മഹാരാഷ്ട്രയിലെ ബെരാർ പ്രവിശ്യയിൽ നിന്നാണ് ബെരാരി ഇനത്തിന് ആ പേര് ലഭിച്ചത്. ബെരാർ പ്രവിശ്യ ഇപ്പോൾ അറിയപ്പെടുന്നത് വിദർഭ എന്ന പേരിലാണ്. വിദർഭപ്രദേശത്തെ അകോള, അമരാവതി, വാർധ, നാഗ്പൂർ ജില്ലകളിൽ ഇവ വ്യാപകമായി കണ്ടുവരുന്നു. 'ലാഖി', 'ഗാവോറാണി' എന്നീ പേരുകളിൽ പ്രാദേശികമായി ഇവ അറിയപ്പെടുന്നു. 2012 ലാണ് ദേശീയ ജന്തു ജനിതകശേഖര ബ്യൂറോ ഇവയെ ഒരു ഇനമായി അംഗീകരിച്ച് ഇന്ത്യയിലെ അംഗീകൃത ആടിനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇറച്ചിക്കായാണ് പ്രധാനമായും ഈ ഇനത്തെ കർഷകർ വളർത്തി വരുന്നത്.
വിദർഭപ്രദേശത്തെ വേനൽക്കാലത്തെ ഉയർന്ന ചൂടിലും നന്നായി വളരാൻ കഴിയുന്നു എന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. ഇളം തവിട്ടു മുതൽ കടും തവിട്ടു വരെയുള്ള നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ആണാടുകൾക്ക് കഴുത്തിൽ കറുത്ത നിറത്തിലുള്ള വളയം കാണപ്പെടുന്നു. ശരീരത്തിന്റെ മേൽഭാഗത്തായി നട്ടെല്ലിൽ നിന്നാരംഭിച്ച് വാൽ വരെ നീളുന്ന കറുത്ത വര ഇവയിൽ കാണാവുന്നതാണ്. തുടയിലെ രോമങ്ങൾ, പുരികക്കൊടി, മൂക്ക് എന്നിവിടങ്ങളിൽ തവിട്ടോ കറുപ്പോ നിറങ്ങൾ കാണുന്നു.
അല്പം വളവോടുകൂടി മുഖത്തിന്റെ ഇരുവശത്തും കൊമ്പിന്റെ ആരംഭ ഭാഗത്തു നിന്നും മൂക്കിന്റെ അറ്റം വരെ ഇളംനിറത്തിലോ ഇരുണ്ടനിറത്തിലോ ഉള്ള വരകളും കാണപ്പെടുന്നു. റോമൻ മൂക്കാണ് ബെരാരി ആടുകളുടേത്. ആണിനും പെണ്ണിനും കൊമ്പുകൾ കാണപ്പെടുന്നു. ചെറിയ, പരന്ന കൊമ്പുകൾ മുകളിലേക്കും പുറകിലേക്കുമായിട്ടാണ് കണ്ടുവരുന്നത്. ഇലകൾ പോലെ പരന്നതും തൂങ്ങിക്കിടക്കുന്നവയുമായ ഇടത്തരം വലുപ്പമുള്ളവയാണ് ബെരാരി ആടുകളുടെ ചെവികൾ. ഉയർന്ന പ്രത്യുല്പാദനക്ഷമത കാണിക്കുന്ന ബെരാരി ആടുകളിൽ ഒന്നു മുതൽ നാലു വരെ കുട്ടികൾ ഉണ്ടാകാറുണ്ട്. ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നത് സാധാരണയാണ്.
Share your comments