Health & Herbs

വിത്തുകള്‍ എളുപ്പത്തില്‍ മുളപ്പിക്കാനുള്ള ചില പൊടിക്കൈകള്‍..

പാകുന്ന വിത്തുകൾ മുളക്കുന്നില്ല.


ഇത് വളരെ അധികം ആളുകൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നം ആണ്. കാര്യം നിസ്സാരം എന്ന് തോന്നാമെങ്കിലും ഒരു കർഷകനെ സംബന്ധിച്ചിടത്തോളം പ്രശ്നം ഗുരുതരമാണ്. പലരും നെഴ്സറികളിൽ വിൽക്കാൻ വെച്ചിരിക്കുന്ന തൈകളെ ആശ്രയിക്കുന്നു. സർവസാധാരണമായ ചില നാടൻ ഇനങ്ങൾ മാത്രമേ നെഴ്സറികളിൽ ലഭിക്കത്തൊള്ളൂ. നമ്മൾ ആഗ്രഹിക്കുന്ന ചെടികൾ നട്ടു വളർത്താൻ പറ്റാത്ത അവസ്ഥ. ഒരു തൈക്കു 10-15 രൂപ കൊടുക്കേണ്ടതായും വരും. ഒന്ന് രണ്ട് അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. അത് എന്താണെന്നു നോക്കാം

1) വിത്ത് ഗുണം പത്തു ഗുണം.

ഗുണനിലവാരമുള്ള വിത്തുകൾ മാത്രമേ ഉപയോഗിക്കാവൂ. VFPCK (Vegetable and Fruit Promotion Council Kerala) വിത്തുകൾ നല്ല ഗുണ നിലവാരം ഉള്ളവയാണ്. ഇതാണ് സർക്കാർ വിതരണം ചെയ്യുന്നത്. കഴിവതും നാടൻ ഹൈബ്രിഡ് വിത്തുകൾ ഉപയോഗിക്കുക. പഴക്കം ചെന്ന വിത്തുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.

പൂർണ്ണമായി ഉണങ്ങിയ വിത്തുകൾ മുളക്കില്ല. വിത്തിനുള്ളിൽ ചുരുങ്ങിയത് 5% എങ്കിലും ജലാംശം ഉണ്ടായിരിക്കണം. മുളക് വഴുതന മുതലായ വിത്തുകൾ നിറം മങ്ങി കാണുന്നെങ്കിൽ അത് ഉപയോഗിക്കരുത്. കുമിൾ ബാധയാവാം ഈ നിറം മങ്ങാൻ കാരണം.

Omaxe, R K Seeds, Namdhari seeds മുതലായ ഉന്നത ഗുണനിലവാരം ഉള്ള ബ്രാൻഡഡ് വിത്തുകൾ മാർകെറ്റിൽ ലഭ്യമാണ്. വില അൽപ്പം കൂടും. ഒരു പാക്കറ്റിനു 30 രൂപ മുതൽ 100 രൂപവരെ കൊടുക്കേണ്ടിവരും.

ഇതുപോലെ ഉള്ള ബ്രാൻഡഡ് വിത്തുകളും, VFPCK വിത്തുകളും വലിയ അളവിൽ വാങ്ങി റീ പാക്ക് ചെയ്തത് എയർ ടൈറ്റ് ആയ സിപ് പൗച്ചുകളിൽ ഒരു പാക്കറ്റിനു 10 രൂപനിരക്കിൽ Agroorganicshop NSS Bldg. Perunna Changanasseri എന്ന സ്ഥാപനത്തിൽ ലഭ്യമാണ്. ആവശ്യക്കാർക്ക് പോസ്റ്റൽ ആയി അയച്ചു തരും. അവരുടെ പക്കൽ നിന്ന് ഞാനും വിത്തുകൾ വാങ്ങിയിട്ടുണ്ട്. നല്ല റിസൾട്ടാണ്‌.

2)വിത്തുകൾ പാകുന്നതിനു മുൻപായി 5 മിനിട്ടു വെയിലു കൊള്ളിച്ച ശേഷം 4 മണിക്കൂർ വെള്ളത്തിൽ ഇടുക. (പയറു വിത്തുകൾ വെള്ളത്തിൽ ഇടണമെന്നില്ല.)

ഉണക്കു കൂടുതൽ ഉള്ള വിത്തുകൾ 12 മണിക്കൂർ വരെ വെള്ളത്തിൽ ഇടാം. ഉണക്കു കൂടുതൽ ആണോ എന്ന് വിത്തിന്റെ വലിപ്പത്തിൽ നിന്നും ഏറെക്കുറെ മനസിലാക്കാം.


വെണ്ട പയർ മുതലായ വിത്തുകൾ കുതിർത്ത ശേഷം നനഞ്ഞ കോട്ടൺ തുണിയിൽ പൊതിഞ്ഞു വെച്ചാൽ ഏതാണ്ട് ഒരു ദിവസത്തിനുള്ളിൽ മുള പൊട്ടുന്നത് കാണാം. ആദ്യം ആദ്യം മുള പൊട്ടുന്ന വിത്തുകൾ എടുക്കുക. മുള പുറത്തു കാണുന്ന മാത്രയിൽ തന്നെ നടണം.

ഓരോ വിത്തും മുളക്കുവാൻ ആവശ്യമായ ഊർജം കൊഴുപ്പിന്റെ രൂപത്തിൽ വിത്തിൽ തന്നെ കരുതിയിട്ടുണ്ട്. വെളിച്ചെണ്ണയും എള്ളെണ്ണയും, ഒലീവോയിലും എല്ലാം ഇങ്ങനെയുള്ള വിത്തിന്റെ കരുതൽ ആണ്.

3)വിത്ത് പാകാൻ ഉപയോഗിക്കുന്ന പാത്രം/ട്രേ.


98 കളികളും, 50 കള്ളികളുമുള്ള (Rs 20) പ്ലാന്റിങ് ട്രേകളാണ് മാർകെറ്റിൽ ഉള്ളത്. 98 കള്ളികൾ ഉള്ളവ ഉപയോഗിക്കരുത്. 50 കള്ളികൾ ഉള്ളവയും ഉപയോഗിച്ചാൽ തന്നെ കൃത്യ സമയത്തു പറിച്ചു നടണം. വലിയ വിത്തുകൾ പാകാൻ പേപ്പർ കപ്പുകളോ ഇതിനായി ലഭിക്കുന്ന പ്ലാസ്റ്റിക് കപ്പുകളോ ഉപയോഗിക്കുക.

4) വിത്ത് പാകാൻ ഉപയോഗിക്കുന്ന മീഡിയം പലതും ആകാം.

50% മണ്ണിര കമ്പോസ്റ്റും 50% ചകിരിച്ചോർ കമ്പോസ്റ്റും ആയാൽ ഏറ്റവും നന്ന്. 50% ചകിരിച്ചോർ കമ്പോസ്റ്റും 50% ചാണകപ്പൊടിയും ആകാം. ചകിരിച്ചോർ കമ്പോസ്റ്റു മാത്രമായാലും കുഴപ്പമില്ല.പക്ഷെ ചാണകത്തെളി തളിച്ച് കൊടുത്തു ഈ ചകിരിച്ചോർ നനക്കണം.

ഇനി ഒരു എളുപ്പ മാർഗ്ഗം പറയാം.

ഒരിക്കൽ ഗ്രോ ബാഗിൽ ഉപയോഗിച്ച പോട്ടിങ് മിശ്രിതം വിത്തുകൾ പാകാൻ ഒരു ഐഡിയൽ മീഡിയമാണ്.

