ഓരോ പ്രസവത്തിനു ശേഷവും കുഞ്ഞുങ്ങളെ തള്ളയാട് നക്കി വൃത്തിയാക്കുന്നത് സാധാരണയാണ്. യാതൊരു കാരണവശാലും ഈ പ്രവൃത്തി തടസ്സപ്പെടുത്തരുത് എന്നതാണ് പ്രസവാനന്തര ശുശ്രൂഷയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിൽ കുഞ്ഞുങ്ങളെ നക്കിത്തോർത്തുക വഴി കുഞ്ഞുങ്ങളുടെ മുഖത്തും മൂക്കിന്റെ ഭാഗത്തുമെല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന ഷഷ്ടവും മറ്റു അവശിഷ്ടങ്ങളുമെല്ലാം നീക്കം ചെയ്യുക, അതു വഴി സുഗമമായ ശ്വസനം ആരംഭിക്കാൻ സഹായിക്കുക, നനവ് മാറ്റി ശരീരം ഉണ്ടാക്കിയെടുക്കുക, അതു വഴി തണുപ്പിൽ നിന്നും കുഞ്ഞിനെ രക്ഷിക്കുക, തൊലിക്കടിയിലുള്ള രക്തചംക്രമണത്തെ സഹായിക്കും വിധത്തിൽ പ്രവർത്തിക്കുക എന്നീ ഉത്തരവാദിത്വങ്ങളാണ് ഈ പ്രവൃത്തി മൂലം നിർവഹിക്കപ്പെടുന്നത്.
കൂടാതെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം നിലവിൽ വരുന്നതിനും ഇത് സഹായിക്കുന്നു. പ്രസവിച്ച ആദ്യ മണിക്കുറുകളിൽ തന്റെ കുഞ്ഞിനെ തിരിച്ചറിഞ്ഞില്ലെങ്കിൽ അതിനെ പിന്നീട് തള്ളയാട് സ്വീകരിക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളാകട്ടെ രക്ഷപ്പെടാനുള്ള സാധ്യത കുറവുമാണ്. അതിനാൽ കുഞ്ഞുങ്ങളെ അവയുടെ മുന്നിലെത്തിച്ചു നക്കി വൃത്തിയാക്കാൻ പ്രേരിപ്പിക്കുന്നത് നല്ലതാണ്. ആദ്യ പ്രസവത്തിന്റെ അമ്പരപ്പിലും ക്ഷീണത്തിലും മറ്റുമാണ് ആടുകൾ കുഞ്ഞുങ്ങളെ നോക്കാതെ വരുന്നത് എന്നാണ് കൂടുതൽ സന്ദർഭങ്ങളിലും കണ്ടുവരുന്നത്. ആരോഗ്യം കുറഞ്ഞതും രക്ഷപെടാൻ സാധ്യതയില്ലാത്തതും ശാരീരിക പ്രശ്നങ്ങളുള്ളതുമൊക്കെയായ കുഞ്ഞുങ്ങളെ തള്ളയാടുകൾ ഉപേക്ഷിക്കാൻ സാധ്യത കൂടുതലാണ് എന്നും പറയപ്പെടുന്നു. "സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ്" അഥവാ ഏറ്റവും കഴിവുള്ളവ മാത്രം അതിജീവിക്കുക എന്ന പ്രകൃതിനിയമത്തിന്റെ ഭാഗമായാണിത് സംഭവിക്കുന്നത് എന്നു വേണം കണക്കാക്കാൻ.
പ്രസവിച്ച ഉടനെയോ കുഞ്ഞുങ്ങളെ നക്കി വൃത്തിയാക്കുന്ന സന്ദർഭത്തിലോ ഒക്കെ ആട് അതിന്റെ സ്വന്തം മറുപിള്ള ഭക്ഷിക്കാനുള്ള സാധ്യത ഉണ്ട്. മറുപിള്ള തിന്നുന്നത് ദഹനക്കേടിനു വഴിവയ്ക്കും. പ്രസവാനന്തര ദഹനക്കേട് പാലുല്പാദനക്കുറവിനു കാരണമായേക്കാം. ഒന്നിലധികം കുട്ടികളുള്ള ആടുകളിലും മറുപിള്ള ഒന്നിച്ചു തന്നെയാണ് പുറത്തുവരുന്നത് എന്നതിനാൽ മറുപിള്ള പൂർണമായി പുറത്തു വന്നു എന്ന് ഉറപ്പു വരുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. പൂർണമായും പുറത്തു വരാതിരിക്കുകയോ മറുപിള്ള വിട്ടുപോകാൻ ബുദ്ധിമുട്ടു കാണിക്കുകയോ ഒക്കെപ്പോഴും ആട് മറുപിള്ള തിന്നാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അത്തരം അത്യാവശ്യ സന്ദർഭങ്ങളിൽ ആടിനെ കൂടുതലായി ശ്രദ്ധിക്കണം.
പ്രസവാനന്തരം മറുപിള്ള വീണുകഴിഞ്ഞാൽ ആടിന്റെ പിൻഭാഗം ചെറുചൂടുള്ള ഉപ്പുവെള്ളമോ അണുനാശിനിയായ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയോ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം, വാൽ, ഈറ്റം ശരീരത്തിന്റെ പിൻഭാഗം, അകിടിന്റെ പിൻഭാഗം എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ അഴുക്കു പറ്റിപ്പിടിക്കാൻ സാധ്യത ഉള്ളതിനാൽ ആ ഭാഗങ്ങളെല്ലാം വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഗർഭാശയത്തിൽ നിന്നും ഇടയ്ക്കിടെ വരുന്ന അഴുക്കിന്റെ ഗന്ധം ഈച്ചകളെ ആകർഷിക്കും എന്നതിനാൽ ആദ്യത്തെ ഒന്നു രണ്ടാഴ്ചക്കാലം ഇടയ്ക്കിടെ അത് വൃത്തിയാക്കാനും ശ്രദ്ധിക്കണം. ഇത്തരം അവശിഷ്ടങ്ങൾ വീണ് കൂട് വൃത്തികേടാകുന്നതിനാൽ എളുപ്പം വൃത്തിയാക്കാൻ കഴിയുന്ന മുറി ഒരുക്കണം. പ്രസവമുറി, ശിശുപരിചരണ മുറി എന്നിവയൊക്കെ പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ഫാമുകളിൽ അത്തരം മുറികൾ വൃത്തിയായി സൂക്ഷിക്കുക.
Share your comments