<
  1. Livestock & Aqua

അടുക്കള കുളങ്ങളില്‍ മീന്‍ വളര്‍ത്താം

മഴശക്തമായതോടെ ചെറുതും വലുതുമായ ജലാശയങ്ങളില്‍ വെള്ളം നിറഞ്ഞുതുടങ്ങി. അടുക്കളക്കുളങ്ങളിലേക്ക് മത്സ്യങ്ങളെ തെരഞ്ഞെടുക്കാനുള്ള സമയമാണ് ഇനി മുന്നിലുള്ളത്.

KJ Staff

മഴശക്തമായതോടെ ചെറുതും വലുതുമായ ജലാശയങ്ങളില്‍ വെള്ളം നിറഞ്ഞുതുടങ്ങി. അടുക്കളക്കുളങ്ങളിലേക്ക് മത്സ്യങ്ങളെ തെരഞ്ഞെടുക്കാനുള്ള സമയമാണ് ഇനി മുന്നിലുള്ളത്. അടുക്കളയിലേക്കുള്ള മത്സ്യങ്ങളെ സ്വന്തമായി വളര്‍ത്തിയെടുക്കുന്ന പ്രവണതയിന്നു വളരെ പ്രചാരം നേടിക്കഴിഞ്ഞു. താത്പര്യമുള്ള നിരവധി ആളുകള്‍ ഇനിയും രംഗത്തുണ്ട്. വ്യക്തമായ അറിവില്ലാതെ, നിര്‍ദേശങ്ങള്‍ ലഭിക്കാതെ ഈ മേഖലയിലേക്ക് ഇറങ്ങിയാലും പിന്നീട് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമേ പറയാന്‍ ഉണ്ടാവൂ.

കുളത്തിന് സൗകര്യമുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്

സാധാരണ വീട്ടാവശ്യങ്ങള്‍ക്കായി മത്സ്യം വളര്‍ത്തുന്നത് പടുതക്കുളങ്ങളിലാണ്. എന്നാല്‍, വ്യക്തമായ അറിവില്ലാതെ പടുതാ കുളങ്ങള്‍ നിര്‍മിച്ച് ചെലവു കൂട്ടുന്നവരും നിരവധിയുണ്ട്. സ്ഥലസൗകര്യങ്ങള്‍ക്കനുസരിച്ചു മാത്രം പടുതക്കുളങ്ങള്‍ നിര്‍മിക്കുന്നതാണ് നല്ലത് (ഏതു കുളമാണെങ്കിലും അങ്ങനെതന്നെ). അഞ്ചടി വീതിയും പത്തടി നീളവുമുള്ള കുളമാണെങ്കില്‍ മൂന്നര അടി വെള്ളം ലഭിക്കത്തക്കവിധം താഴ്ച മതി കുളത്തിന്. എത്ര വലിയ കുളമാണെങ്കില്‍പോലും താഴ്ച അഞ്ചടിയില്‍ കൂടുതല്‍ ഉണ്ടാവാനും പാടില്ല. വലിയ കുളങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മത്സ്യങ്ങള്‍ക്ക് അഞ്ചടിയില്‍ കൂടുതല്‍ വെള്ളത്തിന്റെ ആവശ്യമില്ലെന്ന് പ്രത്യേകം ഓര്‍ക്കണം. ജലസംഭരണത്തിനുവേണ്ടി കുളം നിര്‍മിക്കുന്നതുപോലെ മത്സ്യങ്ങള്‍ക്ക് ആഴം ആവശ്യമില്ല. ആഴം കൂടുന്തോറും വെള്ളത്തിലെ മര്‍ദം ഉയരും. ഒപ്പം താപനില താഴും. ഇതു രണ്ടും മത്സ്യങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

വെള്ളത്തിനും വേണം ശ്രദ്ധ

ജലത്തിന്റെ പിഎച്ച് കൃത്യമായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. വെള്ളം തീരെ മോശമെന്നു ശ്രദ്ധയില്‍പ്പെട്ടാലോ ഓക്‌സിജന്റെ അളവ് കുറവാണെങ്കിലോ മൂന്നില്‍ രണ്ടു ഭാഗം മാറ്റി നിറയ്ക്കാം. മോട്ടോര്‍ അടിക്കുമ്പോള്‍ വളരെ ശക്തിയില്‍ കുത്തിച്ചാടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വലിയ കുളങ്ങളില്‍ ചെറു കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോള്‍ ഹാപ്പയിലോ നഴ്‌സറി കുളങ്ങളിലോ മറ്റോ ഇട്ട് വലുതാക്കി ഇടുന്നതാണ് നല്ലത്. ഇത് അവയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുകയും മരണനിരക്ക് കുറയ്ക്കുകയും ചെയ്യും. ഒപ്പം കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി തീറ്റ എടുക്കാന്‍ അവസരമാകുകയും ചെയ്യും.

