കേരളത്തിൽ ഇപ്പോഴുള്ള കന്നുകാലികളുടെ ദൈനംദിന ആവശ്യം നിറവേറ്റുന്നതിന് വേണ്ട പരുഷാഹാരത്തിൽ വലിയ കുറവുണ്ട്. ഈ കുറവ് പരിഹരിച്ചാൽ മാത്രമേ നമുക്ക് പാൽ, ഇറച്ചി എന്നിവയുടെ ഉത്പാദനം സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളു.
തീറ്റപ്പുൽ കൃഷിയാണ് ഈ പ്രശ്നത്തിന് പരിഹാരമായി നിർദ്ദേശിക്കാവുന്ന ഒരു മാർഗ്ഗം. ലഭ്യമായ എല്ലാ കൃഷിയിടങ്ങളും പാഴ്നിലങ്ങളും നമുക്ക് തീറ്റ കൃഷിയ്ക്കായി ഉപയോഗിക്കാവുന്നതാണ്. തെങ്ങിൻ തോപ്പുകളിലും മറ്റ് തോട്ടങ്ങളിലും ഇടവിളയായി തീറ്റപ്പുൽ കൃഷി ചെയ്യാവുന്നതാണ്.
കേരളത്തിലെ കാലാവസ്ഥയിൽ നന്നായി ഇണങ്ങിച്ചേരുന്ന ഒരു തീറ്റപ്പുല്ലാണ് ഗിനിപ്പുല്ല്. കേരളത്തിലെ വ്യത്യസ്ഥമായ മണ്ണിലും വളരാൻ സാധിക്കുന്ന ഈ പുല്ല് സൂര്യപ്രകാശത്തിന്റെ ലഭ്യത കുറഞ്ഞ തണൽ പ്രദേശങ്ങളിലും, ജലസേചനം ലഭ്യമല്ലാത്ത വരൾച്ചാ പ്രദേശങ്ങളിലും കൃഷി ചെയ്യാൻ യോജിച്ചതാണ്. വിത്ത് ഉപയോഗിച്ചും വേര് മുളപ്പിച്ച തൈകൾ ഉപയോഗിച്ചും ഗിനിപ്പുല്ല് കൃഷി ചെയ്യാവുന്നതാണെങ്കിലും പുൽത്തൈകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ അഭികാമ്യം.
ഇറക്കുമതി ചെയ്ത ഇനങ്ങളായ മനി, റിവേർസ്ഡേൽ, ഹാമിൽ എന്നിവയും തദ്ദേശീയ ഇനങ്ങളായ ഹരിത, മരതകം, കോ-2 എന്നിവയും ഗിനിപ്പുല്ലിന്റെ ലഭ്യമായ ഇനങ്ങളാണ്.
തമിഴ്നാട് കാർഷിക സർവ്വകലാശാല ഉരുത്തിരിച്ചെടുത്ത കോ-GG-3 എന്ന സങ്കര ഗിനിപ്പുല്ലിനം വളരെ ഉയർന്ന വളർച്ചാ നിരക്കും, പച്ചപ്പുൽ ഉത്പാദനവും ഉറപ്പു നൽകുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള ജലസേചനത്തിന്റെ ദൗർലഭ്യമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യാവുന്ന നല്ലൊരു തീറ്റപ്പുല്ലാണ് ഗിനിപ്പുല്ല്.
തണൽ മൂലം മറ്റ് പുല്ലിനങ്ങൾ കൃഷി ചെയ്യാൻ സാധിക്കാത്ത സ്ഥലങ്ങളിലും ഗിനിപ്പുല്ല് ഉപയോഗിക്കാവുന്നതാണ്. കന്നുകാലികൾക്ക് അന്നന്ന് കൊടുക്കുന്ന പച്ചപ്പുല്ലിനും, ഉണക്കി സംഭരിക്കാവുന്ന ഉണക്കപ്പുല്ലിനും പുളിപ്പിച്ച് സംഭരിക്കാവുന്ന സൈലേജിനും ഗിനിപ്പുല്ല് ഫലപ്രദമാണ്.
Share your comments