പശുക്കൾക്ക് കുറുനാക്ക് വന്നാൽ കുടമ്പുളിയും ഉപ്പും സമം എടുത്ത് അരച്ച് ഒരാഴ്ച തുടർച്ചയായി തേയ്ക്കുക. പൂവൻ വാഴയുടെ തണ്ട് ചെറുതീയിൽ ചൂടാക്കി തൊണ്ടയിൽ വയ്ക്കുന്നതും കുറുനാക്കിനു പരിഹാരമാണ്. കാരകിലിന്റെ എണ്ണ മൃഗങ്ങളുടെ മേൽ പുരട്ടിയാൽ ചെള്ളും പേനും നിശ്ശേഷം മാറും,
അഗത്തിയുടെ ഇലയിട്ടു തിളപ്പിച്ച വെള്ളം വായ്പ്പുണ്ണുള്ള കാലികളുടെ ഉള്ളിൽ കൊടുത്താൽ അസുഖം മാറും. അഗത്തിയില അരച്ച് കന്നുകാലികളുടെ വ്രണങ്ങളിലോ മറ്റ് ത്വക്ക് രോഗങ്ങളിലോ പുരട്ടിയാൽ അവ ഭേദമാകും.
കാൽസ്യത്തിന്റെ കുറവുമൂലം വിഷമിക്കുന്ന ആട്, പശു തുടങ്ങിയ മൃഗങ്ങൾക്ക് തുടർച്ചയായി അഗത്തിയില തീറ്റയായി നൽകിയാൽ പാൽ ഉൽപാദനം ഗണ്യമായി വർദ്ധിക്കും.
കന്നുകാലിയുടെ ശരീരത്തിൽ വ്രണങ്ങൾ പഴുത്താൽ തേരകത്തിന്റെ കറ മുറിവിൽ ഒഴിക്കുക. ദഹനക്കുറവിന് അര ഔൺസ് യൂക്കാലിയും അര ഔൺസ് ഇഞ്ചി നീരും ചേർത്ത് ഒരൗൺസ് വെള്ളത്തിൽ കലക്കിക്കൊടുക്കുക.
തെരുവയുടെ വേരും, മലയിഞ്ചിയും, ചുക്കും, കുരുമുളകും, ചേർത്ത് കഷായം വച്ച് നാഴികഷായം കൊടുക്കുക. ദഹനക്കേട് ശമിക്കും.
ആറു തുള്ളി പുൽത്തൈലം കൊടുത്താലും ദഹനക്കേട് മാറും. ഒരൗൺസ് വിനാഗിരി ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി കൊടുക്കുക. ദഹനക്കേട് മാറും.
കുമ്പളത്തിന്റെ ആറോ ഏഴോ ഇല അരച്ചു കലക്കി കുടിപ്പിക്കുക. ദഹനക്കേട് മാറും.
കന്നുകാലികൾ റബ്ബർ പാലു കുടിച്ചാൽ ഉങ്ങിന്റെ ഇലയും തൊലിയും കൂടി അരച്ചു പിഴിഞ്ഞ നീരു കൊടുക്കുക.
Share your comments