കുളമ്പു രോഗമുള്ള കന്നുകാലികളുടെ കുളമ്പിൽ തുരിശു പൊടിച്ചിടുക. രോഗം ഭേദമായിക്കൊള്ളും. കന്നുകാലികൾക്കുണ്ടാകുന്ന കുളമ്പു രോഗത്തിന് പുളിയില വെള്ളത്തിൽ തിളപ്പിച്ച് ഉപ്പു ചേർത്ത് കുളമ്പിൽ ഒഴിക്കുകയും വേപ്പെണ്ണ പുരട്ടുകയും ചെയ്യുക. കുളമ്പു രോഗത്തിന് മടൽചാരവും ഉപ്പും ചേർത്ത്, കിഴികെട്ടി, കിഴി ചൂടാക്കി കുളമ്പിൽ ചൂടുപിടിക്കുക.
കന്നുകാലികളുടെ കുളമ്പിൽ പുഴുപിടിച്ച് പഴുപ്പുണ്ടായാൽ കർപ്പൂരം, വെളുത്തുള്ളി ഇവ അരച്ച്, പുന്നയ്ക്കാ എണ്ണയിൽ കാച്ചി തൂവലു കൊണ്ട് തൊട്ടിടുക. കപ്പലണ്ടിക്കായും ഈ ആവശ്യത്തിന് പറ്റിയതാണ്.
കുളമ്പു രോഗത്തിന് മാട്ടുകോടാശേരി സമൂലം രണ്ടു പിടിയോളം എടുത്ത്, ഇടിച്ചു പിഴിഞ്ഞ നീരിൽ വെളുത്തുള്ളി, വയനി, കാട്ടുജീരകം, നല്ല മുളക്, ചുക്ക് ഇവ പത്തുഗ്രാം വീതം അരച്ചു കൂട്ടി കലക്കിക്കൊടുക്കാം.
കുളമ്പു രോഗത്തോടൊപ്പം വായിൽ വണവും ഉണ്ടാകാം. ചിത്രപാല, ചുവന്നുള്ളി, നെയ് വള്ളി, നറുനീണ്ടിയില, നറുനീണ്ടിക്കിഴങ്ങ് ഇവ ഇടിച്ചു പിഴിഞ്ഞ നീരും, അതിൽ 115 മി.ലി. തേങ്ങാപ്പാലും ചേർത്ത്, അതിലേക്കു ചെന്നിനായകം, കടുക് രോഹിണി, കാട്ടുജീരകം, പെരുംജീരകം, കുടക്കമൂലി ഇവ ഓരോ കഴഞ്ചു വീതം അരച്ചു കലക്കി ചേർത്ത് എല്ലാം കൂടി തിളപ്പിച്ച് ആറിയ ശേഷം കൊടുക്കുക. പുല്ലു കൊടുക്കാതെ വൈക്കോൽ കൊടുക്കുക ഇതോടൊപ്പം കൊടിത്തണ്ട് വാട്ടിപ്പിഴിഞ്ഞ നീരിൽ കഞ്ഞിവച്ച് കോരിക്കൊടുക്കുകയും വേണം.
കുളമ്പു പഴുത്താൽ രോഗ ബാധിതരായ കന്നുകാലികളെ വെള്ളത്തിൽ ഇറക്കി നിർത്തുന്നത് നല്ലതാണ്. കൂടാതെ കർപ്പുരദ്രാവകം കൂളമ്പിൽ പുരട്ടുകയും ചെയ്യുക പുഴു ചാകും. പുഴുക്കൊല്ലി എന്ന പച്ചമരുന്ന് അരച്ചു പുരട്ടിയാലും പുഴു ചത്തു കൊള്ളും.
കന്നുകാലികൾക്ക് കുളമ്പു രോഗം വന്നാൽ വീര്യം കുറച്ച് ടർസ്റ്റൈൻ തുണിയിൽ മുക്കി വച്ചു കെട്ടുക. ടർപെന്റൈൻ പോലെ തന്നെ പച്ചമഞ്ഞളും, ആത്തയുടെ ഇലയും, ആര്യവേപ്പിലയും കൂടെ അരച്ച് രോഗമുള്ള ഭാഗത്ത് പുരട്ടിയാൽ കുളമ്പു ദിനം മാറും. വേപ്പണ്ണയിൽ കപ്പു കാച്ചി കുന്നിൽ വച്ചാൽ കുളമ്പു ദിനം മാറും.
കുളമ്പു ദീനത്തിന് പുളിയില വെള്ളം തിളപ്പിച്ച് കുളമ്പിലൊഴിക്കുക. പനയോല, വേപ്പില, വേലകം ഇല എന്നിവ കുത്തിച്ചതച്ച് രാത്രി മുഴു വൻ തിളപ്പിച്ച് കിണ്ടിയിലെടുത്ത് ധാര കോരിയാൽ കുളമ്പു രോഗം മാറും. പുളിച്ച മോരിലോ, കള്ളിലോ ആര്യവേപ്പില അരച്ചു കഴിക്കാൻ കൊടുക്കുന്നതും കുളമ്പു രോഗം തടയാൻ നല്ലതാണ്. കുളമ്പു രോഗത്തെ തുടർന്ന് വായ് പൊട്ടുന്നതിന് ബോറിക്ക് പൗഡർ, പന്നി നെയ്യ്, റോബസ്റ്റാ പഴം എന്നിവ കുഴച്ചു പുരട്ടുക. കാട്ടുപന്നിയുടെ നെയ്യാണെങ്കിൽ ഉത്തമം. പന്നിനെയ്യ് കഴിക്കാൻ കൊടുക്കുന്നതും നല്ലതാണ്.
Share your comments