കന്നുകാലികളിലെ വിരബാധ ചികിത്സിക്കുവാന്‍ ഒട്ടനവധി വിരമരുന്നുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ അശാസ്ത്രീയമായ ഉപയോഗം മൂലം, പല മരുന്നുകള്‍ക്കുമെതിരെ വിരകള്‍ പ്രതിരോധശേഷി കൈവരിച്ചിരിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. വിരമരുന്നുകള്‍ ശരിയായ അളവില്‍ നല്‍കിയിട്ടും വിരബാധ നിയന്ത്രിക്കുവാന്‍ സാധിക്കാതെ വരുന്ന സ്ഥിതിവിശേഷമാണ് വിരമരുന്നു പ്രതിരോധം. ആടുകളിലാണ് പ്രധാനമായും വിരമരുന്നു പ്രതിരോധം കണ്ടു വരുന്നത്. ഇത് വളരെയേറെ ഗൗരവമേറിയ ഒരു പ്രശ്‌നമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍, ഭാവിയില്‍, പല വിരമരുന്നുകളും ഫലവത്തല്ലാതായി തീരുകയും, വിരബാധ നിയന്ത്രിക്കുവാന്‍ സാധിക്കാതെ വരികയും ചെയ്യും.
ശാസ്ത്രീയരീതികളവലംബിച്ചാല്‍ വിരമരുന്നുകള്‍ വിരകളുടെ നിയന്ത്രണത്തില്‍ വളരെയധികം ഫലപ്രദമായി ഉപയോഗിക്കാനാവും. വിരമരുന്നു പ്രയോഗത്തില്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍ താഴെ പറയുന്നു.
വിരയിളക്കല്‍ ആവശ്യമെങ്കില്‍ മാത്രം
ചാണകം പരിശോധിച്ച്, വിരബാധ ഉറപ്പാക്കിയിട്ട് മാത്രം വിരമരുന്നുകള്‍ നല്‍കുക. ചാണകം പരിശോധിക്കുവാനുള്ള സൗകര്യം ഇന്ന് എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. ഇതുവഴി അനാവശ്യ മരുന്നു പ്രയോഗം മൂലമുള്ള അധിക ചിലവുകള്‍ കുറയ്ക്കാനാവും. കൂടാതെ, ചാണക പരിശോധന വഴി ഏതുതരം വിരബാധയാണെന്നും തിരിച്ചറിയാം. പലതരം വിരബാധകള്‍ക്കും വെവ്വേറെ ചികിത്സാരീതികളാണ്. അങ്ങനെ വിരബാധയ്ക്ക് അനുസൃതമായി ചികിത്സിക്കാനാകും.
വിരമരുന്നുകള്‍ ശരിയായ അളവില്‍ നല്‍കുക
കന്നുകാലികളുടെ തൂക്കമനുസ്സരിച്ചാണ് മരുന്നുകളുടെ അളവ് അഥവാ ‘ഡോസ്’ നിശ്ചയിക്കുന്നത്. ആവശ്യമായതിലും കുറഞ്ഞ ഡോസില്‍ മരുന്നു നല്‍കുന്നതാണ് വിരമരുന്നു പ്രതിരോധത്തിനിടയാക്കുന്ന പ്രധാന കാരണം. ആയതിനാല്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ശരിയായ അളവില്‍ മരുന്നു നല്‍കുക.
വിരബാധ കൂടുതലായി കണ്ടുവരുന്ന സമയങ്ങളില്‍ മാത്രം വിരയിളക്കുക.
മഴക്കാലത്തോടനുബന്ധിച്ചാണ് വിരബാധ കൂടുതലായി കണ്ടു വരുന്നത്. ഇത് മുന്നില്‍ കണ്ടു മരുന്നു നല്‍കിയാല്‍ രോഗം നിയന്ത്രിക്കാനാകുമെന്നു മാത്രമല്ല, ചാണകം വഴിയുള്ള രോഗസംക്രമണവും തടയാനാകും. അതുപോലെ, പ്രസവത്തിനോടനുബന്ധിച്ച് വിരബാധ അധികരിക്കുകയും ചാണകത്തില്‍ വിരകളുടെ മുട്ടകള്‍ കൂടുതലായി കണ്ടുവരികയും ചെയ്യുന്നു. ഇത് കുട്ടികളിലേക്ക് രോഗസംക്രമണത്തിനിടയാക്കുന്നു. പ്രസവത്തിനോടനുബന്ധിച്ച് വിരയിളക്കുന്നത് രോഗനിയന്ത്രണത്തിന് സഹായകമാകും. എന്നുമാത്രമല്ല, പാലുല്പാദനം കൂട്ടുവാനും ഇത് ഉപകരിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.
ഒരേതരത്തിലുള്ള വിരമരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഒഴിവാക്കുക
വര്‍ഷങ്ങളോളം ഒരേതരത്തിലുള്ള വിരമരുന്നുകള്‍ ഉപയോഗിക്കുന്നത് വിരമരുന്നു പ്രതിരോധത്തിനിടയാക്കുന്നു. വര്‍ഷാവര്‍ഷം മരുന്നുമാറ്റി ഉപയോഗിക്കുന്നത് വഴി ഈ പ്രശ്‌നം ഒരു പരിധിവരെ ഒഴിവാക്കാനാവും. ഫാമുകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കാലികളെ വാങ്ങിക്കൊ വരുമ്പോള്‍ കുറഞ്ഞപക്ഷം 2 തരം വിരമരുന്നുകള്‍ ഉപയോഗിച്ച് വിരയിളക്കണം. അതിനുശേഷം 30 മണിക്കൂറുകള്‍ കഴിഞ്ഞു മാത്രമേ മേച്ചില്‍ സ്ഥലങ്ങളിലേക്ക് വിടാന്‍ പാടുള്ളു. പ്രതിരോധശേഷി കൈവരിച്ച വിരകള്‍ മേച്ചില്‍ സ്ഥലങ്ങളിലേക്ക് സംക്രമിക്കപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും.
കടപ്പാട് - വെറ്ററിനറി കോളേജ് മണ്ണുത്തി .
English Summary: deworming in animals things to remember
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments