കന്നുകാലികളെ ബാധിക്കുന്ന സാംക്രമിക ചര്‍മ്മമുഴ രോഗം(എല്‍.എസ്.ഡി.ലംപി സ്‌കിന്‍ ഡിസീസ്)
സംസ്ഥാനത്ത് സ്ഥിതീകരിച്ച സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് മാത്രമേ രോഗം ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ എങ്കിലും മറ്റു പ്രദേശങ്ങളിലെയും കര്‍ഷകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ചര്‍മ്മമുഴ രോഗത്തിന്റെ പകര്‍ച്ചാനിരക്കും രോഗബാധയേറ്റുള്ള മരണനിരക്കും താരതമ്യേന കുറവായതിനാല്‍ ക്ഷീരകര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത് മനുഷ്യരിലേക്ക് പടരാന്‍ ഇടയുള്ള ജന്തുജന്യ രോഗങ്ങളില്‍ ഒന്നല്ലെന്നും ജാഗ്രതാനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. മതിയായ പരിചരണവും ചികിത്സയും ഉറപ്പുവരുത്തിയാല്‍ മൂന്നാഴ്ചക്കുള്ളില്‍ പശുക്കള്‍ രോഗവിമുക്തമാകുമെങ്കിലും പാലുല്‍പാദനത്തിന്റെ കുറവ് നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്.
തൊഴുത്തിലും പരിസരത്തും രോഗവാഹകരായ കടിഈച്ച, കൊതുക്, പട്ടുണി തുടങ്ങിയ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനും അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കി സൂക്ഷിക്കുന്നതിനും പ്രാധാന്യം നല്‍കണം. രോഗസംക്രമണം നിയന്ത്രിക്കുന്നതിനായി പുതുതായി പശുക്കളെ വാങ്ങുന്നത് താല്‍ക്കാലികമായി ഒഴിവാക്കുവാനും രോഗലക്ഷണമുള്ളവയെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് പരിചരിക്കാനും നിര്‍ദ്ദേശമുണ്ട്.
തങ്ങളുടെ ഉരുക്കളില്‍ ചര്‍മ്മമുഴ രോഗവുമായി സാമ്യമുള്ള ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ കര്‍ഷകര്‍ തൊട്ടടുത്തുള്ള മൃഗാശുപത്രികളുമായി ബന്ധപ്പെടണം. സംസ്ഥാനത്തൊട്ടാകെയുള്ള ക്ലിനിക്കല്‍ ലബോറട്ടറി, ഡീസിസ് ഇന്‍വെസ്റ്റിഗേഷന്‍ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ കേസുകളില്‍ ജില്ലാ ലാബോറട്ടറി ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം സാമ്പിളുകള്‍ ശേഖരിച്ച് രോഗനിര്‍ണ്ണയം നടത്തുവാനുള്ള സംവിധാനം സംസ്ഥാനമൊട്ടാകെ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
വകുപ്പിന്റെ സംസ്ഥാനതല റഫറല്‍ ലാബോറട്ടറിയായ പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ആനിമല്‍ ഡിസീസസില്‍ രോഗനിര്‍ണയത്തിനുള്ള സംവിധാനങ്ങളുണ്ട്.
രോഗം സംബന്ധിച്ച സംശയങ്ങള്‍ക്ക് സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറായ 0471 2732151 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്
Share your comments