മണ്ണുപുരളാതെ കൃഷി വിജയകരമായി നടത്താൻ കഴിയുമെന്ന് നമ്മെ പഠിപ്പിച്ചിരിക്കുകയാണ് അക്വപോണിക്സ് കൃഷി രീതി. അഞ്ച് സെൻ്റ് സ്ഥലമുള്ള ഒരാള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഇത് മുന്നോട്ട് കെണ്ടുപോകാൻ കഴിയും. വിജയകരമായി പച്ചക്കറിയും മീനും ഉണ്ടാക്കാനും അതിലൂടെ മികച്ച വരുമാനം സ്വന്തമാക്കാൻ കഴിയുകയും ചെയ്യും. ഇൻഡോർ ഫാമിംഗിൻ്റെ മികച്ച ഉദാഹരണമാണ് അക്വാപോണിക്സ്. അര സെൻ്റിൽ പോലും വിജയിപ്പിച്ചെടുക്കവുന്ന ഈ സംയോജിതകൃഷിക്ക് പ്രാധാന്യമേറിവരുകയാണ്. സ്ഥലപരിമിതി നേരിടുന്നവർക്ക് കൃഷി ചെയ്യനാവുകയും സ്വന്തമായി തുടങ്ങാനാവുകയും ചെയ്യുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. പരമ്പരാഗത കൃഷിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് 90% വെള്ളം ലാഭിക്കുന്നുണ്ട്. ഇതിലെ രണ്ട് പ്രധാന ഘടകങ്ങൾ മീൻ, ചെടി എന്നിവയാണ്. ഇവയെ സംജോജിപ്പിച്ചുകൊണ്ട് അലങ്കാര മത്സ്യങ്ങളും ,ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും ,ഔഷധസസ്യങ്ങളും വളർത്തിയെടുക്കനാവും. കിഴങ്ങു വിളകളൊഴികെ മറ്റെല്ലാം തന്നെ ഇതിലൂടെ വിളയിപ്പിച്ചെടുക്കാം.
മണ്ണും രാസ കീടനാശിനിയോ വളമോ ഇല്ലാതെ ജലം ഉപയോഗിച്ചുകൊണ്ട് ഈ കൃഷിയെ ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാൻ.സിമൻ്റ് ടാങ്കിലും പ്ലാസ്റ്റിക് ടാങ്കിലുമെല്ലാം ഈ രീതിയില്‍ കൃഷിചെയ്യാം. വിദേശരാജ്യങ്ങളില്‍ വന്‍പ്രചാരമുള്ള അക്വാപോണിക്‌സ് ജലകൃഷിയിലൂടെ നല്ല രീതിയിൽ ലാഭമുണ്ടാക്കാൻ സാധിക്കും. ആയിരം ലിറ്ററിൻ്റെ ടാങ്കില്‍ കൃഷി നടത്താന്‍ 12,000 രൂപയാണ് ചെലവ് .വീട്ടാവശ്യത്തിനാണെങ്കില്‍ 5000 രൂപ ചെലവിലും ചെയ്യാം. നിലവിലുള്ള കോണ്‍ക്രീറ്റ് ടാങ്കുകളും ഇതിനായി ഉപയോഗിക്കാം. ഹൈഡ്രോപോണിക്സിൻ്റെയും അക്വ പോണിക്സിൻ്റെയും സംയോജനമായ കൃഷിയാണിത്. മീനും ചെടിയും എല്ലാം ഒന്നിച്ചു വളരുന്ന ഈ സിസ്റ്റത്തിൽ ഒരു തുള്ളി ജലം പോലും പാഴാകുന്നില്ലെന്നുമാത്രമല്ല മറ്റു കൃഷിരീതികളിലെ പോലെ ജലത്തിൻ്റെ ഉപയോഗവും വളരെ കുറവായിരിക്കും.
മത്സ്യക്കുളത്തിലെ വെള്ളം തട്ടുകളിലുടെ വീണ്ടും കുളത്തില്‍ തന്നെയെത്തുന്ന രീതിയിൽ ക്രമീകരിച്ചിട്ടുള്ള ഈ കൃഷി ഇന്ത്യയിൽ ആരംഭിച്ചിട്ട് അധിക വര്‍ഷമായിട്ടില്ല. വളരെ ആയാസരഹിതമായ കൃഷിരീതിയാണെന്നാണ് പൊതുവെ ഈ സംയോജിത കൃഷിയെ വിശേഷിപ്പിക്കാറുള്ളത്. ചീര, തക്കാളി, പയർ, വെണ്ട, വഴുതന, കാബേജ്, കോളിഫ്ലവർ, മുളക്,ബ്രൊക്കോളി, ചീര, ചീര, പാലക്, പുദീന തുടങ്ങി വീട്ടിലിലേക്കാവശ്യമുള്ള പച്ചക്കറികളും ഇതിലൂടെ വളർത്തിയെടുക്കാനാവും.
അക്വപോണിക്സ് എങ്ങനെ ചെയ്യാം
അക്വാപോണിക്‌സിൽ രണ്ട് പ്രധാന ഭാഗങ്ങളുണ്ട്, അക്വാകൾച്ചർ ഭാഗം ജലജീവികളെ വളർത്തുന്നതിനുള്ള ഭാഗവും ഹൈഡ്രോപോണിക്‌സ് സസ്യങ്ങൾ വളർത്തുന്നതിനുള്ള ഭാഗവുമാണ്. മത്സ്യം വളർത്താനുള്ള ടാങ്കും മത്സ്യവും, ചെടികൾ വളർത്താനുള്ള ഗ്രോ ബെഡും ചെടികളും, വെള്ളം ഒഴുക്കി സംക്രമണം ചെയ്യിക്കുന്നതിനാവശ്യമായ പമ്പ് എന്നിവയാണ് അക്വാപോണിക്സ് സിസ്റ്റത്തിൻ്റെ അടിസ്ഥാന ഘടകങ്ങൾ. അക്വപോണിക്സ് കൃഷിയിൽ മത്സ്യങ്ങളാണ് നമ്മുടെ സഹകാരികൾ. ഇത് പ്രകൃതിദത്തമായ ഒരു ആവാസവ്യവസ്ഥയാണ്, അതിനാൽ ഹാനികരമായ രാസവസ്തുക്കളുടെ ഉപയോഗമില്ല. തട്ടുകളിലായാണ് സസ്യങ്ങള്‍ വളര്‍ത്തുന്നത്. ഏറ്റവും അടിത്തട്ടില്‍ ശുദ്ധജലമത്സ്യങ്ങള്‍, മുകളിലെ തട്ടുകളില്‍ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ഓഷധസസ്യങ്ങള്‍ എന്നീ രീതിയിലാണ് ക്രമീകരണം നടത്തേണ്ടത്. അടിത്തട്ടിലെ മീന്‍കുളത്തില്‍ നിന്ന് വെള്ളം പൈപ്പ് വഴി മുകള്‍ത്തട്ടിലെ സസ്യങ്ങള്‍ക്ക് നല്‍ക്കുന്നു. കുളത്തിലെ മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണാവശിഷ്ടവും മത്സ്യവിസര്‍ജ്യവും കലര്‍ന്ന വെള്ളമാണ് ചെടികളിലെത്തുന്നത്. ബാക്ടീരിയകളുടെ പ്രവര്‍ത്തനംമൂലം മീനിൻ്റെ കാഷ്ഠം നൈട്രേറ്റ് രൂപത്തിലാക്കി ചെടികള്‍ക്ക് വളമായിനല്‍കുകയാണിവിടെ ചെയ്യുന്നത്. വളക്കൂറുള്ള ഈ ജലം സസ്യങ്ങളുടെ വളര്‍ച്ചയേയും വിളവിനെയും ത്വരിതപ്പെടുത്തുന്ന രീതിയിൽ പരസ്പര പൂരകങ്ങളായാണ് ചെടിയും മത്സ്യങ്ങളും വളരുന്നത്.
മണ്ണില്ലാത്തതുകൊണ്ട് സസ്യങ്ങള്‍ മറിഞ്ഞുവീഴാതിരിക്കാന്‍ പാറകഷ്ണങ്ങള്‍, ചരല്‍ എന്നിവ നിറച്ച് സപ്പോര്‍ട്ട് നല്‍കണം. ശുദ്ധജലമത്സ്യങ്ങളായ കട്‌ല, രോഹു, തിലാപ്പിയ, മലേഷ്യന്‍വാള, കാര്‍പ്പ് എന്നിവയെയാണ് സാധാരണയായി വളർത്താറുള്ളത്. ഈ മത്സ്യങ്ങളെ ഏറ്റവും അടിത്തട്ടിൽ സജ്ജീകരിക്കണം. രണ്ടാമത്തെ തട്ടില്‍ പച്ചകറി, മൂന്നാമത്തെ തട്ടിൽ ജൈവവളം, നാലാമത്തെ തട്ടില്‍ ഓര്‍ക്കിഡ് പോലുള്ള മണ്ണ് അവശ്യമില്ലാത്ത സസ്യങ്ങള്‍ എന്ന രീതിയിലായിരിക്കും ക്രമീകരണം. മത്സ്യക്കുളത്തിലെ വെള്ളം തട്ടുകളിലുടെ വീണ്ടും കുളത്തില്‍ തന്നെയെത്തുന്ന രീതിയിലാണ് ഇവ പ്രവർത്തിക്കുക. നാലോ അഞ്ചോ തട്ടുകളിലായും അക്വപോണിക്സ് കൃഷി ചെയ്യാവുന്നതാണ്. അക്വാപോണിക് സങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്ഥലം ഒഴികെയുള്ള ഇടങ്ങളില്‍ ഗ്രോബാഗുകളില്‍ കൃഷി ചെയ്യുന്നത് വളരെ ലാഭകരമാണ്.
ശ്രദ്ധിക്കേണ്ടവ
വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഒരു കൃഷിരീതിയാണ് അക്വപോണിക്സ്. ഇതിനു മണ്ണിലെ കൃഷിയേക്കാൾ ചിലവ് അധികമാണെന്നതും ഒരു പോരായ്മയാണ്. ചെടികളെക്കുറിച്ചും മീൻ പരിപാലനത്തെക്കുറിച്ചും നല്ല അറിവ് ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്, അല്ലാത്തപക്ഷം ചെടികൾക്കും മീനിനും നാശമുണ്ടാവുകയും വലിയ നഷ്ടം സംഭവിക്കുകയും ചെയ്യും. മത്സ്യത്തിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുന്നപക്ഷം സിസ്റ്റത്തെ മുഴുവൻ അത് ബാധിക്കുകയും സിസ്റ്റം മുഴുവനായി പരാജയപ്പെടാൻ ഇടയാവുകയും ചെയ്യും. അക്വാപോണിക് സംവിധാനങ്ങളിൽ താപനില അല്ലെങ്കിൽ pH വ്യതിയാനങ്ങൾ പോലുള്ള പാരിസ്ഥിതിക മാറ്റങ്ങൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.
Share your comments