കറവപ്പശുക്കളിൽ ഉൽപാദന നഷ്ടമുണ്ടാക്കുന്ന അസുഖങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് അകിടുവീക്കം. പ്രധാനമായും വിവിധതരം ബാക്ടീരിയ മൂലമാണ് അകിടുവീക്കം ഉണ്ടാകുന്നത്. അകിടിൽ നീര് വരുക, ഇളം ചുവപ്പോടു കൂടി അകിട് മാർദവമില്ലാതെ കട്ടിയാകുക, പാൽ തൈര് പോലെയോ കലങ്ങിയ മഴവെള്ളം പോലെയോ ആയിത്തീരുക തുടങ്ങിയവ അകിടുവീക്കത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്.
കൂടാതെ പശു ഭക്ഷണം കഴിക്കാതിരിക്കുകയും, പനിയുടെ ലക്ഷണം കാണിക്കുകയും, ചിലപ്പോൾ എഴുന്നേൽക്കാതിരിക്കുകയും ചെയ്യും. പാലുൽപാദനം നന്നേ കുറയുകയോ തീരെ ഇല്ലാതാവുകയോ ചെയ്തേക്കാം.
അകിടുവീക്കം വരാതിരിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യണം
കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
അകിട് വൃത്തിയായി കഴുകിത്തുടച്ചതിനുശേഷം കറക്കുക.
കറവക്കാരൻ ശുചിത്വം പാലിക്കുക.
ശരിയായ മാർഗത്തിൽ കറക്കുക.
കറവയന്ത്രങ്ങൾ ശുചിയായി സൂക്ഷിക്കുക.
വയ്ക്കുശേഷം ബിറ്റാഡിൻ പോലുള്ള പ്രത്യേക അണു നശീകരണ ലായനിയിൽ കാമ്പുകൾ മുക്കുക.
കറവയുടെ കാലം കഴിയുമ്പോൾ ആന്റീബയോട്ടിക് ചികിത്സ നടത്തുക.
ഈ മുൻകരുതലുകൾ എടുത്താൽ അകിടുവിക്കം വരാതെ സൂക്ഷിക്കാം. അകിടുവീക്കം കണ്ടാൽ ശരിയായ വൈദ്യസഹായം അൽപ്പംപോലും താമസിയാതെ ലഭ്യമാക്കണം.
അകിടുവീക്കം പൊതുവേ മരണഹേതു അല്ലെങ്കിലും പാലുൽപാദനത്തിൽ ഗണ്യമായ കുറവു വരുത്തുന്നതുകൊണ്ട് ഫാമിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും.
അകിടുവീക്കമുള്ള പശുക്കളുടെ രോഗമില്ലാത്ത മറ്റു കാമ്പുകളിലെ പാൽ മനുഷ്യോപയോഗത്തിന് ഉപയോഗിക്കാതിരിക്കുകയാവും നല്ലത്. പശുക്കുട്ടികൾക്ക് കൊടുക്കുന്ന പാലിൽ ഇത് ചേർക്കാവുന്നതാണ്.
Share your comments