ധനമന്ത്രിയുടെ പ്രീ ബഡ്ജറ്റ് മീറ്റിംഗിൽ ഇറച്ചിക്കോഴിക്കും തറവില പ്രഖ്യാപിക്കണമെന്ന് ആൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ് കെ നസീർ ആവശ്യപ്പെട്ടു. ആൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ, ട്രഷറർ ആർ രവീന്ദ്രൻ എന്നിവരും കോഴിയിറച്ചിക്ക് തറവില പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണച്ചു .
എല്ലാ കാർഷിക മേഖലയിലും ഉത്പന്നങ്ങൾക്ക് തറവില പ്രഖ്യാപിച്ചിട്ടും കോഴി വ്യാപാരമേഖലയിൽ മാത്രം സർക്കാർ തറവില പ്രഖ്യാപിച്ചിട്ടില്ല. ഇത് കർഷകർക്ക് വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്നും എസ് കെ നസീർ പറഞ്ഞു .
കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുമ്പോൾ ഉത്പാദനച്ചെലവു പോലും തിരികെ കിട്ടാത്ത അവസ്ഥയിലാണ്. തീറ്റയ്ക്കും കോഴിക്കുഞ്ഞിനും വില വർദ്ധിച്ചതോടെ പലരും കടക്കെണിയിലാണ്. ഓരോ ദിവസവും വില താഴേക്ക് വരുന്ന അവസ്ഥ. ഒരു കിലോ തീറ്റയ്ക്ക് 44 രൂപയോളം വില വരും. കോഴിക്കുഞ്ഞുങ്ങളുടെ വില 45 മുതൽ 50 വരെയും. ഇറച്ചിക്ക് പാകമാകുന്നതുവരെ വളർത്തിയെടുക്കുമ്പോൾ കർഷകർക്ക് കിട്ടുന്ന വില 86 രൂപയും. (പ്രാദേശിക വിലയിൽ നേരിയ വ്യത്യാസമുണ്ടാകാം.) ഇതിൽ നിന്ന് എങ്ങനെ ലാഭമുണ്ടാക്കാനാകുമെന്ന ആശങ്കയിലാണ് കർഷകർ.
ഇറച്ചിക്കോഴിക്കും വില കുറവാണ്. 115-126 രൂപയാണ് വില. കച്ചവടം കുറവായതിനാൽ കിട്ടുന്ന വിലയിക്ക് വിൽക്കേണ്ടി വരുന്ന അവസ്ഥയാണ് കച്ചവടക്കാർക്ക്. ഫാം റേറ്റിൽ നിന്ന് പത്തു രൂപയോളം കൂടിയാണ് മൊത്തവ്യാപാരത്തിലേക്കെത്തുന്നത്. അതിൽ നിന്ന് 10-15 രൂപ വരെ ഉയർത്തിയാകും നേരിട്ട് വിപണിയിലേക്കെത്തുന്നത്. സീസൺ അല്ലാത്തതും തിരിച്ചടിയാണ്.
അഞ്ചു ദിവസത്തെ ഫാം റേറ്റ് :
26-102, 27- 104, 28-105, 29- 103, 20-100
തമിഴ്‌നാട് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തിലേക്കാൾ വില കൂടുതലാണ്. കർണാടക- 92, തെലങ്കാന- 105, വിജയവാഡ (എ.പി.)- 96, പുണെ- 96, ജാർഘണ്ഡ്- 116, ബീഹാർ- 104, അസം- 120, രാജസ്ഥാൻ- 92, ഡൽഹി- 100, പഞ്ചാബ്- 98, ഹരിയാന- 95 എന്നിങ്ങനെയാണ് കർഷകർക്ക് കോഴിക്കുഞ്ഞുങ്ങളെ വില്ക്കുമ്പോൾ ലഭിക്കുന്ന തുക (ഫാം റേറ്റ്). അതേ സമയം തമിഴ്നാട്ടിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. 84 രൂപയാണ് കോഴിക്കുഞ്ഞുങ്ങളുടെ വില.
പക്ഷിപ്പനി പല ആവർത്തിയുണ്ടായിട്ടും കർഷകർക്ക് സഹായകമാകുന്നതരത്തിലുള്ള ഇൻഷുറൻസ് പരിരക്ഷയോ മറ്റ് ആനുകൂല്യങ്ങളോ ഇതുവരെയും കർഷകർക്ക് ലഭിച്ചിട്ടില്ല . തമിഴ്‌നാട്ടിൽ കർഷകർക്ക് വൈദ്യുതിച്ചെലവടക്കം സർക്കാർ വഹിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ കോഴിക്കർഷകർക്കാവശ്യമായ ഒരു സഹായവുമില്ലെന്ന് വ്യാപാരികൾ പറയുന്നു. പലരും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചാലും മറ്റേതെങ്കിലും ഇനത്തിൽ മാത്രമേ വായ്പ ലഭ്യമാക്കാൻ കഴിയുകയൂള്ളൂ എന്ന മറുപടി കർഷകർക്ക് നൽകുന്നത്.
Share your comments