<
  1. Livestock & Aqua

മഴയെത്തുമ്പോൾ ശരിയായ ശ്രദ്ധയും പരിചരണവും വഴി പശുക്കളിലെ രോഗസാധ്യത തടയാം

കുരലടപ്പൻ, അടപ്പൻ, കുളമ്പുരോഗം, ചർമമുഴ എന്നിവയ്ക്കു പ്രതിരോധ കുത്തിവയ്‌പു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് നിശ്‌ചിത ഇടവേളകളിൽ നടത്തണം.

Arun T
cow

കടുത്ത വേനൽ പിന്നിട്ട് മഴയെത്തുമ്പോൾ കാലാവസ്‌ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം ഉരുക്കളുടെ രോഗ പ്രതിരോധശേഷി കുറയ്ക്കുന്നു. രോഗാണുക്കൾ പെരുകുന്നതും ഇക്കാലത്താണ്. ഇതു പലതരം രോഗങ്ങൾക്കു കാരണമാകുന്നു. ശരിയായ ശ്രദ്ധയും പരിചരണവും വഴി രോഗസാധ്യത തടയാം.

തൊഴുത്തിനുള്ളിൽ മഴവെള്ളം വീഴാതെയും വെള്ളം ഊത്തലടിക്കാതെയുമിരിക്കാൻ മേൽക്കൂരയിൽ അറ്റകുറ്റ പ്പണികൾ നടത്തുക. തൊഴുത്തിൻ്റെ തറയിലെ കുണ്ടും കുഴികളും സിമിന്ററിട്ട് അടയ്ക്കുക. ചാണകക്കുഴിയും മൂത്രടാങ്കും നനയാത്ത വിധം മേൽക്കുര നന്നാക്കണം. തൊഴുത്തിനു ചുറ്റുമുള്ള വെള്ളക്കെട്ട് ഒഴിവാക്കാനായി ചപ്പു ചവറുകൾ നീക്കം ചെയ്യുക.

വാട്ടർ ടാങ്ക്: കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ വാട്ടർ ടാങ്കിലെ മാലിന്യങ്ങളും പായലും കഴുകിക്കളഞ്ഞ് ബ്ലീച്ചിങ് പൗഡർ വെള്ളം ഉപയോഗിച്ച് കൂത്താടികളെ ഒഴിവാക്കുക.

തീറ്റസംഭരണം: കാലിത്തീറ്റ നിറച്ച ചാക്കുകൾ ഈർപ്പം തട്ടാത്തവിധം, ഭിത്തിയോടു ചേരാതെ മരപ്പലകയുടെ പുറത്തു വയ്ക്കുക. സംഭരണ സ്‌ഥലത്ത് എലിശല്യം ഒഴിവാക്കാൻ നടപടിയെടുക്കണം.

ബാഹ്യ പരാദങ്ങൾ: രോഗം പകർത്തുന്ന കൊതുക്, ഈച്ച, ചെള്ള്, വട്ടൻ എന്നിവയെ അകറ്റാനുള്ള മരുന്നുകൾ തൊഴുത്തിലും പശുക്കളുടെ ദേഹത്തും ആഴ്‌ചയിൽ ഒരിക്കൽ തളിക്കണം. ഉദാ: Cypermethrin Deltamethrin Amitraz. പശുവിന്റെ ദേഹത്ത് മുതുകിൽ തല മുതൽ വാൽവരെ ചോക്കുപോലെ വരയ്ക്കാവുന്ന ലേപനങ്ങളും വിപണിയിൽ ലഭ്യമാണ് (ഉദാ: Flumethrin 1% Pour on solution).

തൊഴുത്തിൽ വൃത്തി: ബ്ലീച്ചിങ് പൗഡർ, കുമ്മായം, അലക്കുക്കാരം എന്നിവയുപയോഗിച്ച് തൊഴുത്ത് കഴുകാം.

വിരമരുന്നു നൽകൽ: ഒരു ഫാമിലെ പശുക്കളുടെയെല്ലാം ചാണക പരിശോധന നടത്തി വിരയ്ക്കെ‌തിരെയുള്ള ബ്രോഡ് സ്പെക്ട്രം വിരമരുന്ന് വെറ്ററിനറി ഡോക്‌ടറുടെ നിർദേശാനുസരണം മഴക്കാലത്ത് ഒരേസമയത്ത് നൽകുന്നതു നന്ന്. വിരമരുന്ന് നൽകിയതിനു ശേഷം രോഗപ്രതിരോധ കുത്തിവയ്‌പ് നൽകണം.

