പണ്ടൊക്കെ കടലില്‍നിന്നോ കായലില്‍ നിന്നോ പിടിക്കുന്ന മീനാണ് കറിവയ്ക്കാന്‍ കിട്ടിയിരുന്നത്. എന്നാല്‍ ഇന്ന് മംഗലാപുരത്തുനിന്നോ തൂത്തുക്കുടിയില്‍ നിന്നോ വിശാഖപട്ടണത്തു നിന്നോ മീന്‍ വണ്ടി കയറി വരണം. കുന്നോളം വിലകൊടുത്ത്, രാസവസ്തുവില്‍ മുക്കിയതും കേടായതും വിഷലിപ്തമായതുമായ മത്സ്യം വാങ്ങിക്കഴിക്കേണ്ടതായ ഗതികേടിലാണ് മലയാളികള്‍.
കുറെ ദശാബ്ധങ്ങള്‍ക്ക് മുമ്പ് ഉപ്പ് മാത്രമായിരുന്നു മത്സ്യം സംസ്കരിക്കാന്‍ ഉപയോഗിച്ചിരുന്നത്. പിന്നീടത് ഐസിലേക്ക് മാറി. അവിടുന്ന് അമോണിയയിലേക്ക്, അതുംകഴിഞ്ഞ് ശവശരീരം കേടാകാതെ സൂക്ഷിക്കാനുള്ള ഫോര്‍മാല്‍ഡിഹൈഡ് എന്ന ഫോര്‍മാലിനിലേക്ക്. രാസവസ്തുവായ ഫോര്‍മാലിന്‍ മത്സ്യം സംസ്കരിക്കാനായി ഉപയോഗിക്കുന്നതിനാല്‍ മീന്‍ ചീയുന്നേയില്ല.
നല്ല മീൻ ലഭിക്കാൻ നമ്മൾ എന്ത് ചെയ്യണം?
അടുക്കള കുളങ്ങള്‍ എന്നറിയപ്പെടുന്ന മണ്കുളങ്ങള്‍, കൃഷി നനയ്ക്കാനായി ഉപയോഗിക്കുന്ന കുളങ്ങള്‍, പാടത്തോട് അനുബന്ധിച്ച് മണ്ണെടുത്ത ഇഷ്ടികക്കുളങ്ങള്‍, തെങ്ങിന്‍തോപ്പിനിടയിലെ ചാലുകള്‍ എന്നിവിടങ്ങളിലെല്ലാം മീന്‍ വളര്‍ത്താം. അതല്ലെങ്കില്‍ തൊടിയിലോ മുറ്റത്തോ സില്‍പോളിന്‍ ഷീറ്റ് വിരിച്ച് കോണ്‍ക്രീറ്റ് അല്ലെങ്കില്‍ ഫെറോസിമന്‍റ് ഇഷ്ടിക കെട്ടി സിമന്‍റ് പൂശിയ കുളങ്ങളിലോ വീടുവയ്ക്കുമ്പോള്‍ തന്നെ കൃത്യമായ പ്ലാനിങ്ങോടെ ടെറസ്സില്‍ ഒരുക്കിയ സിമന്‍റ് കുളങ്ങളിലോ മീന്‍ വളര്‍ത്താം.
ഏതൊക്കെ മീനുകളെ വളര്‍ത്താം?
കര്‍ഷകന്‍റെ താല്‍പ്പര്യം, രുചിശീലങ്ങള്‍ എന്നിവ പരിഗണിച്ചുവേണം മത്സ്യങ്ങളെ തെരഞ്ഞെടുക്കാന്‍. കുളങ്ങളുടെ വലിപ്പം, ജലലഭ്യത എന്നിവയും പരിഗണിക്കണം. കരിമീന്‍ വാകവരാല്‍, മഞ്ഞക്കൂരി, കാരി, കൂരി, മുഷി, തൂളി എന്നീ നാടന്‍ ഇനങ്ങളും വിദേശത്ത് നിന്നെത്തി നമ്മുടെ നാടിന് സ്വന്തമായി മാറിക്കൊണ്ടിരിക്കുന്ന ആസാം വാള, സൈപ്രിനസ്, തിലാപ്പിയ എന്നിവയുമാണ് ചെറുസംവിധാനത്തില്‍ അടുക്കള കുളങ്ങളില്‍ വളര്‍ത്താവുന്നത്. സാധാരണയായി ലഭിക്കുന്ന തിലാപ്പിയ ചെറിയ കുളങ്ങള്‍ക്ക് യോജിച്ചതല്ല. അവ വളരെയധികം ആഹാരം കഴിക്കുകയും ആറുമാസം പ്രായമാകുമ്പോള്‍ മുതല്‍ വലിയ തോതില്‍ പെറ്റ്പെരുകുകയും ചെയ്യും. ആണ്‍മത്സ്യങ്ങളെ മാത്രമായി തെരഞ്ഞുവളര്‍ത്തുന്നതിനു അനുയോജ്യമായ ഫാമിംഗ് തിലാപ്പികളാണ് നല്ലത്.
ചെറിയ മത്സ്യക്കുളത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സൂര്യപ്രകാശം നേരിട്ട് തട്ടുന്നിടത്ത് വേണം കുളം അല്ലെങ്കില്‍ ടാങ്ക് നിര്‍മ്മിക്കേണ്ടത്. കാറ്റ് കടന്നു വരുന്നിടമായിരിക്കണം.
2. മട്ടുപ്പാവിലും മറ്റും വലിയ വെയില്‍ അടിക്കുന്ന സ്ഥലങ്ങളിലാണെങ്കില്‍ തണല്‍ നല്‍കണം.
3. ആവശ്യാനുസരണം ജലപരിപാലനം നല്‍കുക. 20 ശതമാനം ജലവിനിമയം നടത്തുക. സ്പ്രിംഗ്ലര്‍, സ്പ്രേയിംഗ് എന്നിവ ഉപയോഗിച്ച് വായുകടത്തിവിടുന്നതിനും ശ്രദ്ധിക്കണം.
4. പോഷകദായക തീറ്റ കൃത്യസമയത്ത് പാത്രത്തില്‍വെച്ച് നല്‍കുക.
5. വൈകുന്നേരം 4 മണിക്ക് ശേഷം ടാങ്കിന്‍റെ അടിയില്‍നിന്ന് ഹോസ് ഉപയോഗിച്ച് ഭക്ഷ്യവിസര്‍ജ്യ അവശിഷ്ടം നീക്കം ചെയ്യുക.
6. ജലോപരിതലത്തില്‍ പാടചൂടാന്‍ അനുവദിക്കരുത്. പാട പൊട്ടിച്ചുവിടുകയും വെള്ളം ചിതറിച്ച് ചീറ്റിക്കുകയും ചെയ്യുക. തീറ്റ, വളം ഇവ കൂടിയാലും കാറ്റടിക്കാതിരുന്നാലും പാട ചൂടും.
7. ജലോഷ്മാവ് 25-28 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിര്‍ത്താന്‍ തണുത്തവെള്ളം പമ്പ് ചെയ്യുകയോ എയ്റേഷന്‍ നടത്തുകയോ വേണം.
8. അഞ്ചാറുമാസം മുതല്‍ ഓരോ മാസവും ഇടവിട്ട് വലിയമീനുകളെ പിടിച്ചുമാറ്റുക.
9. പക്ഷികളില്‍നിന്ന് രക്ഷയ്ക്കായി ചുറ്റും മുകളിലും വല ഘടിപ്പിക്കുക.
Share your comments