സാമൂഹ്യമാധ്യമങ്ങളിലും മറ്റും സ്ഥിരം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഇറച്ചിക്കോഴികളില് തൂക്കം കൂട്ടാന് ഹോര്മോണ് ചികിത്സകള് നടത്തുന്നു എന്നത്. ഹോര്മോണ് കുത്തിവെച്ച് രണ്ടും മൂന്നും ആഴ്ച പ്രായത്തില് കോഴികളെ ബലൂണ് പോലെ വീര്പ്പിച്ചെടുക്കാം എന്നായിരുന്നു ഇത്തരത്തിലൊരു വാര്ത്ത. ഇത്തരം വാര്ത്തകളില് ശാസ്ത്രീയമായി യാതൊരു കഴമ്പുമില്ല. ഒന്നാമതായി ഹോര്‍മോണ്‍ ചികിത്സ, അല്ലെങ്കില് പ്രയോഗം നിയമം മൂലം നിരോധിക്കപ്പെട്ടവയാണ്. വളര്‍ച്ചയ്ക്കാവശ്യമായ 'ഗ്രോത്ത് ഹോര്‍മോണ്‍' ഒരു 'പ്രോട്ടീന്‍' ഹോര്‍മോണാണ്. തീറ്റയിലോ, കുടിവെള്ളത്തിലോ ചേര്‍ത്ത് ഇത് നല്‍കുകയാണെങ്കില്‍ ഏതൊരു 'പ്രോട്ടീന്‍' പോലെ അതിവേഗം ദഹനപ്രക്രിയയിലൂടെ ഈ ഹോര്‍മോണ്‍ വിഘടിക്കപ്പെടുന്നു. ആയതിനാല്‍ ഈ ഹോര്‍മോണുകള്‍ കോഴിയുടെ തൂക്കം വര്‍ദ്ധിപ്പിക്കും എന്നു പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. ഇത്തരം ഹോര്‍മോണുകള്‍ ഒരു ചെറിയ അളവിലെങ്കിലും വളര്‍ച്ചയ്ക്ക് സഹായിക്കുമെങ്കില്‍ തന്നെ, അത് നിരന്തരം ഇഞ്ചക്ഷന്‍ മുഖേന നല്‍കേണ്ടതായിട്ടുണ്ട്. എന്നാല്‍ പതിനായിരക്കണക്കിനും, ലക്ഷക്കണക്കിനും കോഴികളെ ഒരുമിച്ച് വളര്‍ത്തിയെടുക്കുന്ന കോഴിഫാമുകളില്‍ ഇത് ഒട്ടും പ്രായോഗികമല്ല.
മറ്റൊരു വിഭാഗം ഹോര്‍മോണുകള്‍ 'അത്‌ലെറ്റുകളും' മറ്റും അനധികൃതമായി ഉപയോഗിച്ചു വരുന്നു എന്ന് പറയപ്പെടുന്ന 'സ്റ്റിറോയിഡ്' ഹോര്‍മോണുകളാണ്. ഇത്തരം ഹോര്‍മോണുകള്‍ 'മസില്‍' വളര്‍ച്ചയെ സഹായിക്കുന്നു. എന്നാല്‍ ഹോര്‍മോണ്‍ കുത്തിവെച്ച് തുടര്‍ച്ചയായുള്ള കായികാദ്വാനം കൂടി ഇത്തരം വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. എന്നാല്‍ കേവലം ഒന്ന് മുതൽ ഒന്നര ചതുരശ്ര അടി മാത്രം സ്ഥലം കൊടുത്തു വളര്‍ത്തുന്ന കോഴികള്‍ക്ക് ആയാസപ്പെടാനോ ഓടിനടക്കാനോ ഉള്ള സാധ്യതകളുമില്ല. അതിനാല്‍ തന്നെ സ്റ്റിറോയിഡ് ഹോര്‍മോണുകള്‍ക്ക് ഈ പറയപ്പെടുന്ന ഗുണഗണങ്ങള്‍ കോഴികളിലുണ്ടാക്കി എടുക്കാന്‍ പറ്റില്ല. ഇത്തരം ഹോര്‍മോണുകള്‍ വളരെ ചിലവേറിയതാണ് എന്നതാണ് മറ്റൊരു കാര്യം. വിപണി വിലയില്‍ മത്സരം നടക്കുന്നതിനാല്‍ ഹോര്‍മോണ്‍പോലെ വിലകൂടിയ വിദ്യകള്‍ ഈ മേഖലയില്‍ പ്രയോഗിക്കുക എന്നത് ഒട്ടും പ്രായോഗികമല്ല.
ബന്ധപ്പെട്ട വാർത്തകൾ: കരുതൽ വേണം കോഴികൾക്ക് മഴയത്തും
ജനിതകവിദ്യ വഴി 'വൈറ്റ് പ്ലൈമത്ത് റോക്ക്' എന്ന മാതൃ ഇനത്തില്‍ നിന്ന് ഉരുത്തിരിച്ചെടുത്തിരിക്കുന്ന ബ്രോയ്‌ലര്‍ കോഴികള്‍ 5-6 ആഴ്ച പ്രായംകൊണ്ട് 2 കിലോ തൂക്കം എത്തുന്നു. മെച്ചപ്പെട്ട തീറ്റ, ഭക്ഷണരീതി, അനുയോജ്യമായ വളര്‍ത്തല്‍ രീതികള്‍, രോഗ നിയന്ത്രണം എന്നീ കാര്യങ്ങളില്‍ കൂടി ശ്രദ്ധപതിപ്പിക്കുന്നതിനാലാണ് 40-42 ദിവസംകൊണ്ട് ഇവ 2 കിലോ തൂക്കത്തിലെത്തുന്നത്. മികച്ച തീറ്റ പരിവര്‍ത്തനശേഷി ലഭ്യമാക്കാനായി ആദ്യത്തെ ആഴ്ച പ്രീസ്റ്റാര്‍ട്ടര്‍, പിന്നീടുള്ള രണ്ടാഴ്ച സ്റ്റാര്‍ട്ടര്‍, ഒടുവിലത്തെ മൂന്നാഴ്ച ഫിനിഷര്‍ എന്നീ തീറ്റകള്‍ നല്‍കുന്നു. സോയാബീന്‍, മഞ്ഞച്ചോളം, തവിട്, ധാതുലവണങ്ങള്‍, ഉപ്പില്ലാത്ത ഉണക്കമീന്‍ എന്നിവയാണ് ഈ തീറ്റയില്‍ അടങ്ങിയിരിക്കുന്നത്. പ്രീ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ ചില കമ്പനികള്‍ ചെറിയ തോതില്‍ ആന്റിബയോട്ടിക്കുകള്‍ ചേര്‍ക്കുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഇവ മനുഷ്യര്‍ക്ക് ഹാനീകരമാകുന്നില്ല.
ബന്ധപ്പെട്ട വാർത്തകൾ: കോഴിയുടെ രോഗങ്ങൾക്ക് കോഴിക്കർഷകർ സ്ഥിരമായി കൊടുക്കുന്നതു ഈ നാടൻ മരുന്നുകളാണ്
55 ഗ്രാമോളം തൂക്കം വരുന്ന ഒരു ദിവസം പ്രായമുള്ള ബ്രോയ്‌ലര്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യ 4-5 ദിവസം വരെ ഗ്ലൂക്കോസ്, ജീവകങ്ങള്‍ എന്നിവ വെള്ളത്തില്‍ ചേര്‍ത്തു നല്‍കാറുണ്ട്. ഈ പ്രായത്തില്‍ രോഗാണുബാധയ്ക്ക് സാധ്യത അധികമായതിനാല്‍ ചിലര്‍ ആന്റിബയോട്ടിക്കുകള്‍ നേരിയ തോതില്‍ ചേര്‍ത്തു വരുന്നു. പ്രീസ്റ്റാര്‍ട്ടര്‍ തീറ്റയുടെ കാര്യത്തിലെന്നപോലെ ആദ്യ ദിവസങ്ങളിലെ ഈ ആന്റിബയോട്ടിക്ക് ഉപയോഗം ദോഷകരമല്ല. ലസോട്ട, ഐ.ബി.ഡി എന്നീ വാക്‌സിനുകളും, ബി കോമ്പ്‌ളക്‌സ് ജീവകങ്ങള്‍ എന്നിവ മാത്രമാണ് പിന്നീടുള്ള ആഴ്ചകളില്‍ വളരാനും രോഗപ്രതിരോധത്തിനും ആവശ്യമായിട്ടുള്ളത്. കുടിയ്ക്കാന്‍ ശുദ്ധജലം, മുഴുവന്‍ സമയ ഭക്ഷണ ലഭ്യത, അനുയോജ്യമായ കാലാവസ്ഥ, മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യം, വെന്റിലേഷന്‍ സൗകര്യം എന്നിവയുണ്ടെങ്കില്‍ വേറൊരു രോഗങ്ങളെപ്പറ്റിയുള്ള ആധിയോ ആന്റിബയോട്ടിക്കുകളുടെ ഉപയോഗമോ ആവശ്യമില്ല. ഏതെങ്കിലും അസുഖ കാരണങ്ങളാല്‍ ആന്റിബയോട്ടിക്ക് ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ തന്നെ അവയുടെ ഉപയോഗം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞു മാത്രം ഇറച്ചിയ്ക്കായി വില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ മതി. സാധാരണ ഗതിയില്‍ ആന്റിബയോട്ടിക്കുകളുടെ ദീര്‍ഘനാളത്തെ ഉപയോഗം കോഴികളില്‍ തൂക്കം കൂട്ടില്ല, എന്നു മാത്രമല്ല അവയെ കൂടുതല്‍ ക്ഷീണിതരാക്കുന്നു (സ്‌ട്രെസ്സ്).
3 ആഴ്ച കഴിഞ്ഞ് മാംസ്യം കൂടിയ ഫിനിഷര്‍ തീറ്റയിലേക്ക് എത്തുന്നതോടെ കോഴി കൂടുതല്‍ വളര്‍ച്ചയിലേക്കെത്തുകയും ഏതാണ്ട് 36-42 ദിവസംകൊണ്ട് ഹോര്‍മോണ്‍, ആന്റിബയോട്ടിക്ക് എന്നിവയുടെയൊന്നും സഹായമില്ലാതെ തന്നെ രണ്ട് കിലോ തൂക്കം എത്തുന്നു. ഈ സമയത്തിനുള്ളില്‍ കോഴി ഓരോന്നും 3-3.5 കിലോ തീറ്റ കഴിച്ചിരിക്കും. പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഒരു വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ആന്റിബയോട്ടിക്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ആന്റിബയോട്ടിക്കിന്റെ അളവ്, തുടര്‍ച്ചയായി കൊടുക്കേണ്ട ദിവസങ്ങളുടെ എണ്ണം എന്നിവ പ്രത്യേകം ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക. ഇത്തരം കാര്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പരിശോധന കൂടി കര്‍ശനമാകുമെങ്കില്‍ ഇപ്പോഴുള്ള വിവാദങ്ങള്‍ പരിഹരിക്കപ്പെടും.
ബന്ധപ്പെട്ട വാർത്തകൾ: കോഴികൾക്ക് ഇത്തരം അസുഖങ്ങൾ കാണാറുണ്ടോ? ഈ മരുന്നുകൾ ചെയ്തു നോക്കൂ.
Share your comments