മത്സ്യങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍

അവയുടെ ജീവിതരീതി, തീറ്റക്രമം തുടങ്ങിയവയൊക്കെ കൃത്യമായി മനസിലാക്കിവേണം കുളങ്ങളിലേക്ക് മത്സ്യങ്ങളെ തെരഞ്ഞെടുക്കാന്‍. കുളത്തിന്റെ വലുപ്പത്തിനനുസരിച്ച് നിഷ്‌കര്‍ഷിച്ചിട്ടുള്ള എണ്ണം മാത്രമേ നിക്ഷേപിക്കാനും പാടുള്ളൂ. (സാധാരണ ഒരു സെന്റില്‍ വളര്‍ത്താന്‍ കഴിയുന്ന മത്സ്യങ്ങളുടെ എണ്ണം പട്ടികയില്‍ നല്കിയിരിക്കുന്നു). മത്സ്യങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അവയുടെ വളര്‍ച്ചാനിരക്ക് ഗണ്യമായി താഴും. വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയും. 24 മണിക്കൂറും എയ്‌റേറ്റര്‍, ഫില്‍ട്ടര്‍ സംവിധാനങ്ങള്‍ നല്കി പരിരക്ഷിച്ചാല്‍ കൂടുതല്‍ എണ്ണത്തിനെ നിക്ഷേപിക്കാം. എന്നാല്‍, ചെലവ് ഉയരുമെന്നതും കൂടുതല്‍ ശ്രദ്ധ വേണ്ടിവരുമെന്നതും വെല്ലുവിളിയാണ്.

ഒരു സെന്റില്‍ നിക്ഷേപിക്കാവുന്ന മത്സ്യങ്ങളുടെ എണ്ണം (ഏതെങ്കിലും ഒന്നു മാത്രം)

ഹൈബ്രിഡ് തിലാപ്പിയ/ഗിഫ്റ്റ് 200 എണ്ണം
വാള -400
അനാബസ് -400
നട്ടര്‍ -80-100
കാര്‍പ്പ് ഇനങ്ങള്‍ -40
ജയന്റ് ഗൗരാമി – 200-300

മികച്ച വിതരണകേന്ദ്രങ്ങളില്‍നിന്നു മാത്രം കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുക. തിലാപ്പിയകൃഷി ഇന്നു വളരെ വ്യാപകമായതിനാല്‍ തട്ടിപ്പിനുള്ള സാധ്യതകളും ഈ മേഖലയിലുണ്ട്. ഗിഫ്റ്റിനെ (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) ഉത്പാദിപ്പിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല. ഗിഫ്‌റ്റെന്നു പറഞ്ഞ് കുളങ്ങളില്‍നിന്നു പിടിച്ചു നല്കുന്നവ ഗിഫ്റ്റ് ആയിരിക്കില്ല എന്നതാണ് ഇതിന്റെ ചുരുക്കം. ഗിഫ്റ്റ് എന്നു പറഞ്ഞു വാങ്ങിയ കുഞ്ഞുങ്ങള്‍ പ്രജനനം നടത്തിയാല്‍ അത് ഗിഫ്റ്റ് എല്ല എന്ന് ഉറപ്പിക്കാം. സര്‍ക്കാരിന് ഗിഫ്റ്റ് കുഞ്ഞുങ്ങളുടെ വിതരണം പൂര്‍ണമായും നടപ്പിലാക്കാന്‍ സാധിക്കാതെ വരുന്നിടത്താണ് മികച്ച വംശപാരമ്പര്യമുള്ള ഹൈബ്രിഡ് തിലാപ്പിയ കുഞ്ഞുങ്ങള്‍ പുറം നാടുകളില്‍നിന്നെത്തുന്നത്. ഇന്ത്യയില്‍ കോല്‍ക്കത്തയാണ് ഇതിന്റെ പ്രധാന ഹബ്ബ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് ഇവിടെനിന്നാണ് വിതരണം നടക്കുന്നതും. 98 ശതമാനവും ആണ്‍മത്സ്യമാണെന്ന ഉറപ്പോടെ വാങ്ങാന്‍ കഴിയും. മികച്ച തീറ്റ പരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കുമാണ് ഇവയുടെ പ്രത്യേകത. കേരളത്തില്‍ നാലു മാസംകൊണ്ട് ശരാശരി 500 ഗ്രാം വരെ തൂക്കം വയ്ക്കാന്‍ ഈ ഇനം തിലാപ്പിയകള്‍ക്ക് സാധിച്ചിട്ടുണ്ട്. കോട്ടയത്തിനടുത്ത് തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന നന്മ ഫാമില്‍ അഞ്ചു മാസംകൊണ്ട് 900 ഗ്രാം തൂക്കം വച്ച തിലാപ്പിയകളെ വിളവെടുത്തിട്ടുണ്ട്.

