങൾ തയ്യാർ ചെയ്തു തരുമായിരുന്നു .കാതടപ്പിക്കുന്ന തരത്തിലുള്ള ഒച്ചയും മിന്നലുമായിരിക്കുമതിന് .
വിഷു ആഘോഷത്തിൻറെ ഭാഗമായുള്ള കരി മരുന്നു പ്രയോഗത്തിൽ അയൽക്കൂട്ടങ്ങൾ തമ്മിൽ അൽപ്പസ്വൽപ്പം മത്സരമനോഭാവാവുമില്ലാതല്ല .
മലബാറിലെ ക്ഷേത്രോത്സവങ്ങളിൽ സുന്ദരേട്ടൻറെ ഓലപ്പടക്കങ്ങൾക്ക് അന്നും ഇന്നും പ്രിയമേറെ . വിഷുവിനടുത്ത് കല്യാണം കഴിഞ്ഞവർ ഭാര്യ വീട്ടിൽ വിഷു ഊട്ടുക എന്നൊരു ചടങ്ങുണ്ടായിരുന്നു നാട്ടുമ്പുറങ്ങളിൽ .
ഓരോരുത്തരുടെ യും ആസ്‌തിക്കും അവസ്ഥക്കും മങ്ങലേൽക്കാത്ത തരത്തിൽ കരി മരുന്നു പ്രയോഗത്തിനുള്ള വലിയ പൊതിയുമായിട്ടായിരിക്കും ''പുതിയാപ്ല '' മാർ ഭാര്യ വീട്ടിലെത്തുക.
അക്കാലങ്ങളിൽ വിഷുവിന് റിലീസാകുന്ന സിനിമകൾ തലശ്ശേരി മുകുന്ദിലോ വടകര അശോകിലോ അന്നേ ദിവസം തന്നെ പോയിക്കണ്ടിരുന്നതും ചെറുപ്പത്തിൻറെ ത്രില്ലെന്നു പറയാം.
വിഷു വർഷം നിങ്ങൾക്കെങ്ങിനെ ?
ജാതകപ്പൊരുത്തം നോക്കി വിവാഹം കഴിക്കുന്നതും ,വിവാഹത്തിന് മുഹൂർത്തം കുറിക്കുന്നതുമെല്ലാം ശുദ്ധ മണ്ടത്തരമാണെന്ന് ശാസ്ത്രാവബോധത്തോടെ വാദിക്കുന്നവരേറെയുള്ള നാട്ടിൽ വിഷു ഫലം വായിക്കുന്നതും പടു പഴഞ്ചൻ ഏർപ്പാടാണെന്ന് പറയുന്നവർ ഇന്ന് ഇല്ലാതല്ല .
ആഘോഷങ്ങളും ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം കമ്പോളവൽക്കരിക്കപ്പെട്ട ആധുനിക കാലഘട്ടങ്ങളിൽ പ്രമുഖ വർത്തമാന പത്രങ്ങളിൽ ഞായറാഴ്ചകളിൽ വരുന്ന വാരഫലം കണികണ്ടുണരുന്നവരാണധികവും എന്നും പറയാതെ വയ്യ .
വിഷുസംക്രാന്തിനാളിൽ പടി കടന്നെത്തുന്ന പണിക്കരുടെ അഥവാ ജ്യോത്സ്യൻറെ നാവിൽ നിന്നും ഉതിർന്നു വീഴുന്ന വിഷു ഫലം നെഞ്ചിടിപ്പോടെയായിരുന്നു പഴമക്കാർ കാതോർത്തിരുന്നത് .
എന്താണാവോ പറയാൻ പോകുന്നത്? പ്രളയം വരുമോ ? വെള്ളപ്പൊക്കത്തിൽ കൃഷി നശിക്കുമോ ?കൊടുങ്കാറ്റും ഇടിമിന്നലുമാവുമോ ഫലം ?
വസൂരിയും കോളറയും പോലുള്ള പകർച്ചവ്യാധികൾ വന്നുപെടുമോ ?
കടബാധ്യതയിൽ കുടുംബത്തിൻറെ യശസ്സ് നശിക്കുമോ ?
ഗ്രഹാനുകൂല്യം പോസിറ്റിവാണെന്ന് കേട്ടാൽ മനസ്സമാധാനവുമായി .
ഇതായിരുന്നു പലരുടേയു അവസ്ഥ .എല്ലാം പ്രവചിച്ചു കഴിഞ്ഞാൽ ''യാവനയും '' കൈകൂട്ടി വാങ്ങി ജ്യോൽസ്യൻ സ്ഥലം വിടും .അടുത്ത ഇടങ്ങളിലേക്ക് .

പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും കാതോട് കാത് കൈമാറിയും ,പരസ്‌പരം പങ്കുവെച്ചും പ്രചരിച്ചു വരുന്ന കഥകളെയാണ് നമ്മൾ ഐതീഹ്യം എന്ന് പറയുന്നത് .
തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറി വരുന്നതും ഏതെങ്കിലുമൊരു പ്രത്യേക കാലഘട്ടത്തിൽ നടന്നതാണെന്ന് വിശ്വാസമുള്ളതും ചരിത്രവുമായി ഇഴചേർത്ത് നെയ്തെടുത്തതുമാണ് ഐതീഹ്യങ്ങളിൽ പലതും എന്ന് വിശ്വസിക്കുന്നവരുടെ അംഗസംഖ്യയും ചെറുതല്ല.
അതിശയയോക്തികളുടെയും അർദ്ധസത്യങ്ങളുടെയും അകമ്പടി അഥവാ അതിപ്രസരം അതുമല്ലെങ്കിൽ ഏറ്റക്കുറച്ചിലുകൾ ഇത്തരം കഥകളിൽ വേണ്ടത്ര ഉണ്ടെന്നു വിശ്വസിക്കുന്ന പുരോഗമനചിന്താഗതിക്കാരും എണ്ണത്തിൽ കുറവല്ല .
ഭിന്നാഭിപ്രായങ്ങൾക്കിടയിലും ഇത്തരം കഥകൾ ചരിത്രസത്യത്തിലേക്കുള്ള ദിശാഫലകങ്ങളായി പരിണമിച്ചുകാണാറുണ്ടെന്നത് നിഷേധിക്കാനാവാത്ത മറ്റൊരു സത്യം .
വിഷുവിനുമുണ്ട് ഇതുപോലെ ഒരുകൂട്ടം ഐതീഹ്യപ്പെരുമകൾ !.
സീതാ ദേവിയുടെ അന്വേഷണത്തിനായി പുറപ്പെട്ട ശ്രീരാമൻ യാത്രാ മദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്‌ത് ബാലിയെ ഒളിയമ്പെയ്‌തു കൊന്നത് മരം മറഞ്ഞുനിന്നായിരുന്നു .
ബാലിയെ കൊന്ന മരം എന്ന പേരുദോഷം പിൽക്കാലത്ത് കൊന്നമരം എന്നായി ചുരുങ്ങിയെന്നുവേണം കരുതാൻ .

കൃഷ്‌ണഭക്തനായ ഉണ്ണി എന്ന കൊച്ചുകുട്ടിയുടെ പേരിലാണ് മറ്റൊരു കഥ .
ഉണ്ണി എന്ന കുട്ടിക്ക് സാക്ഷാൽ ഉണ്ണിക്കണ്ണനോട് കടുത്ത ഭക്തിയും വിശ്വാസവും.
പ്രാർത്ഥനയിലെല്ലാം ഉണ്ണിക്കണ്ണനെ നേരിൽ കാണാൻ വല്ലാത്ത കൊതി .
ഒരിക്കലത് സംഭവിച്ചു .
ഉണ്ണിയുടെ മുൻപിൽ സാക്ഷാൽ ഉണ്ണിക്കണ്ണൻ പ്രത്യക്ഷനായി .
ഉണ്ണിയുടെ കണ്ണുകൾ തിളങ്ങി .ഭക്തിയുടെ നിറവിൽ കൈകൂപ്പി നിന്ന ഉണ്ണിയോട് ഭഗവാൻറെ ചോദ്യം '' നിനക്കെന്താണ് വേണ്ടത് ?എന്താണേറ്റവും ആവശ്യം ?''
ഉണ്ണിക്കു ഒരേ ഒരു മറുപടി മാത്രം .'' എനിക്കെന്നും ഉണ്ണിക്കണ്ണനെ കാണണം ''.
ഉണ്ണി എന്ന കൊച്ചു ഭക്തനിൽ സംപ്രീതനായ ഭഗവാൻ തന്റെ പൊന്നരഞ്ഞാണം ഊരി ഉണ്ണിക്ക് സമ്മാനമായി നൽകി .
സന്തോഷം കൊണ്ട് തുള്ളിച്ചാടിയ കുട്ടി കൂട്ടുകാരോടൊക്കെ ഈ കഥ പങ്കുവെച്ചെങ്കിലും ആരും വിശ്വസിച്ചതുമില്ല .
തൊട്ടടുത്ത ദിവസം അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിലെ പൂജാരി പുലർകാല പൂജയ്ക്ക് ശ്രീകോവിൽ തുറന്നപ്പോൾ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണം -പൊന്നരഞ്ഞാണം കാണാനില്ലെന്ന് വാർത്തയുംകൂടി പുറത്തുവന്നപ്പോൾ വളരെപ്പെട്ടെന്നുതന്നെ ഉണ്ണി മോഷ്ട്ടാവായി മാറുകയും നാട്ടുകാരുടെ മുൻപിലും വീട്ടുകാരുടെ മുൻപിലും കുറ്റവാളിയായിത്തീരുകയാണുണ്ടായത് .
പൊന്നരഞ്ഞാണം മോഷ്ടിച്ചതാണെന്ന വിശ്വാസത്തിൽ കൃഷ്ണഭക്തയായ അമ്മയുടെ കൈയ്യിൽ നിന്നും തല്ലും ശകാരവും ഉണ്ണിക്ക് കിട്ടിയെന്നുമാത്രമല്ല ഉണ്ണിയുടെ കൈയ്യിലെ പൊന്നരഞ്ഞാണം അമ്മ പിടിച്ചുവാങ്ങുകയും മോഷ്‌ടിച്ച മുതൽ നിനക്ക് വേണ്ടെന്നു പറഞ്ഞുകൊണ്ടു പൊന്നരഞ്ഞാണം പറമ്പിലേക്ക് വലിച്ചെറിയുകയുമാണത്രെ ഉണ്ടായത് . തൊട്ടടുത്ത മരക്കൊമ്പിൽ പൊന്നരഞ്ഞാണം ഉടക്കി നിന്നെന്നും ഏറെ വൈകാതെ ആ മരക്കൊമ്പുകൾ മുഴുവൻ സ്വർണ്ണ നിറമുള്ള പൂക്കളെ ക്കൊണ്ട് നിറഞ്ഞെന്നുമാണ് കണിക്കൊന്നപ്പൂക്കളുടെ ഐതീഹ്യം .
ഉണ്ണിക്കണ്ണൻറെ ലീലാവിലാസങ്ങൾ എന്ന പേരിലാണ് വിഷുവുമായി ബന്ധപ്പെടുത്തി കൊന്നപ്പൂക്കളെക്കുറിച്ചുള്ള ഈ വിശ്വാസം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറിയെത്തിയതെന്നുവേണം കരുതാൻ.

വീടിൻറെ വടക്ക് കിഴക്കേ മൂലയിൽ സമ്പൽ സമൃദ്ധിക്കായി കൊന്നമരം നടുന്നവരുണ്ടത്രേ .
നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നത് മറ്റൊരു വിശ്വാസം .
കൊന്നപ്പൂക്കൾ എത്രതന്നെ അഴകുള്ളതാണെങ്കിലും സ്ത്രീകളാരും തന്നെ കൊന്നപ്പൂക്കൾ കേശാലങ്കാരത്തിനായി മുടിയിൽചൂടി കാണാറില്ല .
