സംസ്ഥാനത്ത് മൃഗങ്ങളിൽ നിന്ന് പകരുന്ന ബ്രൂസല്ലോസിസ് രോഗം സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് പിതാവിനും മകനും രോഗബാധ കണ്ടെത്തിയിരിക്കുന്നത്. കന്നുകാലിയിൽ നിന്ന് പകർന്നതാണെന്ന് ആരോഗ്യ വകുപ്പിന്റെ നിഗമനം. ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. വെമ്പായം വേറ്റിനാട് രണ്ടു പേർക്ക് ബ്രൂസല്ലോസിസ് രോഗം സ്ഥിരീകരിച്ചു. അറുപത്തഞ്ചുകാരനായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലികളിൽനിന്നാവാം ഇരുവർക്കും രോഗം പിടിപെട്ടതെന്നാണ് നിഗമനം. അച്ഛൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ചകിത്സയ്ക്കുശേഷം വീട്ടിൽ നിരീക്ഷണത്തിലാണ്. പനി, മുഖത്ത് നീര് തുടങ്ങിയ ലക്ഷണങ്ങളുമായാണ് ഇരുവരും ചികിത്സതേടിയത്.
പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍.
വളര്‍ത്തു മൃഗങ്ങളെ ബാധിക്കാന്‍ ഇടയുള്ള പ്രധാനപ്പെട്ട സാംക്രമിക രോഗങ്ങളിലൊന്നും പകര്‍ച്ചവ്യാധിയുമാണ് ബ്രൂസെല്ലോസിസ് രോഗം. രോഗാണു ബാധയേറ്റ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തു ജന്യരോഗങ്ങളിലൊന്നു കൂടിയാണ് ബ്രൂസല്ലോസിസ്. മെഡിറ്ററേനിയന്‍ പനി, മാള്‍ട്ടാ പനി, ബാംഗ്സ് രോഗം തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന, ലോകമെമ്പാടും വ്യാപകമായ അസുഖമാണിത്.
പ്രധാനമായും പശു, ആട്, പന്നി, നായ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന ഈ രോഗം, ബ്രൂസെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ കാരണമാണുണ്ടാകുന്നത്. ബ്രൂസല്ല അബോര്‍ട്ടസ് എന്ന രോഗാണുവാണ് പശുക്കളില്‍ മുഖ്യമായും രോഗമുണ്ടാക്കുന്നത്. ബ്രൂസല്ലാ മെലിട്ടന്‍സിസ് ആടുകളിലും ബ്രൂസല്ലാ സുയിസ് രോഗാണു പന്നികളിലും രോഗമുണ്ടാക്കുന്നു.
പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്ട് കോ ഓർഡിനേറ്റർ, ചീഫ് വെറ്റിനറി ഓഫീസർ എന്നിവർ പഞ്ചായത്തിലെ 18-ാം വാർഡിലെ ബ്രൂസലോസിസ് രോഗം സ്ഥിരീകരിച്ച കർഷകന്റെ വീട് സന്ദർശിച്ചു. ഇവരുടെ വീട്ടിലുള്ള നാല് കന്നുകാലികളിലും രോഗബാധയില്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച വീണ്ടും സാമ്പിൾ ശേഖരിച്ചു. ഇതിന്റെ റിപ്പോർട്ട് രണ്ട് ദിവസത്തിൽ ലഭ്യമാകും. വെള്ളിയാഴ്ച ക്ഷീരകർഷകർക്കായി വെമ്പായം പഞ്ചായത്ത് ഹാളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.
രോഗലക്ഷണങ്ങളും വ്യാപനവും
ബ്രൂസല്ലോസിസ് രോഗബാധയേറ്റുള്ള മരണനിരക്ക് പശുക്കളില്‍ കുറവാണെങ്കിലും, രോഗകാരണമായുണ്ടാകുന്ന വന്ധ്യതയും ഉത്പാദനക്കുറവുമെല്ലാം കര്‍ഷകര്‍ക്കും ക്ഷീരമേഖലക്കും കനത്ത നഷ്ടത്തിന് കാരണമാവും. പശുക്കളുടെ പ്രത്യുത്പാദന വ്യവസ്ഥയെയും അകിടുകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്.
ഗര്‍ഭിണി പശുക്കളില്‍ ഗര്‍ഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ ഗര്‍ഭമലസുന്നത് ബ്രൂസല്ലോസിസിന്റെ പ്രധാന ലക്ഷണമാണ്. ആദ്യ രോഗബാധയില്‍ ഗര്‍ഭമലസല്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പിന്നീടുള്ള പ്രസവങ്ങള്‍ സാധാരണ ഗതിയില്‍ നടക്കാം. പശുക്കള്‍ സ്വയം പ്രതിരോധശേഷി ആര്‍ജിക്കുന്നതിനാലാണിത്. എങ്കിലും രോഗാണുവാഹകരായ പശുക്കള്‍ അണുക്കളെ ഗര്‍ഭാശയ സ്രവങ്ങളിലൂടെയും മറ്റും പുറന്തള്ളുന്നത് രോഗവ്യാപനത്തിന് കാരണമാവും.
ഗര്‍ഭാശയത്തില്‍ വെച്ച് തന്നെ ചത്തതോ ആരോഗ്യശേഷി തീരെ കുറഞ്ഞതോ ആയ കിടാക്കളുടെ ജനനം, മറുപിള്ളയെ പുറന്തള്ളാതിരിക്കല്‍ ഗര്‍ഭാശയത്തില്‍ വീക്കവും പഴുപ്പും തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം ബ്രൂസെല്ലോസിസ് കാരണമാവാറുണ്ട്. അകിട് വീക്കം, പാല്‍ ഉത്പാദനം ഗണ്യമായി കുറയല്‍, സന്ധികളില്‍ വീക്കം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍.
രോഗം നിയന്ത്രിക്കാനാവും
പശു, ആട്, പന്നി, നായ തുടങ്ങിയ വളർത്തുമൃഗങ്ങളിൽ നിന്നാണ് പ്രധാനമായും രോഗം മനുഷ്യരിലേക്ക് പകരുന്നത്. മലിനമായ കാലിത്തീറ്റ, മറ്റു മൃഗങ്ങളുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് വളർത്തുമൃഗങ്ങൾക്ക് രോഗം പിടിപെടുന്നത്. പ്രതിരോധ കുത്തിവെപ്പിലൂടെ മൃഗങ്ങളിലെ രോഗം നിയന്ത്രിക്കാനാവും. ബ്രൂസല്ല അബോർട്ടസ് എന്ന രോഗാണുവാണ് പശുക്കളിൽ രോഗമുണ്ടാക്കുന്നത്. മൃഗങ്ങളുമായി അടുത്തിട പഴകുന്നവർ രോഗത്തിനെതിരേ ജാഗ്രത പുലർത്തണം.
കന്നുകാലികൾക്ക് പുറമേ പൂച്ച പട്ടി എന്നിവയിൽ നിന്നും ബാക്ടിരിയ മനുഷ്യരിലേക്ക് പടരാം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരില്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയങ്ങളെ ബാധിച്ച് മരണത്തിനടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്. മൂന്നുവർഷം മുമ്പ് കൊല്ലം മയ്യനാട് താന്നി സ്വദേശിയായ ക്ഷീരകർഷകന് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. അന്നത്തെ പരിശോധനയിൽ വീട്ടിലെ കാലികൾക്ക് രോഗമില്ലായിരുന്നുവെന്ന് സ്ഥിരീകിരിച്ചിരുന്നു.
Share your comments