കരിങ്കോഴി എന്ന് കേൾക്കുമ്പോൾ ഉടനെ മന്ത്രവാദികളെ ആയിരിക്കും ഓർമ്മ വരുക. എന്നാൽ ഇവ ഇന്ന് വലിയൊരു വരുമാനമാർഗ്ഗമാണ് കോഴിവളർത്തലിൽ തുറന്ന് തന്നിട്ടുള്ളത്. തമിഴ്നാട്ടിൽ നിന്നും വരുന്ന ബ്രോയിലർ കോഴികളെ കേരളത്തിലെ മാംസപ്രിയർ ഇഷ്ടപ്പെടുന്നില്ല. പ്രധാന കാരണം അവ ഹോർമോൺ കുത്തിവെച്ച് വളർത്തപ്പെട്ടവയാണ് എന്നുള്ളതാണ്. വളരെയധികം രോഗങ്ങൾ ഇത്തരം കോഴികൾ വഴി മനുഷ്യരിൽ എത്തുന്നു എന്നുള്ളത് ചിക്കൻ വിഭവങ്ങളിൽ താൽപര്യം കുറയാൻ കാരണമായിട്ടുണ്ട് .
കരിങ്കോഴി ഇറച്ചിയും മുട്ടയും ജനപ്രിയമാകാൻ പ്രധാന കാരണം അതിൻറെ ഔഷധഗുണങ്ങൾ ആണ്. രുചിയുടെ കാര്യത്തിലും കരിങ്കോഴി ഇറച്ചി മുന്നിൽ തന്നെയാണ്. നാടൻ കോഴി മുട്ടയിലെ കൊളസ്ട്രോളിന്റെ അളവിനേക്കാൾ കുറവാണ് കരിങ്കോഴിയുടെത് എന്നുള്ളത് അവയുടെ ആവശ്യക്കാർ ഏറാൻ ഒരു കാരണമാണ്. വിലയുടെ കാര്യത്തിൽ കരിങ്കോഴി ഇറച്ചിയും മുട്ടയും നാടൻ കോഴികളെക്കാൾ കൂടുതലാണ്.
ഈയിടെയാണ് മഹേന്ദ്ര സിംഗ് ധോണി കരിങ്കോഴികളെ വളർത്തുന്നു എന്നുള്ള ഒരു വാർത്ത മാധ്യമലോകത്ത് നിറഞ്ഞുനിന്നിരുന്നത്. ഇതും ഇവയുടെ പ്രചാരം തെല്ലൊന്നുമല്ല വർദ്ധിപ്പിച്ചിട്ടുള്ളത്. കൃത്രിമ തീറ്റ കൊടുത്ത് വളർത്തുന്ന ബ്രോയിലർ കോഴികളെകാൾ ഇന്ന് ആൾക്കാർ ഇഷ്ടപ്പെടുന്നത് കരിങ്കോഴി ഇറച്ചി തന്നെയാണ്.
ഒരു കരിങ്കോഴി ക്ക് 1000 മുതൽ 1500 രൂപ വരെ വിലയുണ്ട്. ഒരു മുട്ടയ്ക്ക് ആകട്ടെ 25 രൂപ മുതൽ 30 വരെ കൊടുക്കണം. വളർച്ചയെത്തിയ ഒരു പൂവൻകോഴിക്ക് ഒന്നരകിലോ മുതൽ രണ്ടര കിലോഗ്രാം വരെ ഭാരം കാണും. വില കൂടുതലാണെങ്കിലും ആവശ്യക്കാർ ഏറെയാണ് കരിങ്കോഴിക്ക്.
മധ്യപ്രദേശിലെ ജൗബ, ധാർ എന്നിവിടങ്ങളിൽ നിന്നാണ് അവിടത്തുകാർ കാലാമാസി എന്ന് വിളിക്കുന്ന ഈ ഇനം രൂപപ്പെട്ടിട്ടുള്ളത് . ഇംഗ്ലീഷിൽ ബ്ലാക്ക് ചിക്കൻ ബ്ലാക്ക് ഹെൻ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഇവ കടക്ക്നാഥ് എന്ന പേരിലും വിളിക്കപ്പെടുന്നു. പേരുപോലെതന്നെ കറുത്തിട്ടാണ് ഈ ഇനം കോഴികൾ കാണപ്പെടാറുള്ളത്. ഇതിൻറെ ഇറച്ചിക്കും കറുപ്പുനിറമാണ്.
ഇതിൻറെ മുട്ടയിലും മാംസത്തിലും വളരെയധികം ഔഷധഗുണമുണ്ട്. വളരെയധികം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നവയുമാണ് കരിങ്കോഴി ഇറച്ചിയും മുട്ടയും. കാഴ്ചശക്തി വർദ്ധിക്കുവാൻ പതിവായി കരിങ്കോഴി മുട്ടകൾ കഴിക്കുന്നവരുണ്ട്. മാംസ പേശികളുടെ ശക്തി വർദ്ധിപ്പിക്കാൻ കരിങ്കോഴിയുടെ ഇറച്ചിക്ക് സാധിക്കും. ചില ആയുർവേദ ഔഷധങ്ങളിലും കരിങ്കോഴി മുട്ട ഉപയോഗിക്കുന്നുണ്ട്. മെലാനിൻ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ടാണ് ഇതിൻറെ ഇറച്ചിയും അവയവങ്ങളും കറുപ്പുനിറത്തിൽ കാണപ്പെടുന്നത് .
സ്ഥലവും സമയവും ഉണ്ടെങ്കിൽ കരിങ്കോഴി ഫാം തുടങ്ങി ലാഭം കൊയ്യാൻ കഴിയും. ഇനി വീട്ടുമുറ്റത്തോ നഗരത്തിലോ ആണെങ്കിൽ നാലോ അഞ്ചോ കരിങ്കോഴികൾ വളർത്തി വീട്ടിലെ ആവശ്യം നടത്തി പോകാം. ആറു മാസം ആകുമ്പോഴേക്കും ഇവ കോഴിമുട്ട നൽകിത്തുടങ്ങും . ഒരു മാസം 20 മുട്ടകൾ വരെ ഇവയിൽനിന്ന് ലഭിക്കും. മുട്ട വിരിയിക്കാൻ കരിങ്കോഴികൾക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് മറ്റു കോഴികൾക്ക് അട വേയ്ക്കാൻ കൊടുക്കണം.
ഗ്രില്ലുകൾ പിടിപ്പിച്ച ചെറിയ കൂട്ടിനുള്ളിൽ നാല് കോഴികളെ വരെ വളർത്താം.പുറത്ത് തിന്നാൻ വിടാൻ ഉദ്ദേശമില്ല എങ്കിൽ കുടിക്കാനും തിന്നാനും ഉള്ള സൗകര്യം കൂട്ടിനുള്ളിൽ തന്നെ ഒരുക്കണം. പകൽ സമയത്ത് പുറത്തു വിടുകയാന്നെങ്കിൽ ചെറു കീടങ്ങളും ധാന്യങ്ങളും ഭക്ഷണമാക്കി അവ ജീവിച്ചുകൊള്ളും. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങളും ഇവയ്ക്ക് തീറ്റയായി നൽകാവുന്നതാണ് .
Share your comments