കുരലടപ്പൻ, അടപ്പൻ, കുളമ്പുരോഗം, ചർമമുഴ എന്നിവയ്ക്കു പ്രതിരോധ കുത്തിവയ്‌പു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് നിശ്‌ചിത ഇടവേളകളിൽ നടത്തണം.

അകിടുവീക്കം: മഴക്കാലത്ത് അകിടുവീക്ക സാധ്യതയേറും. കൂടുതലായി കാണുന്ന അകിടിലെ ചെറിയ പരുക്കു പോലും ശ്രദ്ധിക്കണം. കറവയ്ക്കു മുൻപും ശേഷവും പൊട്ടാസ്യം പെർമാംഗനേറ്റ് ചേർത്ത നേർത്ത ലായനിയിൽ കഴുകി തുടയ്ക്കണം. കറവയ്ക്കുശേഷം മുലക്കാമ്പ് പോവിഡോൺ അയോഡിൻ ലായനിയിൽ മുക്കി സംരക്ഷണം നൽകണം. കറവ വറ്റിയ സമയത്ത് മുലക്കാമ്പിൽ ആൻ്റിബയോട്ടിക് മരുന്നു കയറ്റണം. നിശ്ചിത ഇടവേളകളിൽ പാലിൻ്റെ പരിശോധന നടത്തി അകിടിന്റെ ആരോഗ്യസ്‌ഥിതി മനസ്സിലാക്കി ഉചിതമായ മരുന്നുകൾ നൽകി അകിടിൻ്റെ ആരോഗ്യം വീണ്ടെടുക്കണം.

രോഗമുള്ളവയെ കണ്ടെത്തൽ: തീറ്റമടുപ്പ്, ശ്വാസംമുട്ടൽ, നടക്കാൻ ബുദ്ധിമുട്ട്, വയറിളക്കം, ദഹനക്കേട്, വയറു പെരുപ്പം, മൂത്രത്തിന്റെയും പാലിന്റെയും നിറവ്യത്യാസം, പനി എന്നിവ മനസ്സിലാക്കി ലക്ഷണങ്ങൾക്കനുസരിച്ച് വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം മരുന്നു നൽകണം.

പനിയും രക്തപരിശോധനയും: തെർമോമീറ്റർ ഉപയോഗിച്ച് പനി കണ്ടെത്താൻ കർഷകർ ശീലിക്കണം. 104 ഡിഗ്രി ഫാരൻ ഹീറ്റിൽ കൂടുതൽ ശരീരതാപനില കാണിക്കുകയും തീറ്റമടുപ്പ്, പാൽ കുറവ് എന്നിവ ശ്രദ്ധയിൽ പെട്ടാലും രക്തപരിശോധന നടത്തി രോഗസാധ്യത മനസ്സിലാക്കി ചികിത്സിക്കണം. 

മഴക്കാലത്തുണ്ടാകുന്ന വയറിളക്കത്തിന് നനഞ്ഞ പുല്ല് വെയിലത്തിട്ട് വാട്ടിയോ വൈക്കോലു ചേർത്തോ നൽകാം. മഴക്കാലത്തു കാണുന്ന മൂക്കൊലിപ്പിന് യൂക്കാലി തൈലം ഉപയോഗിച്ച് മൂക്കിൽ ആവി പിടിക്കാം. ഫാമിലെ പശുക്കളിൽ രോഗസാധ്യത ശ്രദ്ധയിൽ പെട്ടാൽ ഉടനടി വെറ്ററിനറി ഡോക്ട‌റുടെ സേവനം തേടണം.

മഴക്കാലവും നാട്ടുമരുന്നുകളും: ഈച്ചയകറ്റാൻ കർപ്പൂരം വേപ്പെണ്ണയിൽ ചൂടാക്കി പശുവിൻ്റെ ദേഹത്ത് പുരട്ടാം. കർപ്പൂരം, വേപ്പെണ്ണ, യൂക്കാലിത്തൈത്തലം എന്നിവ കലർത്തി തൊഴുത്തിൽ തളിച്ച് ഈച്ചയെ അകറ്റാം. കുന്തിരിക്കം, ശീമക്കൊന്ന, തുമ്പ എന്നിവ ഉപയോഗിച്ച് തൊഴുത്തിൽ പുകയിടുന്നത് ഈച്ചശല്യമകറ്റും.

English Summary: Diseases of cow in rainy season

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds