ഗുജറാത്തിൽ കാണപ്പെടുന്ന ആടിനമാണ് ഗോഹിൽ വാഡി. ഗുജറാത്ത് സംസ്ഥാനത്തിന്റെ കത്തിയവാർ പ്രദേശത്തിന്റെ ഭാഗമാണ് ഗോഹിൽ വാഡ് എന്ന സ്ഥലം. ഊഷര, അർധ - ഊഷര പ്രദേശങ്ങളായ അമ്രേലി, ഭാവ്നഗർ, ജുനഗഡ്, താജ്കോട്ട്, പോർബന്തർ ജില്ലകളിലായാണ് ഇവയുടെ പ്രജനന കേന്ദ്രങ്ങൾ പ്രധാനമായും കണ്ടു വരുന്നത്.
തെക്കൻ സൗരാഷ്ട്രമേഖലയിലെ കത്തിയവാർ ഉപദ്വീപ് പ്രദേശത്തെ ചൂടു കൂടിയ അർധ ഊഷര കാലാവസ്ഥയോട് യോജിച്ച രീതിയിലാണ് ഈ ഇനം വികസിച്ചു വന്നത്. മാൽധാരി എന്നറിയപ്പെടുന്ന 'റാബനി', 'ഭാർവാർ' സമൂഹങ്ങളാണ് പരമ്പരാഗതമായി ഗോഹിൽവാഡി ആടുകളെ വളർത്തിവരുന്നത്. മാംസത്തിനും പാലിനുമായി വളർത്തുന്ന ഇനമാണ് ഗോഹിൽ വാഡി. താരതമ്യേന വലിയ ശരീരമുള്ള ഇവയ്ക്ക് കറുപ്പു നിറമാണുള്ളത്. പരുപരുത്ത രോമങ്ങളാണ് ശരീരത്തിലുള്ളത്. ചെറുതായി വളഞ്ഞ മൂക്കാണ് ഈ ഇനത്തിന്റെ മറ്റൊരു പ്രത്യേകത. ചെവികൾ നീളമുള്ളവയാണ്. അവ കുഴലുപോലെ നീളത്തിൽ തൂങ്ങിക്കിടക്കുന്നു.
പിരിയൻ കൊമ്പുകളാണ് ഗോഹിൽവാഡിയുടേത്. മുകളിലേക്കും പുറത്തേക്കും പുറകിലേക്കുമായിട്ടാണ് കൊമ്പുകളുടെ നില്പ്. ഏകദേശം ഇടത്തരം മുതൽ നീളംകൂടിയ രീതിയിൽ വരെ കൊമ്പുകൾ കാണപ്പെടുന്നു. കർഷകർക്കിടയിൽ നടത്തിയ മുൻകാലപഠനങ്ങളിൽ ഈ ഇനത്തിന് ശരാശരി 1.7 കിലോ പ്രതിദിന പാലുല്പാദനം ഉണ്ടെന്നും ഒരു കറവയ്ക്കാലം 227 ദിവസം നീണ്ടുനിൽക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രസവത്തിൽ 80 ശതമാനത്തിലധികവും ഒറ്റകുട്ടിയാണ് ഉണ്ടാകാറുള്ളത്.
Share your comments