തീറ്റക്കാര്യത്തിലും വേണം ശ്രദ്ധ

ദിവസവും രണ്ടു നേരം വീതം തീറ്റ നല്കണം. ആദ്യ രണ്ടു മാസത്തേക്ക് സ്റ്റാര്‍ട്ടര്‍ നല്കുന്നതാണ് നല്ലത്. പിന്നീടങ്ങോട്ട് ഇലകള്‍, അടുക്കളയിലെ പച്ചക്കറി വേസ്റ്റ്, മറ്റു തീറ്റകള്‍ എന്നിവയൊക്കെ നല്കാം. തീറ്റ നല്കുമ്പോള്‍ അമിതമാകാതെ പ്രത്യേകം ശ്രദ്ധിക്കണം. തീറ്റയുടെ അളവ് അല്പം കുറഞ്ഞാലും അധികമാകരുത്. വെള്ളം മോശമാകാതിരിക്കാനും മത്സ്യങ്ങളുടെ ആരോഗ്യത്തിനും ഇതാണ് നല്ലത്. കടകളില്‍നിന്നു വാങ്ങുന്ന ഫ്‌ളോട്ടിംഗ് ഫീഡ് നല്കുമ്പോള്‍ വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം നല്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ദഹനത്തെ പ്രതികൂലമായി ബാധിക്കാം.

പടുതക്കുളങ്ങള്‍ തയാറാക്കുമ്പോള്‍

കല്ലുകള്‍ നീക്കി വൃക്ഷങ്ങളുടെ വേരുകല്‍ മുറിച്ച് മണ്ണു കുഴച്ച് വശങ്ങളില്‍ മെഴുകിയാല്‍ ഇടുന്ന ഷീറ്റിന് കൂടുതല്‍ കാലം ഈടു നില്‍ക്കും. പ്ലാസ്റ്റിക് ചാക്ക് പോലുള്ളവ കട്ടിയില്‍ അടുക്കി വേണം കുളത്തില്‍ ഷീറ്റ് ഇറക്കാന്‍. ഷീറ്റ് പുറത്തേക്ക് മിച്ചമുണ്ടെങ്കില്‍ ഒരടി നിര്‍ത്തിയശേഷം ബാക്കി മുറിച്ചുമാറ്റണം. വെള്ളത്തിനു പുറത്തുള്ള ഭാഗം വെയിലേറ്റ് നശിക്കാന്‍ ഇടയുള്ളതിനാല്‍ കോംഗോസിഗ്‌നല്‍ പോലുള്ള ചെറിയ ഇനം തീറ്റപ്പുല്ലുകള്‍ വളര്‍ത്തി കുളത്തിലേക്ക് ചായ്ച്ച് ഇടാം.

മത്സ്യങ്ങള്‍ക്ക് വെയില്‍ ആവശ്യഘടകം

മത്സ്യങ്ങള്‍ക്ക് നേരിട്ട് സൂര്യപ്രകാശത്തിന്റെ ആവശ്യമില്ലെങ്കിലും ജലാശയത്തില്‍ സൂര്യപ്രകാശം പതിക്കുന്നത് വളര്‍ച്ചയ്ക്ക് നല്ലതാണ്. പടുതക്കുളങ്ങളിലെ താപനില ക്രമീകരിക്കാന്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതാണ് നല്ലത്. ഒപ്പം ജലത്തിലെ പ്ലവങ്ങളുടെ വളര്‍ച്ച കൂടുകയും ചെയ്യും. ഒന്നോര്‍ക്കുക മത്സ്യങ്ങള്‍ക്ക് വളരാന്‍ തെളിഞ്ഞ വെള്ളമല്ല ആവശ്യം, പ്ലവങ്ങള്‍ നിറഞ്ഞ പച്ച നിറത്തിലുള്ള വെള്ളമാണ് വേണ്ടത്. പുതിയ വെള്ളം നിറച്ച് അല്പം പച്ചച്ചാണകം കലക്കിയൊഴിച്ചാല്‍ പ്ലവങ്ങളുടെ വളര്‍ച്ച കൂട്ടാവുന്നതേയുള്ളൂ.

English Summary: fish farming (1)

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds