കേരളത്തിന് പുറത്ത് ഏറെ പ്രാധാന്യമുള്ളതും എന്നാൽ ഇനിയും കേരളത്തിൽ ശക്തി പ്രാപിച്ചിട്ടില്ലാത്തതുമായ ഒരു വിപണിയാണ് ഈദ് ആടുകൾ. ഈദ് വിപണി കേരളത്തിൽ ശക്തമാണ് എങ്കിലും ഈ വിപണിക്കായി തയാറാക്കിയ ആടുകൾ എന്ന ആശയം വ്യാപകമായി പ്രയോഗിച്ചു വരുന്നില്ല എന്നതാണ് വാസ്തവം.
എന്താണ് ഈദ് ആടുകൾ ?
ബക്രീദിൻ്റെ മതപരമായ ചടങ്ങുകൾക്കാവശ്യമായ ആടുകളാണ് ഈദ് ആടുകൾ. കേരളത്തിൽ പ്രാദേശികമായി ഇവയുടെ ഗുണനിലവാര ഘടകങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
എന്നാലും പൊതുവേ ഇത്തരത്തിൽ വില്ക്കുന്ന ആടുകളെ ഈ സന്ദർഭത്തിൽ ശരീരഭാരത്തിന് അനുസരിച്ചുള്ള വിലയിലല്ല വില്ക്കുന്നത് എന്നതാണ് ഇതിന്റെ വിപണി പ്രാധാന്യം. നല്ല വളർച്ചയുള്ള ലക്ഷണങ്ങളൊത്ത ആടുകൾക്ക് മോഹവിലയാണ് ഈടാക്കുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം, അതും നിശ്ചിത സമയത്ത് മാത്രം നടക്കുന്ന വിപണിയായതിനാൽ കൃത്യമായ ആസൂത്രണത്തോടു കൂടി മാത്രമേ ഈദ് വിപണിയിലേക്കിറങ്ങാനാകൂ.
പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചും പ്രായത്തിനനുസരിച്ചും വിപണിയെ സമീപിക്കാൻ നേരത്തേ തന്നെ തയാറെടുക്കണം എന്നർഥം. ഈദ് വിപണിയിൽ ഉയർന്ന വില കിട്ടുന്നതിനാൽ അതിനും ഒന്നോ രണ്ടോ മാസം മുൻപു തന്നെ കർഷകരെ സമീപിച്ച് ചുളു വിലയ്ക്ക് ആടുകളെ വാങ്ങി ശേഖരിച്ച് ഈദിന് ഉയർന്ന വിലയ്ക്ക് വില്ക്കുന്ന രീതിയാണ് കച്ചവടക്കണ്ണുള്ള ഇടനിലക്കാർ വ്യാപകമായി നമ്മുടെ നാട്ടിൽ ചെയ്തു വരുന്നത്.
രോഗബാധകളെ പറ്റി വ്യാജപ്രചാരണങ്ങൾ നടത്തിയും സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്തും കർഷകരെ സമ്മർദത്തിലാഴ്ത്തിയുമൊക്കെയാണ് ഇത്തരക്കാർ നേട്ടം കൊയ്യുന്നത്. ഇത്തരം പ്രലോഭനങ്ങൾ അതിജീവിക്കുക എന്നത് ഈദ് വിപണിയെ ലക്ഷ്യം വയ്ക്കുന്ന ഒരാൾക്ക് അത്യാവശ്യമായ കാര്യമാണ്.
സവിശേഷരീതിയിൽ വളർത്തി കൃത്യമായ സമയത്ത് നിശ്ചിത തൂക്കം ലഭിക്കുന്ന ആടിൽ നിന്നുള്ള ഇറച്ചിയാണ് വിദേശങ്ങളിലെ സംഘടിത വിപണികളിൽ ലഭ്യമാകുന്നത് എങ്കിൽ നമ്മുടെ നാട്ടിലെ സ്ഥിതി വളരെ വ്യത്യസ്തമാണ്. സാമ്പത്തിക ആവശ്യങ്ങൾക്കായി പ്രായമോ തൂക്കമോ മറ്റു ഘടകങ്ങളോ ഒന്നും കണക്കിലെടുക്കാതെ കർഷകർ വില്ക്കുന്ന ആടുകൾ മുതൽ പ്രായക്കൂടുതലുള്ള ആടുകൾ, രോഗബാധിതരായ ആടുകൾ, പരിക്കോ മറ്റോ കാരണങ്ങളാൽ ജീവിക്കാൻ ശേഷിയില്ലാത്ത ആടുകൾ എന്നിങ്ങനെ യാതൊരു ഗുണനിലവാര മാനദണ്ഡവും പാലിക്കാതെ എല്ലാത്തരം ആടുകളും ഇറച്ചിയാകുന്നു എന്നതാണ് നമ്മുടെ നാട്ടിലെ കാഴ്ച. ഇവ മുതലെടുക്കുന്നതാകട്ടെ ഇടനിലക്കാരും. ഇടനിലക്കാരുടെ ചൂഷണത്തിൽപ്പെടാതെ പിടിച്ചുനില്ക്കാൻ കഴിഞ്ഞാലേ കർഷകർക്ക് ഈ രംഗത്ത് രക്ഷയുള്ളൂ.
Share your comments