ദീർഘ തപസ്സിൻറെ പരിണിത ഫലമായി ഗർഗ മുനി സ്വായത്തമാക്കിയ അപൂർവ്വ സിദ്ധികൾ നശിപ്പിക്കാൻ ഇന്ദ്രൻ ഒരു ദേവാംഗനയെ പറഞ്ഞുവിട്ടെങ്കിലും ഗർഗ്ഗ മുനി ആകൃഷ്ടനായത് ദേവാംഗനയുടെ സൗന്ദര്യത്തിലുപരി അവളുടെ തലമുടിയിൽ ചൂടിയ കൊന്നപ്പൂക്കളിലായിരുന്നുവെന്ന് സ്വയം മനസിലാക്കിയ മുനിതന്നെ കൊന്നപ്പൂക്കൾ ആരും തലയിൽ ചൂടാത്ത പൂവായിത്തീരട്ടെ എന്ന് ശപിക്കുകയാണുണ്ടായതെന്ന് കൊന്നപ്പൂവിൻറെ മറ്റൊരു കഥ .
രാവണൻറെ പേരിലുമുണ്ട് കൊന്ന യുമായി ബന്ധപ്പെട്ട ചില ഐതീഹ്യങ്ങൾ .
ആയുർവ്വേദ ചികിത്സയിലും കൊന്നയ്ക്ക് ഏറെ പ്രാമുഖ്യം . സസ്യങ്ങളിൽ പൂക്കളുണ്ടാകുന്നതിന് സഹായകമായി പ്രവർത്തിക്കുന്ന ഫ്ളോറിജൻ എന്ന ഹോർമോൺ കഠിനമായ ചൂട് കാലാവസ്ഥയിൽ അമിതമായി ഉൽപ്പാദിക്കപ്പെടുന്നതിനാലാണത്രെ കണിക്കൊന്ന നേരത്തെ പൂവിട്ടുണരുന്നത് .കടുത്ത വേനലിനെ അതിജീവിക്കുവാൻ കണിക്കൊന്നയിൽ സംഭവിക്കുന്ന രാസ മാറ്റവും ഇതിനൊരു കാരണമെന്നും അറിയുന്നു .കർണ്ണികാരം അഥവാ കൊന്ന മരം ഇലകളിലൂടെയുള്ള ജലനഷ്ടം ക്രമീകരിക്കുന്നതിനായി കടുത്ത വേനലിൽ ഇലകൾ പൊഴിച്ചു കൊണ്ട് പകരം ചില്ലകൾ നിറയെ കൊന്നപ്പൂക്കൾ വിരിയിച്ചുകൊണ്ടാണ് കടുത്ത വേനലിനെ സ്വീകരിക്കുന്നുവെന്ന ശാസ്ത്രീയ സത്യം സസ്യശാസ്‌ത്ര വിദഗ്‌ധർ വ്യക്തമാക്കുന്നതും ഐതീഹ്യങ്ങൾക്കൊപ്പം നമുക്ക് കൂട്ടി വായിക്കാം .കുറ്റിയാടി ബസ് സ്റ്റാൻഡിനു പുറകു വശത്ത് കെ എസ് ഉമ്മർ എന്ന സുഹൃത്തിൻറെ വീട്ടുമുറ്റത്ത് സാമാന്യം വലിയൊരു കൊന്നമരമുണ്ട് .വിഷുവന് പൂക്കളില്ലാത്ത കൊന്നമരം .എന്നാൽ ഈ മരത്തിൽ പെരുന്നാളടുത്താൽ കാലം തെറ്റിയ നിലയിൽ നിറയെ കൊന്നപ്പൂക്കൾ .വിരിയുന്നത് പതിവ് കാഴ്ച്ച .വീട്ടുകാരും അയൽക്കാരും ഈ കൊന്ന മരത്തിനെ ''മാപ്പിളക്കൊന്ന'' എന്ന ഓമനപ്പേരിലാണ് വിളിക്കാറുള്ള ത് .

