അയവിറക്കുന്ന മൃഗങ്ങളിൽ ഭക്ഷണവും ഭക്ഷണരീതിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന രോഗമാണ് ദഹനക്കേട്. അയവിറക്കുന്ന മൃഗങ്ങളുടെ ദഹനത്തിൽ പ്രധാന പങ്കുവഹിക്കുന്നത് സൂക്ഷ്മാണുക്കളാണ് . ഭക്ഷണത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം ഈ ദഹനപ്രക്രിയയെ താറുമാറാക്കുന്നു. പൊതുവേ സംഭവിക്കുന്നത് എളുപ്പത്തിൽ ദഹിക്കുന്ന അന്നജങ്ങൾ അടങ്ങിയ ധാന്യഭക്ഷണങ്ങൾ കൂടിയ അളവിൽ നൽകുമ്പോഴാണ്.
കഞ്ഞി, ചോറ്, വേവിച്ചഗോതമ്പ് തുടങ്ങിയവയാണ് ഇത്തരം ദഹനക്കേടിലേക്ക് വഴി വയ്ക്കാവുന്ന പ്രധാന ഭക്ഷണസാമഗ്രികൾ. പഴകിയതും അല്ലാത്തതുമായ വിശേഷാവസരങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങൾ, ചീഞ്ഞതും പഴുത്തതുമായ പഴങ്ങൾ (ചക്ക ഉൾപ്പെടെ) പഴകിയതും അല്ലാത്തതുമായ ധാന്യങ്ങൾ എന്നിവയെല്ലാം ദഹനക്കേടിനു വഴി വയ്ക്കും. വളരെ ചെറിയ അളവിൽ മാത്രമാണെങ്കിൽ ആടുകൾ ഭക്ഷണം കഴിക്കുന്നതും അയവെട്ടുന്നതും നിർത്തുക എന്നതു മാത്രമായിരിക്കും ദഹനക്കേടിന്റെ പ്രധാന ലക്ഷണം. ഇത്തരം അവസ്ഥകൾ ചികിത്സയോട പെട്ടെന്ന് പ്രതികരിക്കും. പൊതുവേ നോക്കുമ്പോൾ നൽകിയ ഭക്ഷണവസ്തുക്കളുടെ സ്വഭാവം, അളവ്, നൽകിയ സമയം, തുടർന്നുള്ള സമയദൈർഘ്യം, ആടിന്റെ ആഹാരശീലങ്ങൾ, ശാരീരിക അവസ്ഥ എന്നിവയ്ക്കെല്ലാം അനുസരിച്ച്രോഗത്തിന്റെ തീവ്രതയും വ്യത്യസ്തമായി വരും.
പൊടുന്നനെയുള്ള ഭക്ഷണവ്യതിയാനങ്ങൾ ഒഴിവാക്കുക എന്നതാണ് ഏതു തരത്തിലുമുള്ള ദഹനക്കേട് ഒഴിവാക്കാനുള്ള പ്രധാന മാർഗം. കുറഞ്ഞ അളവിൽ കൂടുതൽ തവണകളിലായി ഒരു ആഴ്ച സമയമെങ്കിലും എടുത്തു വേണം പുതിയ ഭക്ഷണങ്ങൾ ആടിനെ ശീലിപ്പിക്കാൻ. കൂടുതൽ അളവിൽ ഖരാഹാരം കൊടുക്കുന്നത് ഒഴിവാക്കാനാവാത്തതാണെങ്കിൽ അത് ദിവസത്തിൽ പല തവണകളായി നൽകുക. ധാന്യങ്ങൾ പൊടിച്ച് നൽകുന്നതിനു പകരം ധാന്യങ്ങളായിത്തന്നെയോ, ചെറുതായി നുറുക്കിയോ നൽകുന്നതാണ് നല്ലത്. നനച്ച് നൽകുന്നതിനു പകരം ഉണങ്ങിയ രൂപത്തിൽ നൽകുന്നതാണ് നല്ലത്. ധാന്യങ്ങൾ വേവിച്ച് കൊടുക്കുന്നത് പലപ്പോഴും വേവിക്കാതെ കൊടുക്കുന്നതിനേക്കാൾ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാറാണ് പതിവ്. കട്ടിയേറിയ പുറന്തോടുള്ള ധാന്യങ്ങൾ കുതിർത്തിയോ, ചെറുചൂടിൽ ഭാഗികമായി വേവിച്ചോ നൽകുന്നതാണ് നല്ലത്. ഫാമുകളിലും മറ്റും തീറ്റ സംഭരിച്ചു വയ്ക്കുന്ന സ്ഥലങ്ങൾ ആടുകൾക്ക് എത്താത്ത രീതിയിലാകാൻ ശ്രദ്ധിക്കുക. അഴിഞ്ഞു പോവുകയോ, മറ്റോ സംഭവിക്കുമ്പോൾ ആടുകൾ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാണ് ഇത്.
Share your comments