പച്ചപ്പുല്‍ അച്ചാര്‍ അഥവാ സൈലേജ് കന്നുകാലികള്‍ക്ക് സ്വാദിഷ്ടവും എളുപ്പത്തില്‍ ദഹിക്കുന്നതുമായ തീറ്റയാണ്. മഴക്കാലത്ത് ഇഷ്ടം പോലെ പച്ചപ്പുല്ല് കിട്ടും. വേനല്‍ക്കാലത്ത് ഇവ കിട്ടാറില്ല. ഹൈബ്രിഡ് നേവിയം ഗിനി കോം ഗോസിഗ്നല്, പാരാഗ്രാസ്, മക്കച്ചോളം തുടങ്ങിയ മുന്തിയ ഇനം പച്ചപ്പുല്‍ ഇനങ്ങളെ ശാസ്ത്രീയമായി വളര്‍ത്തി വേനല്‍ക്കാലത്തും കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കുന്ന കര്‍ഷകര്‍ വിരളമാണ്. ഇവ വളര്‍ത്താന്‍ വേണ്ടുന്ന സ്ഥലക്കുറവും ജലത്തിന്റെ ലഭ്യതയുമാണ് പ്രധാന പ്രശ്‌നം.
ഗ്രാമീണ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്നതും പച്ചപ്പുല്ലിന്റെ ലഭ്യത കുറയുന്ന സമയങ്ങൡ പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഉപയോഗിക്കുവാന്‍ പറ്റുന്നതുമായ സൈലേജ് അഥവാ പച്ചപ്പുല്‍ അച്ചാര്‍ തയ്യാറാക്കുന്ന വിധം ഇനി പറയാം.100 കിഗ്രാം പച്ചപ്പുല്ല് (വെയിലത്ത് / കാറ്റില്‍ ഉണക്കിയെടുക്കുന്നത് അല്ലെങ്കില്‍ വാട്ടിയെടുത്ത്)ന് വേണ്ടുന്നത് 4 കി.ഗ്രാം മൊജാസസ് (ശര്‍ക്കരമാവ്) അല്ലെങ്കില്‍ യൂറിയ, 100 ലിറ്റര്‍ വെള്ളം
ചെറുകഷണങ്ങളായി (ഏകദേശം 2-3 സെന്റിമീറ്റര്‍) തറിച്ചെടുത്തത് (കത്തികൊണ്ടോ യന്ത്രം ഉപയോഗിച്ചോ ആകാം) 10 കിഗ്രാം പുല്ല് ആദ്യം ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ 15 സെന്റിമീറ്റര്‍ കനത്തില്‍ വിതറിവെക്കുക. അതിനു മുകളില്‍ 15 സെ.മീ.കനത്തില്‍(6 1/2) ലിറ്റര്‍ ശര്‍ക്കരമാവ് മിശ്രിതം പതിയെ തളിക്കുക. ഇതിനായി പൂന്തോട്ടം നനയ്ക്കാനായി ഉപയോഗിക്കുന്ന റോസ് കാന്‍ ഉപയോഗപ്പെടുത്താം. വീണ്ടും 15 സെന്റിമീറ്റര്‍ പുല്ലും അതേപോലെ 6 1/2 ലിറ്റര്‍ മിശ്രിതവും ക്രമമായി മാറി മാറി ചേര്‍ക്കണം. അപ്പോഴപ്പോള്‍ ഇളക്കിക്കൊടുക്കുകയും നന്നായി അമര്‍ത്തി വായു നിബിഡമാക്കുകയും വേണം. (പച്ചപ്പുല്ല് മിശ്രിതം ചേര്‍ത്തതില്‍ വായു ഉണ്ടെങ്കില്‍അച്ചാറിന്റെ സ്വാദും ഗുണവും കുറയും) 100 കിഗ്രാം പുല്ല് കഴിയുന്നതുവരെ ഇത് തുടരണം.
ഇവയെ പിന്നീട് 5 കിഗ്രാം ഉള്‍ക്കൊള്ളുന്ന കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയില്‍ അമര്‍ത്തി ഇട്ട് വായുനിബിഡമായി ഒരു ചരട് കൊണ്ട് ബലമായി കെട്ടി വെക്കണം. പച്ചപ്പുല്ല് നിറച്ച 5 കിഗ്രാം സഞ്ചി തല കീഴായി ഇതേപോലെ രണ്ടാമത്തെ കട്ടിയുള്ള സഞ്ചിയില്‍ വെച്ച് വീണ്ടും ബലമായി കെട്ടണം. രണ്ടാമത്തെ സഞ്ചിയും തല കീഴായി മൂന്നാമത്തെ സഞ്ചിയില്‍ വെച്ച് വായു സഞ്ചാരം തീരെ കടക്കാത്തവിധത്തില്‍ കെട്ടിവെക്കണം. ഇവയെ പിന്നീട് സുരക്ഷിതമായി എലി- പെരുച്ചാഴി- മറ്റു മൃഗങ്ങള്‍ എന്നിവ കടിച്ച് സുഷിരങ്ങളുണ്ടാക്കത്തക്കവിധത്തില്‍ അടച്ചുറപ്പുള്ള മുറിയില്‍ സൂക്ഷിച്ചുവെക്കണം. ഒരു മാസത്തിനുള്ളില്‍ കന്നുകാലികള്‍ക്ക് തീറ്റ നല്‍കാം. ഇവ എത്രയും കാലം (അടുത്ത വേനല്‍ക്കാലം വരെയെങ്കിലും സൂക്ഷിക്കാം. ഇതുപോലെ എത്ര സഞ്ചികളും ഉണ്ടാക്കി എടുക്കാം.
ഉപയോഗത്തിനായി എടുക്കുമ്പോള്‍ ഏറ്റവും പുറമെയുള്ള മൂന്നാമത്തേതും മധ്യത്തില്‍ ഉള്ള രണ്ടാമത്തെ ചാക്കും വീണ്ടും പച്ചപ്പുല്ല് നിറക്കാന്‍ ഉപയോഗപ്പെടുത്താം. പച്ചപ്പുല്ലും മിശ്രിതവും ചേര്‍ത്ത് കെട്ടി വെച്ച സഞ്ചി മാത്രം ഉപേക്ഷിക്കാം. (ഇവ കത്തിച്ചുകളയുകയോ മണ്ണില്‍ മൂടി വെക്കുകയോ ചെയ്യണം).
ഒരു പശുവിന് (എരുമകള്‍ക്കും) ഒരു സഞ്ചി അച്ചാര്‍ (5കിഗ്രാം സൈലേജ്) ദിവസവും നല്‍കാം.കറവ ഉള്ളവയ്ക്കും ഗര്‍ഭിണികള്‍ക്കും കാലിത്തീറ്റ വേറെയും നല്‍കണം. 250 കിഗ്രാം തൂക്കം വരുന്ന ഒരു കന്നുകാലിക്ക് 1 1/2 കിഗ്രാം കാലിത്തീറ്റ ഒഴിവാക്കാം. (20 കിഗ്രാം പച്ചപ്പുല്ല് ഉണ്ടെങ്കില്‍ അഥവാ 4 സഞ്ചി അച്ചാര്‍ ചാക്ക്) പക്ഷേ ഓരോ 3 ലിറ്റര്‍ പാലിനും 1 കിഗ്രാം കാലിത്തീറ്റ അധികം നല്‍കണം. അതേപോലെ ഗര്‍ഭിണികള്‍ക്ക് 1 കിഗ്രാം തീറ്റ അധികം 6-ാം മാസം മുതല്‍ നല്‍കണം.
Share your comments