വിഷുവെത്തും മുൻപേ തന്നെ പ്രകൃതിയുടെ വിഷുക്കൈനീട്ടം
മാഹി കോളേജിനടുത്ത് ചെറുകല്ലായിയിലെ ഫ്രഞ്ച് പെട്ടിപ്പാലത്തിനടുത്ത് റോഡരികിൽ യൗവ്വനം അതിമനോഹാരിയാക്കിയപോലെ പൂത്തുലഞ്ഞ കണിക്കൊന്ന മരം കാണാം !.
'' നേരെ വിടർന്നുവിലസീടിന നിന്നെ നോക്കി- യാരാകിലെന്ത് ? മിഴിയുള്ളവർ നിന്നിരിക്കാം ''-
ഈ കൊന്നമരത്തിൽ കണ്ണുടക്കാതെ കടന്നുപോകുന്ന വഴിയാത്രക്കാരില്ല .
ഒരില പോലുമില്ലാതെ സ്വർണ്ണമുരുക്കിക്കുടഞ്ഞപോലുള്ള ചില്ലകൾ !
അതി മനോഹരമായ ദൃശ്യാനുഭവം അഥവാ കൗതുകക്കാഴ്ച്ച !!
മാധ്യമങ്ങളിൽ വരെ നിറഞ്ഞുനിൽക്കുന്നു .
വാഹനം നിർത്തി സെൽഫി കാമറ ക്ളിക്ക് ചെയ്യുന്നവരുടെ എണ്ണവും ചെറുതല്ല .
കൊന്നപ്പൂവിൻറെ നിറശോഭക്ക് മാറ്റു കൂട്ടാൻ കടും മഞ്ഞ നിറക്കൂട്ടുകൾകൊണ്ട് ചായം പൂശിമനോഹരമാക്കിയ വീടും പരിസരവും തന്നെയാണ് എടുത്തു പറയാവുന്ന പ്രത്യേകത.
മാഹി മുനിസിപ്പാലിറ്റിയിൽ കമ്മീഷണർ പദവിയിൽ നിന്നും വിരമിച്ച അടിയേരി ഗംഗാധരേട്ടൻറെ വീട്ടുമുറ്റത്താണ് ഈ അപൂർവ്വ കാഴ്ച്ച ! .
ഭാരതദേശം എന്ന മാസികയുടെ പത്രാധിപർ കൂടിയാണ് കൊന്നപ്പൂക്കളെ പ്രണയിക്കുന്ന ഗംഗാധരൻ എന്ന പ്രകൃതി സ്നേഹി.

വിഷുവെത്തും മുൻപേതന്നെ പ്രകൃതിയുടെ വിഷുക്കൈനീട്ടം കൈ നീട്ടി വാങ്ങാൻ ഭാഗ്യമുണ്ടായ ഗംഗാധരേട്ടനോടും കുടുംബത്തോടും യാത്രപറഞ്ഞിറങ്ങുമ്പോൾ മഞ്ഞൾപ്രസാദവുമായി ഗംഗാധരേട്ടൻറെ വീട്ടുമുറ്റത്ത് നിൽക്കുന്ന കണിക്കൊന്ന മരത്തെ ഒരിക്കൽകൂടി തിരിഞ്ഞു നോക്കാതിരിക്കാൻ കഴിഞ്ഞില്ല .
മേടച്ചൂടിൽ എല്ലാം കരിഞ്ഞുണങ്ങി നിൽക്കുമ്പോഴും പ്രകൃതിക്ക് അലങ്കാരമായി ,ഒപ്പം കൊന്നപ്പൂക്കൾ കണികണ്ടുണരാൻ വീണ്ടുമൊരു മേടമാസപ്പുലരി പടിവാതിൽക്കൽ എത്തിനിൽക്കുന്നു !


English Summary: VISHU HAS COME LET US CELEBRATE FOR A HAPPY YEAR

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine