കോവിഡ് കാലത്താണ് നാമെല്ലാവരും മൽസ്യത്തിന്റെയും പച്ചക്കറിയുടെയു൦ യഥാർത്ഥ വില അറിഞ്ഞത്. കണ്ണുകൾ തുറക്കാനൊരു അവസരം കൂടിയായി അക്കാലം. നിറയെ ആൾക്കാർ മൽസ്യം വളർത്താൻ തുടങ്ങി, നിറയെപ്പേർ പച്ചക്കറി കൃഷിയിൽ വ്യാപൃതരായി.
എന്തായാലും വാണിജ്യപരമായി കൃഷിചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം വീട്ടിലേക്കാവശ്യമായ പച്ചക്കറികളിലും മത്സ്യത്തിലുമൊക്കെ മലയാളി സ്വയംപര്യാപ്തരാകേണ്ടതിന്റെ ആവശ്യകത നമുക്ക് മനസ്സിലായി. മൽസ്യം വളരർത്താൻ ആഗ്രഹിക്കുന്ന തുടക്കകാർക്കായി ഏതൊക്കെ മത്സ്യങ്ങളാണ് വീടുകളിൽ വളർത്താൻ നല്ലതു എന്ന് പറയാം.
കാര്‍പ്പ് മത്സ്യങ്ങൾ
രോഹു, കട്‌ല, മൃഗാള്‍, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും വീട്ടാവശ്യത്തിനായി വളര്‍ത്തുന്ന കാര്‍പ്പ് ഇനങ്ങള്‍. വസിക്കുന്ന ജലാശയത്തിന്റെ ആകൃതി ഇവയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. നീന്തിത്തുടിക്കാന്‍ നീളമുള്ള കുളങ്ങളാണ് കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ആവശ്യം. നീന്താനുള്ള സ്ഥലമനുസരിച്ച് കാര്‍പ്പ് മത്സ്യങ്ങളുടെ വളര്‍ച്ചയും വര്‍ധിക്കും. ആവശ്യമായ തീറ്റ ലഭ്യമെങ്കില്‍ ഏകദേശം 7-9 മാസത്തിനുള്ളില്‍ വിളവെടുക്കാം.
പൂച്ചമത്സ്യങ്ങള്‍
നാടന്‍ ഇനങ്ങളായ കാരി, കൂരി, മുഷി എന്നിവയും വാളയുമൊക്കെ പൂച്ചമത്സ്യ ഇനത്തില്‍പ്പെടുന്നവയാണ്. രുചിയില്‍ മുന്‍പന്തിയിലുള്ള ഇവയെ അനായാസം വളര്‍ത്താവുന്നതാണ്. അടുക്കളയില്‍നിന്നുള്ള മാലിന്യത്തോടൊപ്പം മാസാവശിഷ്ടങ്ങളും നല്കാം. ചെതുമ്പല്‍ ഇല്ലാത്ത മത്സ്യങ്ങളായതിനാല്‍ ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കുമ്പോള്‍ തൊലി ഉരിയണം. അല്ലാത്തപക്ഷം രുചിയെ പ്രതികൂലമായി ബാധിക്കും.
റെഡ് ബെല്ലീഡ് പാക്കു
റെഡ് ബെല്ലി, പാക്കു, നട്ടര്‍ എന്നിങ്ങനെ അറിയപ്പെടുന്ന റെഡ് ബെല്ലീഡ് പാക്കു. പിരാന കുടുംബത്തിലെ അംഗമാണ്. വയറിലെ ചുവപ്പു നിറമാണ് പേരിനാധാരം. എട്ടുമാസംകൊണ്ട് ഒരു കിലോയോളം തൂക്കം വയ്ക്കും. ചെറിയ ചെതുമ്പലുകളുണ്ട്. എങ്കിലും തൊലിയുരിഞ്ഞ് കറിവയ്ക്കാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പിരാന എന്ന ഭീകര മത്സ്യങ്ങള്‍ പേടിപ്പെടുത്തുന്നവരാണെങ്കിലും ഇവര്‍ അത്രക്കാരല്ല. മിശ്രഭുക്കാണ്. എന്തും കഴിക്കും. മറ്റു മത്സ്യങ്ങളോടൊപ്പം കമ്യൂണിറ്റി രീതിയില്‍ വളര്‍ത്താം.
ജയന്റ് ഗൗരാമി
പേരു സൂചിപ്പിക്കുംപോലെ ഭീമന്മാരാണ് ഇവര്‍. രുചിയില്‍ ബഹുമിടുക്കന്‍. ആദ്യ രണ്ടു വര്‍ഷം വളര്‍ച്ചയില്‍ പിന്നോട്ടാണ്. എന്നാല്‍ രണ്ടു വയസിനു ശേഷമുള്ള വളര്‍ച്ച ദ്രുതഗതിയിലാണ്. ഉറപ്പുള്ള മാംസമാണ് ഇവരുടെ പ്രത്യേകത. പൂച്ച മത്സ്യങ്ങളേപ്പോലെ അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ശ്വസിക്കാനുള്ള അവയവമുള്ളതിനാല്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞാലും പ്രശ്‌നമില്ല. എന്നാല്‍ അണുബാധയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ചെറു പ്രായത്തില്‍ ചെതുമ്പല്‍ നീക്കിയശേഷം കറി വയ്ക്കാം. മൂന്നു വയസിനു ശേഷമാണെങ്കില്‍ ചെതുമ്പലിനൊപ്പം പുറംതൊലിയും നീക്കം ചെയ്ത് ഇറച്ചി മാത്രം വേര്‍തിരിച്ചെടുക്കാവുന്നതാണ്. കമ്യൂണിറ്റിയായി വളര്‍ത്താന്‍ യോജിച്ച ഇനം. പ്രധാനമായം ചേമ്പ്, ചേന, വാഴ എന്നിവയുടെ ഇലകളും പുല്ലും ഭക്ഷണമായി നല്കാം.
കരിമീന്‍
കേരളത്തിന്റെ സ്വന്തം മീന്‍. ഉപ്പുള്ള ജലാശയങ്ങളില്‍ വളരുന്നുവെങ്കിലും ഇപ്പോള്‍ വീട്ടാവശ്യങ്ങള്‍ക്കായി വളര്‍ത്തുന്നവരും വിരളമല്ല. വാട്ടര്‍ സെന്‍സിറ്റീവാണ് ഏറ്റവും വലിയ പ്രശ്‌നം. വെള്ളത്തിന്റെ ഘടനയില്‍ മാറ്റം വന്നാല്‍ പെട്ടെന്നുതന്നെ ചാകും. അതുകൊണ്ട് പ്രത്യേത ശ്രദ്ധ ആവശ്യമാണ്.
തിലാപ്പിയ
കേരളത്തില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച മത്സ്യം. വളരെവേഗം പെറ്റുപെരുകും. ഭക്ഷണാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ ലിംഗനിര്‍ണയം നടത്തി പ്രത്യേകം പ്രത്യേകം പാര്‍പ്പിക്കുന്നത് വളര്‍ച്ചത്തോത് വര്‍ധിപ്പിക്കും. അല്ലാത്തപക്ഷം പ്രജനനം നടന്ന് വളര്‍ച്ച കുറയും. പ്രജനനശേഷി ഇല്ലാതാക്കിയ ഗിഫ്റ്റ് തിലാപ്പിയ ഇപ്പോള്‍ പ്രചാരത്തിലുണ്ട്.
.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ലാഭം നേടാം മത്സ്യ കൃഷിയിൽ നിന്ന്
Share your comments