ഇതിൽ മറ്റൊന്നും ചേർക്കേണ്ട. ഇതിൽ ഉണ്ടായിരുന്ന എല്ലാ ജൈവ വളങ്ങളും പൂർണ്ണമായി വിഘടിച്ച് സസ്യങ്ങൾക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാവുന്ന അവസ്ഥയിൽ ആയിരിക്കും. സൂക്ഷ്മാണുക്കളുടെ നല്ല സാന്നിധ്യവും ഉണ്ടാകും. നല്ല ആരോഗ്യമുള്ള തൈകൾ ഉറപ്പായും ലഭിക്കും. ജോലിയും ലാഭം. മീഡിയം എന്ത് തന്നെ ആയാലും ഒരൽപം ട്രൈക്കോഡെർമയോ സ്യൂഡോമോണസോ ചേർക്കവുന്നതാണ്. ഏതെങ്കിലും ഒന്നേ ചേർക്കാവൂ. ട്രേയുടെ കള്ളികൾ 3/4 ഭാഗം മാത്രമേ നിറക്കാൻ പാടുള്ളൂ.

വിത്ത് മുളച്ച ശേഷം ബാക്കി ഫിൽ ചെയ്യണം.

വിത്തിന്റെ വലിപ്പം അനുസരിച്ചു വേണം മീഡിയത്തിൽ അത് എത്ര താഴ്ത്തി നടണം എന്ന് തീരുമാനിക്കേണ്ടത്.

ഒന്നേകാൽ സെന്റീമീറ്റർ നീളമുള്ള ഒരു പാവലിന്റെ വിത്താണ് നടുന്നത് എങ്കിൽ അത് ഒന്നേകാൽ സെന്റീമീറ്റർ താഴ്ത്തി നടുക. കൂർത്ത വശം മുകളിൽ ആക്കി വേണം നടാൻ. കൂർത്ത വശത്തുകൂടിയാണ് വേര് മുളക്കുന്നത്.

വിത്തിനെ സഹായിക്കാൻ പലരും കൂർത്ത വശം താഴെ ആക്കി നാടാറുണ്ട്. ഇത് വിത്തിനു ഇരട്ടി പണിയാകും. വിത്ത് മുളച്ചു പൊന്തുമ്പോൾ തല കുമ്പിട്ടിരിക്കുന്നതു കണ്ടിട്ടില്ലേ. ആദ്യത്തെ 2 ഇലകൾ വിരിയുന്നതിനു മുൻപ് അതിൽ സൂര്യപ്രകാശം നേരിട്ട് പതിക്കാതിരിക്കാൻ വേണ്ടിയുള്ള ഒരു പ്രൊട്ടക്ടീവ് മെക്കാനിസം ആണത്. വേരിനു അനായാസം U ടേൺ എടുക്കാൻ കഴിയും. തണ്ടു വളക്കേണ്ടി വരുന്നത് ഇരട്ടിപ്പണി യാണ്.

 

5) വിത്തുപാകുന്ന മീഡിയത്തിൽ ഈർപ്പം അധികമാകാൻ പാടില്ല.

വിത്ത് മുളക്കാതിരിക്കാൻ പ്രധാന കാരണവും ഇത് തന്നെ ആണ്. വിത്ത് പാകുന്ന മീഡിയം കയ്യിൽ എടുത്തു ഞെക്കിയാൽ വെള്ളം വരാൻ പാടില്ല. ഈർപ്പത്തിന്റെ ഈ ലെവൽ വിത്ത് മുളക്കുന്ന വരെയും നില നിർത്തണം. ഇതിനു ഒരു എളുപ്പ മാർഗ്ഗമുണ്ട്. ട്രേ ഒരു സുതാര്യമായ പ്ലാസ്റ്റിക്ക് കൊണ്ട് കവർ ചെയ്തു പ്ലാസ്റ്റിക്ക് ഷീറ്റിന്റെ 4 തുമ്പും ട്രേയുടെ അടിയിൽ തിരുകി വെയ്ക്കുക.

വിത്ത് മുളക്കുന്നവരെ ഇനി ഒന്നും ചെയ്യണ്ട. വെള്ളം ഒഴിക്കണ്ട എന്ന് പ്രത്യകം പറയുന്നു. തണലത്തു സൂക്ഷിച്ചാൽ മാത്രം മതി. വിത്തുകൾ മുളക്കുമ്പോൾ പ്ലാസ്റ്റിക്ക് മാറ്റി ട്രേ വെയിലത്ത് വെക്കുക. പ്ലാസ്റ്റിക്ക് ഷീറ്റ് ഇല്ലെങ്കിൽ ഒരു നനഞ്ഞ കോട്ടൺ തുണി കൊണ്ട് ട്രേ കവർ ചെയ്യുക. തുണി ഉണങ്ങാതിരിക്കാൻ ഹാൻഡ് സ്‌പ്രെയർ കൊണ്ട് ഒരു മിസ്ററ് സ്പ്രേ ആവശ്യമുള്ളപ്പോൾ മാത്രം കൊടുക്കുക.

6) വിത്ത് മുളച്ചു കഴിഞ്ഞാൽ ചുരുങ്ങിയത് 50% വെയിലു കിട്ടിയിരിക്കണം.

അല്ലാത്ത പക്ഷം വെണ്ട പയർ മുതലായ ചില തരം തൈകൾ മെലിഞ്ഞു നീണ്ടു പോകും. വെയിൽ അന്വേഷിച്ചുള്ള പോക്കാണത്. അവസാനം മറിഞ്ഞു വീഴും. ട്രേ വെയിലത്ത് വെയ്ക്കുമ്പോൾ ഉമിയോ നന്നായി പൊടിച്ച കരിയിലയോ കൊണ്ട് പുത ഇട്ടു കൊടുക്കണം. നന അധികമാകരുത്.

7) കൃത്യ സമയത്തു തന്നെ തൈകൾ എടുത്തു നടണം.

ട്രേ നനക്കാതെ വേണം തൈകൾ പൊക്കി എടുക്കാൻ. ഗ്രോ ബാഗിലേക്കു മാറ്റി നടുമ്പോൾ വേരുകൾക്കും അതിനു ചുറ്റുമുള്ള മീഡിയത്തിനും ഒരു ക്ഷതവും സംഭവിക്കാൻ പാടില്ല. നടുന്നതിനു മുൻപായി 10 മിനിട്ടു നേരം വേര് സ്യൂഡോമോണസ് ലായനിയിൽ മുക്കി വെയ്ക്കാൻ ഒരു നിർദ്ദേശം നിങ്ങൾ കണ്ടിരിക്കും. ഇതൊരു മണ്ടൻ നിർദ്ദേശമാണ്. ഇങ്ങനെ മുക്കിയാൽ വേരിനു ചുറ്റുമുള്ള മണ്ണ് മുഴുവൻ ആ ലായനിയിൽ അപ്രത്യക്ഷമാകും. മാറ്റി നടുമ്പോൾ ഒന്ന് രണ്ടു ദിവസം ഗ്രോ ബാഗ് തണലത്തു വെക്കുന്നത് നല്ലതാണ്‌.

8) നഴ്‌സറിയിൽ നിന്നും തൈകൾ വാങ്ങുമ്പോൾ മീഡിയത്തിൽ ധാരാളമായി ഒരു വെളുത്ത വസ്തു കാണപ്പെടും.

ഇത് കുമ്മായമാണ് എന്ന് തെറ്റിദ്ധരിച്ചു പലരും മീഡിയത്തിൽ കുമ്മായം ചേർക്കാറുണ്ട്. കുമ്മായം പോലെ തോന്നുന്ന വസ്തു പെർലൈറ്റ് ആണ്. നമുക്ക് അത് ആവശ്യമില്ല. അതുപോലെ തന്നെ തിളങ്ങുന്ന മെറ്റാലിക് തരികളും കാണപ്പെടും അത് വെർമികുലൈറ് ആണ്. അതും നമുക്ക് ആവശ്യമില്ല. ഒന്ന് ഈർപ്പം നിലനിർത്താനും മറ്റത് തൈ ട്രേയിൽ നിന്നും അനായാസം പൊക്കി എടുക്കാനും ആണ്.

9) സ്വന്തം കൃഷിയിൽ നിന്നും നിങ്ങൾ സംഭരിക്കുന്നതോ പുറത്തു നിന്ന് ലഭിക്കുന്നതോ ആയ വിത്തുകൾ ശ്രദ്ധാപൂർവം സൂക്ഷിക്കണം.

സ്വന്തം വിത്തുകൾ തണലത്തു ഉണക്കിയ ശേഷം ഉടൻ തന്നെ ലേശം സ്യൂഡോമോണസ്/ട്രൈക്കോഡെർമ പൗഡർ/ചാരം ഇതിൽ ഏതെങ്കിലും ഒന്ന് മാത്രം പുരട്ടി 100% വായൂ നിബിഢമായ പാത്രത്തിൽ ആക്കി ഫ്രിഡ്ജിന്റെ ഏറ്റവും താഴത്തെ തട്ടിൽ സൂക്ഷിക്കുക. പുറത്തു നിന്നും വാങ്ങുന്ന വിത്ത് പാക്കറ്റുകൾ എയർ ടൈറ്റ് ആണെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെ മേൽ പറഞ്ഞ പോലെ ഫ്രിഡ്ജിൽ സൂക്ഷിക്കുക.

10) താരതമ്യേന മുഴുപ്പുള്ള വിത്തുകളും നല്ല ആരോഗ്യമുള്ള തൈകളും മാത്രമേ കൃഷിക്ക് ഉപയോഗിക്കാവൂ. ബാക്കിയുള്ളവ ഉപേക്ഷിക്കുക.

ചീര പാകുമ്പോൾ 


ചീര വിത്ത് എത്രയും പുതിയതാണോ അത്രയും നന്ന്. ചീര വിത്തിനു സ്ലീപ്പിങ് പീരീഡ്‌ ഇല്ല. ഒരു നുള്ളു വിത്ത് രണ്ടു വിരലുകൾ കൊണ്ട് എടുക്കുക. അത് ഒരു തുണിയിൽ പൊതിഞ്ഞു വെള്ളത്തിൽ ഇടുക. ഒരു 4 മണിക്കൂറിനു ശേഷം അത് ഒരു ടേബിൾ സ്പൂൺ ഉണങ്ങിയ മണ്ണോ പിത്തു കമ്പോസ്റ്റോ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം പാകുക. തൈകൾ മുളച്ചു കഴിയുമ്പോൾ രണ്ടു തൈകൾ തമ്മിൽ 2-3 cm.

അകലം കണക്കാക്കി ബാക്കിയുള്ളവ പറിച്ചു കളയുക. ചീര തൈകൾ വെയിലത്ത് വെയ്ക്കണം. ഒരു 4 ഇല പരുവമാകുമ്പോൾ ഒരു ടേബിൾ സ്പൂൺ ഉപയോഗിച്ച് വേരിനും അതിനു ചുറ്റും ഉള്ള മണ്ണിനും ഒരു ക്ഷതവും വരാതെ എടുത്തു നടുക. ചീര നടാനുള്ള ഗ്രോ ബാഗ് പകുതിയേ നിറക്കാവൂ. ചീര വളർന്നു പൊങ്ങിന്നതനുസരിച്ചു മണ്ണ് ഇട്ടു കൊടുത്തു ബാഗു നിറക്കുക. ഒരു 3" എങ്കിലും തണ്ട്മണ്ണിന് അടിയിൽ ആവണം. കാരണം ചീരയുടെ തണ്ടിൽ നിന്നും വേര് ഇറങ്ങും. ചീരക്ക് ചാരം ഇടരുത്.


English Summary: vithhu seed germination mullapikkanulla tips

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine