മഴക്കാലം തുടങ്ങിയതോടെ ഇപ്പോൾ അടുക്കള കുളങ്ങളിലേക്കു മീൻ വളർത്തൽ ആരംഭിക്കാൻ സമയമായി. സ്ഥലപരിമിതിക്കനുസരിച്ചു കുളങ്ങൾ നിർമിക്കാം. സാധാരണ വീട്ടാവശ്യങ്ങള്‍ക്കായി മത്സ്യം വളര്‍ത്തുന്നത് പടുതക്കുളങ്ങളിലാണ്. അഞ്ചടി വീതിയും പത്തടി നീളവുമുള്ള കുളമാണെങ്കില്‍ മൂന്നര അടി വെള്ളം ലഭിക്കത്തക്കവിധം താഴ്ച മതി കുളത്തിന്.
എത്ര വലിയ കുളമാണെങ്കില്‍പോലും താഴ്ച അഞ്ചടിയില്‍ കൂടുതല്‍ ഉണ്ടാവാനും പാടില്ല. ജലസംഭരണത്തിനുവേണ്ടി കുളം നിര്‍മിക്കുന്നതുപോലെ മത്സ്യങ്ങള്‍ക്ക് ആഴം ആവശ്യമില്ല. ജലത്തിന്റെ പിഎച്ച് കൃത്യമായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. വെള്ളം തീരെ മോശമെന്നു ശ്രദ്ധയില്‍പ്പെട്ടാലോ ഓക്സിജന്റെ അളവ് കുറവാണെങ്കിലോ മൂന്നില്‍ രണ്ടു ഭാഗം മാറ്റി നിറയ്ക്കാം. മോട്ടോര്‍ അടിക്കുമ്പോള്‍ വളരെ ശക്തിയില്‍ കുത്തിച്ചാടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വലിയ കുളങ്ങളില്‍ ചെറു കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോള്‍ ഹാപ്പയിലോ നഴ്സറി കുളങ്ങളിലോ മറ്റോ ഇട്ട് വലുതാക്കി ഇടുന്നതാണ് നല്ലത്. ഇത് അവയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുകയും മരണനിരക്ക് കുറയ്ക്കുകയും ചെയ്യും. ഒപ്പം കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി തീറ്റ എടുക്കാന്‍ അവസരമാകുകയും ചെയ്യും.
ജീവിതരീതി, തീറ്റക്രമം തുടങ്ങിയവയൊക്കെ കൃത്യമായി മനസിലാക്കിവേണം കുളങ്ങളിലേക്ക് മത്സ്യങ്ങളെ തെരഞ്ഞെടുക്കാന്‍. കുളത്തിന്റെ വലുപ്പത്തിനനുസരിച്ച് നിഷ്‌കര്‍ഷിച്ചിട്ടുള്ള എണ്ണം മാത്രമേ നിക്ഷേപിക്കാനും പാടുള്ളൂ. മത്സ്യങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അവയുടെ വളര്‍ച്ചാനിരക്ക് ഗണ്യമായി താഴും. വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയും. 24 മണിക്കൂറും എയ്റേറ്റര്‍, ഫില്‍ട്ടര്‍ സംവിധാനങ്ങള്‍ നല്കി പരിരക്ഷിച്ചാല്‍ കൂടുതല്‍ എണ്ണത്തിനെ നിക്ഷേപിക്കാം. എന്നാല്‍, ചെലവ് ഉയരുമെന്നതും കൂടുതല്‍ ശ്രദ്ധ വേണ്ടിവരുമെന്നതും വെല്ലുവിളിയാണ്.
ഒരു സെന്റില്‍ നിക്ഷേപിക്കാവുന്ന മത്സ്യങ്ങളുടെ എണ്ണം ഇപ്രകാരമാണ് ഹൈബ്രിഡ് തിലാപ്പിയ/ഗിഫ്റ്റ് 200 എണ്ണം, വാള -400,അനാബസ് -400, നട്ടര്‍- 80-100,കാര്‍പ്പ് ഇനങ്ങള്‍- 40,ജയന്റ് ഗൗരാമി – 200-300. മികച്ച വിതരണകേന്ദ്രങ്ങളില്‍നിന്നു മാത്രം കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുക. സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ നിന്ന് വാങ്ങുന്നതായിരിക്കും നല്ലത്. തിലാപ്പിയകൃഷി ഇന്നു വളരെ വ്യാപകമാണ്ര് ഇതിൽ കൂടുതലും ഗിഫ്റ്റ് ഹൈബ്രിഡ് തിലാപ്പിയ, മികച്ച തീറ്റ പരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കുമാണ് ഇവയുടെ പ്രത്യേകത. കേരളത്തില്‍ നാലു മാസംകൊണ്ട് ശരാശരി 500 ഗ്രാം വരെ തൂക്കം വയ്ക്കാന്‍ ഈ ഇനം തിലാപ്പിയകള്‍ക്ക് സാധിച്ചിട്ടുണ്ട്. മത്സ്യങ്ങളുടെ തീറ്റക്കാര്യത്തിലും അതീവ ശ്രദ്ധവേണം.
ദിവസവും രണ്ടു നേരം വീതം തീറ്റ നല്കണം. ആദ്യ രണ്ടു മാസത്തേക്ക് സ്റ്റാര്‍ട്ടര്‍ നല്കുന്നതാണ് നല്ലത്. പിന്നീടങ്ങോട്ട് ഇലകള്‍, അടുക്കളയിലെ പച്ചക്കറി വേസ്റ്റ്, മറ്റു തീറ്റകള്‍ എന്നിവയൊക്കെ നല്കാം. തീറ്റ നല്കുമ്പോള്‍ അമിതമാകാതെ പ്രത്യേകം ശ്രദ്ധിക്കണം. തീറ്റയുടെ അളവ് അല്പം കുറഞ്ഞാലും അധികമാകരുത്. വെള്ളം മോശമാകാതിരിക്കാനും മത്സ്യങ്ങളുടെ ആരോഗ്യത്തിനും ഇതാണ് നല്ലത്. കടകളില്‍നിന്നു വാങ്ങുന്ന ഫ്ളോട്ടിംഗ് ഫീഡ് നല്കുമ്പോള്‍ വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം നല്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ദഹനത്തെ പ്രതികൂലമായി ബാധിക്കാം.
മത്സ്യങ്ങള്‍ക്ക് നേരിട്ട് സൂര്യപ്രകാശത്തിന്റെ ആവശ്യമില്ലെങ്കിലും ജലാശയത്തില്‍ സൂര്യപ്രകാശം പതിക്കുന്നത് വളര്‍ച്ചയ്ക്ക് നല്ലതാണ്. പടുതക്കുളങ്ങളിലെ താപനില ക്രമീകരിക്കാന്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതാണ് നല്ലത്. മത്സ്യങ്ങള്‍ക്ക് വളരാന്‍ തെളിഞ്ഞ വെള്ളമല്ല ആവശ്യം, പ്ലവങ്ങള്‍ നിറഞ്ഞ പച്ച നിറത്തിലുള്ള വെള്ളമാണ് വേണ്ടത്. പുതിയ വെള്ളം നിറച്ച് അല്പം പച്ചച്ചാണകം കലക്കിയൊഴിച്ചാല്‍ പ്ലവങ്ങളുടെ വളര്‍ച്ച കൂട്ടാവുന്നതേയുള്ളൂ..
Share your comments