പൂച്ചമാന്തൽ രോഗം അഥവാ പൂച്ചമാന്തൽ പനി പൂച്ചകളുമായി കൂടുതൽ സംസർഗമുള്ള മനുഷ്യരിൽ സാധാരണ കണ്ടുവരുന്നു. പുരുഷന്മാരിൽ ഈ രോഗം കൂടുതൽ കാണാം. ഗുരുതരമായ അവസ്ഥയിൽ ഇത് നാഡീവ്യൂഹത്തെ വരെ ബാധിക്കും.
രോഗകാരികൾ
ഗ്രാം നെഗറ്റീവ് വിഭാഗത്തിൽപ്പെട്ട ബാർടൊനെല്ല ഹെൻസെലേ (Bartonella henselae) എന്ന സൂക്ഷ്‌മാണുവാണ് രോഗഹേതു. ഈ രോഗാണുവിനെ രോഗിയുടെ ലസികാഗ്രന്ഥി, തൊലിപ്പുറം, നേത്രപടലം എന്നിവയിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
രോഗവാഹകർ
വളർത്തുപൂച്ചകളാണ് പ്രധാന രോഗാണുവാഹകർ. പൂച്ചകൾ ഈ രോഗാണുവിനെ വിസർജ്യവസ്‌തുക്കളിലൂടെ ഇടവിട്ട് പുറന്തള്ളാറുണ്ട്. ചെറുമുറിവുകളിലൂടെയും, നായ്ക്കൾ, അണ്ണാൻ, ആട് എന്നീ മൃഗങ്ങളുടെ പോറൽമൂലവും ഈ രോഗം പകരുന്നതായി കാണപ്പെടുന്നു.
രോഗസംക്രമണം
75% രോഗം പകരുന്നത് മൃഗങ്ങളുടെ (പ്രധാനമായും പൂച്ച) മാന്തൽ, പോറൽ, ആക്രമണം, നക്കൽ എന്നിവയിലൂടെയാണ്. രോഗം പ്രധാനമായും 20 വയസ്സിൽ താഴെയുള്ള മനുഷ്യരിലാണ് കണ്ടുവരുന്നത്. പൂച്ച പോറൽ കൊണ്ട് ഏകദേശം 10 ദിവസത്തിന് ശേഷമാണ് പ്രധാനക്ഷതികം പ്രകടമാകുന്നത്.
പ്രധാന ക്ഷതികം കഴുത്തിലും അഗ്രഭാഗ ങ്ങളിലും കാണാം. 10-14 ദിവസം കഴിഞ്ഞ് ലസികാഗ്രന്ഥിയുടെ വീക്കവും ഉണ്ടാകും. ചിലപ്പോൾ ഏകദേശം ആറ് ആഴ്‌ചകൾ കൊണ്ട് പഴയ രൂപത്തിലാകുകയും ചെയ്യും.
രോഗലക്ഷണങ്ങൾ
മനുഷ്യരിൽ
65% മനുഷ്യരിൽ പനി, ക്ഷീണം, ആകുലത, സന്ധിവേദന, ചർമം പൊട്ടൽ എന്നിവ കാണാം. കൂടാതെ ഈ രോഗം എല്ലാ അവയവ വ്യവസ്ഥ കളെയും ബാധിക്കുന്നു. ചില അവസരങ്ങളിൽ കരൾവീക്കം, പ്ലീഹാ വീക്കം, മസ്‌തിഷ്‌കജ്വരം, സന്ധിവീക്കം, ഉദര ലസികാഗ്രന്ഥി വീക്കം എന്നിവയും കാണപ്പെടും. മിക്കവാറും രോഗികൾ നാലു മാസത്തിനുള്ളിൽ സുഖം പ്രാപിക്കും.
Share your comments