എരുമകളെ വളർത്താൻ പശുക്കളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ തൊഴുത്ത് നിർമിക്കാം. വീടിനോട് ചേർന്ന് ചേർപ്പായോ പ്രത്യേകമായോ തൊഴുത്ത് നിർമിക്കാവുന്നതാണ്.
തൊഴുത്ത് നിർമിക്കുന്ന സ്ഥലം ഭൂനിരപ്പിൽ നിന്നും ഉയർന്നതും വെള്ളം കെട്ടിനിൽക്കാത്തതുമായിരിക്കണം. എരുമകൾക്ക് തൊഴുത്ത് നിർമിക്കുമ്പോൾ യഥേഷ്ടം ശുദ്ധമായ വെള്ളം ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കണം.
തൊഴുത്ത് കിഴക്ക് പടിഞ്ഞാറ് ദിശയിലായിരിക്കണം നിർമിക്കേണ്ടത്. തറ ഭൂനിരപ്പിൽ നിന്നും ഒരടിയെങ്കിലും ഉയരത്തിലായിരിക്കണം. തൊഴുത്തിന് ഒരു മീറ്റർ ഉയരത്തിൽ ഭിത്തി കല്ല്, ഇഷ്ടിക എന്നിവ ഉപയോഗിച്ച് നിർമിക്കാം. ബാക്കി ഭാഗം മുള, പാഴ്ത്തടി, ഈറ്റ് എന്നിവ കൊണ്ട് യഥേഷ്ടം വായുസഞ്ചാരം ലഭിക്കത്തക്ക രീതിയിൽ നിർമിക്കേണ്ടതാണ്.
തൊഴുത്തിന്റെ മോന്തായത്തിന് 48 മീറ്റർ ഉയരവും വശങ്ങൾക്ക് മുന്നിൽ 3 മീറ്ററും പിൻഭാഗത്ത് 1.8 മീറ്ററും ഉയരം വേണം. എരുമയൊന്നിന് തൊഴുത്തിൽ 3.6 മീറ്റർ നീളവും 1.3 മീറ്റർ വീതിയും വേണം. ഇതിൽ പുൽത്തൊട്ടിക്ക് 0.9 മീറ്ററും എരുമയ്ക്ക് നിൽക്കാൻ 1.8 മീറ്ററും സ്ഥലം ആവശ്യമാണ്.
മേൽക്കൂരയ്ക്ക് പകരമായി ഓട്, ഓല, ലൈറ്റ് റൂഫിങ്, കനം കുറഞ്ഞ കോൺക്രീറ്റ് എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. എരുമക്കിടാരിക്ക് 3-3.5 ചതുരശ്രമീറ്ററും കന്നുകുട്ടിക്ക് 2.5 ചതുരശ്രമീറ്ററും തൊഴുത്തിൽ സ്ഥലം ഉണ്ടായിരിക്കണം.
കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച് തൊഴുത്ത് നിർമിക്കാറുണ്ട്. എരുമകൾക്ക് വേനൽക്കാലത്ത് ഓല കൊണ്ടുള്ള താൽക്കാലിക ഷെഡുകൾ തെങ്ങിൻ തോപ്പിൽ നിർമിക്കുന്നവരുണ്ട്.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വേനൽക്കാലത്ത് ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കത്തക്ക വിധത്തിൽ മണ്ണ്, ഇല എന്നിവ കൊണ്ട് തൊഴുത്ത് നിർമിക്കാറുണ്ട്. മഴക്കാലത്തും തണുപ്പുകാലത്തും ഇവ പൊളിച്ചുമാറ്റി പ്രത്യേകം തൊഴുത്തു നിർമിക്കും.
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം ബ്ലോക്കിൽ തൊഴുത്തിന്റെ നിലം പ്രത്യേക രീതിയിലാണ് നിർമിക്കുന്നത്. നിലത്ത് ഇലകൾ വിതറും, ചാണകം എടുത്തുമാറ്റാറില്ല. ദിവസേന ഇലകൾ വിതറിക്കൊണ്ടിരിക്കും. 2-3 മാസത്തി ലൊരിക്കൽ ഇവ നേരിട്ട് വളമായി ഉപയോഗിക്കും
തൊഴുത്തിനടുത്തു തന്നെ വളക്കുഴി വേണം. ചാണകം എടുത്തുമാറ്റാൻ സൗകര്യപ്രദമായ രീതിയിൽ തൊഴുത്തിന്റെ നിലം അധികം ചെരിവോ മിനുസമോ ഇല്ലാതെ കോൺക്രീറ്റ് ചെയ്യണം. മൂത്രം ഒഴുകി പോകാൻ പ്രത്യേകം മൂത്രച്ചാലുകൾ നിർമിക്കണം. തൊഴുത്തിലേക്ക് എരുമകൾക്ക് കയറാൻ പടിയും (steps) നിർമിക്കേണ്ടതാണ്.
തൊഴുത്ത് ദിവസേന അണുനാശിനി ലായനി തളിച്ച് വൃത്തിയാക്കണം. ഇതിനായി കുമ്മായം, ബ്ലീച്ചിങ് പൗഡർ, സോഡാക്കാരം എന്നിവ ഉപയോ ഗിക്കാം. വളക്കുഴിയിൽ ആഴ്ചതോറും ഇടവിട്ട് കുമ്മായം വിതറുന്നത് രോഗാണുബാധ നിയന്ത്രിക്കാൻ സഹായിക്കും.
Share your comments