വെളുമ്പൻ കൽപ്പൂളോന്റെ ചെകിളയുടെ വിടവ് കാൽച്ചിറകിന്റെ മുൻപിലൂടെ അടിവശം വരെ എത്തിനിൽക്കുന്നു. മൂന്നു ജോടി മീശ രോമങ്ങളുണ്ട്. കവിൾക്കോണിലുള്ള മീശരോമങ്ങൾക്കാണ് നീളം കൂടുതൽ പാർശ്വരേഖ പൂർണ്ണമാണ്. പാർശ്വരേഖയിലൂടെ 58-62 ചെതുമ്പലുകൾ കാണാം.
ശരീരത്തിന് ഇളം പച്ചനിറമാണ്. ശരീരത്തിൽ ചെറിയ നെൽവിത്തിന്റെ മുള പോലെ പാടുകൾ കാണാം. അടിവശം മദുലമാണ്. മുതുകുവശത്തായി അത് തെളിച്ചമില്ലാത്ത നിയതമായ ആകൃതിയില്ലാത്ത പാടുകൾ കാണാം. പാർശ്വങ്ങളിൽ പാർശ്വരേഖക്കിരുവശവുമായി ഇതു പോലുള്ള കുത്തുകളും പാടുകളും കാണാം. ചിറകുകളിലെല്ലാം തന്നെ 14 വരെ നിരകളിൽ കുത്തുകൾ കാണാവുന്നതാണ്.
കേരളത്തിൽ ശിരുവാണി അണക്കെട്ടിലേക്കുള്ള പാട്യാർ ബംഗ്ളാവിനടുത്തുകൂടി ഒഴുകുന്ന ചെറിയ അരുവിയിൽ നിന്നും 1996-ൽ ഡോ.ഷാജിയും ഡോ. ഈസയും ചേർന്ന് കണ്ടെത്തിയതാണ് മത്സ്യം (Shaji and Easa, 1995). മുപ്പത് വർഷക്കാലം ശുദ്ധജല മത്സ്യങ്ങളെക്കുറിച്ചു മാത്രം ഗവേഷണത്തിനായി ജീവിതം സമർപ്പിച്ച സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ.എ.ജി.കെ. മേനോന്റെ സ്മരണാർത്ഥമാണ് ഈ വംശനാമം നൽകിയിരിക്കുന്നത്.
ആധുനികസാങ്കേതിക ഉപകരണങ്ങളുടെ ആവിർഭാവത്തോടു കൂടി, ഉപഭോഗവും ഉൽപാദനവും തമ്മിലുണ്ടായിരുന്ന സൂക്ഷ്മമായ സമവാക്യങ്ങളിൽ മാറ്റം വരുകയും ജൈവ സമ്പത്തിനുമേൽ കനത്ത ആഘാത മേൽപ്പിക്കുകയും ചെയ്തു. മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞു വന്നു. കീടനാശിനി പ്രയോഗങ്ങൾ നെൽപ്പാടങ്ങളിലെ മത്സ്യസമ്പത്തിനെ ശിഥിലമാക്കിയപ്പോൾ മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവും, ജലസമ്പത്തിന്റെ ശോഷണവും. അണക്കെട്ടുകളും ഒന്നു ചേർന്ന് നദികളിലെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി മാറി.
അന്യാദൃശ്യമായ നമ്മുടെ മത്സ്യസമ്പത്ത് വരും തലമുറയുടേതു കൂടിയാണ്. അതു കൊണ്ടു തന്നെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുടേതും. ഉത്തരവാദിത സന്തുലിത വിഭവവിനിയോഗ മാതൃകകളാണ് നാം അവലംബിക്കേണ്ടത്. ശാസ്ത്രീയമോ പരമ്പരാഗതമോ ആയ ഏതു രീതികൾ പിൻതുടർന്നാലും വരും കാലങ്ങളിൽ മത്സ്യസമ്പത്ത് സംരക്ഷിക്കണമെങ്കിൽ ചില അറിവുകൾ അനിവാര്യമാണ്.
Share your comments