1. Livestock & Aqua

മത്സ്യകൃഷി വ്യാപനത്തിന് രണ്ട് പുതിയ പദ്ധതികള്‍; പുന:ചംക്രമണ മത്സ്യകൃഷിയും കൂട് മത്സ്യകൃഷിയും

മലപ്പുറം ജില്ലയില്‍ ലാഭകരമായി മുന്നേറുന്ന ഉള്‍നാടന്‍ മത്സ്യകൃഷി രംഗത്ത് വീണ്ടും പുത്തനുണര്‍വേകാന്‍ പുതിയ രണ്ട് പദ്ധതികള്‍. നീല വിപ്ലവം പദ്ധതിയുടെ ഭാഗമായി കൂട് മത്സ്യകൃഷിയുടെ പുതിയ നാല് യൂണിറ്റുകളും പുന:ചംക്രമണ മത്സ്യകൃഷിയുടെ പുതിയ 12 യൂണിറ്റുകളുമാണ് ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്.

KJ Staff
fish farming

മലപ്പുറം ജില്ലയില്‍ ലാഭകരമായി മുന്നേറുന്ന ഉള്‍നാടന്‍ മത്സ്യകൃഷി രംഗത്ത് വീണ്ടും പുത്തനുണര്‍വേകാന്‍ പുതിയ രണ്ട് പദ്ധതികള്‍. നീല വിപ്ലവം പദ്ധതിയുടെ ഭാഗമായി കൂട് മത്സ്യകൃഷിയുടെ പുതിയ നാല് യൂണിറ്റുകളും പുന:ചംക്രമണ മത്സ്യകൃഷിയുടെ പുതിയ 12 യൂണിറ്റുകളുമാണ് ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. 50 ക്യുബിക് മീറ്റര്‍ ചുറ്റളവില്‍ സജ്ജമാക്കുന്ന പുന:ചംക്രമണ മത്സ്യകൃഷിയ്ക്ക് ആറ് ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. 40 ശതമാനം സബ്‌സിഡിയോടെ മത്സ്യത്തോടൊപ്പം പച്ചക്കറിയും കൃഷി ചെയ്യാം.

fish farming

പുന:ചംക്രമണ മത്സ്യകൃഷി


ഒരു സെന്റ് സ്ഥലത്ത് 80 മുതല്‍ 120 മത്സ്യകുഞ്ഞുങ്ങളെയാണ് സാധാരണ മത്സ്യകൃഷിയില്‍ നിക്ഷേപിക്കാറുള്ളതെങ്കില്‍ പുന:ചംക്രമണ മത്സ്യകൃഷിയില്‍ 400 മത്സ്യകുഞ്ഞുങ്ങളെ വരെ നിക്ഷേപിക്കാമെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത. ഒരു സെന്റ് സീല്‍പോളിന്‍ കുളത്തില്‍ 400 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ മത്സ്യങ്ങളുടെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി അമോണിയ ഉണ്ടാകുന്നത് തടയാന്‍ 24 മണിക്കൂറും വെള്ളം ഫില്‍ട്ടര്‍ ചെയ്യുന്ന രീതിയാണ് ഈ കൃഷിയുടെ പ്രത്യേകത. ഒന്നാം ടാങ്കില്‍ വെള്ളമടിച്ചുകയറ്റി അത് ഫില്‍ട്ടര്‍ ചെയ്ത് രണ്ടാം ടാങ്കിലേക്ക് കടത്തിവിടുകയും, പിന്നീട് ആ ടാങ്കില്‍ നിന്ന് മെറ്റല്‍ മാത്രം നിറച്ച പച്ചക്കറി ബെഡ്ഡിലേക്ക് വെള്ളം പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ വെള്ളം വീണ്ടും മത്സ്യകുളത്തിലേക്ക് പതിക്കുന്ന രീതിയിലാണ് കൃഷി സജ്ജമാക്കുക. ഒരു മീറ്റര്‍ വീതിയിലും ഒന്നര മീറ്റര്‍ ഉയരത്തിലും, 10 മീറ്റര്‍ നീളത്തിലുമുള്ള ഈ പച്ചക്കറി ബെഡ്ഡില്‍ മണ്ണിടാതെ മെറ്റലില്‍ ഉറപ്പിച്ചുനിര്‍ത്തി വേരുകള്‍ വെള്ളത്തില്‍ പതിക്കുന്ന രീതിയിലാണ് പച്ചക്കറി കൃഷി. പച്ചമുളക്, തക്കാളി, കാന്താരി, പൊതിന, സ്‌ട്രോബറി, വഴുതന, പയര്‍, ചീര എന്നിങ്ങനെയുള്ള പച്ചക്കറികളാണ് പുന: ചംക്രമണ മത്സ്യകൃഷിയുടെ കൂടെ കൃഷി ചെയ്യാന്‍ അഭികാമ്യം. മണ്ണില്‍ വിളയുന്നതിന്റെ ഇരട്ടിയോളം വിള കിട്ടുമെന്നതാണ് ഈ കൃഷിരീതിയുടെ ഏറ്റവും വലിയ പ്രത്യേകത.

ഗിഫ്റ്റ് തിലോപ്പിയ എന്ന ഇനമാണ് പുന:ചംക്രമണമത്സ്യകൃഷിയില്‍ ഉപയോഗിക്കുക. ആറ് മാസം വരെയാണ് ഗിഫ്റ്റ് തിലോപ്പിയയുടെ വളര്‍ച്ചാകാലം. ഇതിനിടയില്‍ രണ്ടിലധികം തവണ പച്ചക്കറി വിളവെടുപ്പ് നടത്താന്‍ സാധിക്കും. ആറ് മാസത്തിനുള്ളില്‍ ഒരു കിലോയാണ് ഗിഫ്റ്റ് തിലോപ്പിയ മത്സ്യത്തിന്റെ വളര്‍ച്ച. പ്രോട്ടീന്‍ കൂടുതലുള്ള ഈ മീനിന്റെ ശരാശരി വില കിലോയ്ക്ക് 250 രൂപ വരെയാണ്. അഞ്ച് സെന്റ് സ്ഥലത്ത് നാല് സെന്റില്‍ പച്ചക്കറി, ഒരു സെന്റില്‍ മത്സ്യകൃഷി എന്നിങ്ങനെ പുന:ചംക്രമണ മത്സ്യകൃഷിയില്‍ കൃഷി ചെയ്യുന്നത് കര്‍ഷകര്‍ക്ക് ഏറെ ലാഭകരമാണ്.

കൂട് മത്സ്യകൃഷി


കൂട് മത്സ്യകൃഷിയ്ക്ക് മൂന്ന് ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. കൃഷിയ്ക്ക് 40 ശതമാനം സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കൂട് മത്സ്യകൃഷിയ്ക്ക് അനുവദിച്ച നാല് യൂണിറ്റില്‍ ഒരു യൂണിറ്റില്‍ 10 കൂടുകളാണ് ഉണ്ടാകുക. തുറസ്സായ ജലാശയങ്ങളില്‍ നിയന്ത്രിത ചുറ്റുപാടില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രത്യേകം തീറ്റ നല്‍കി വളര്‍ത്തുന്ന കൃഷി രീതിയാണിത്. മത്സ്യങ്ങളെ വളര്‍ച്ചയ്ക്ക് ആനുപാതികമായി തരംതിരിച്ച് വളര്‍ത്താം എന്നുളളതും പിടിച്ചെടുക്കാന്‍ എളുപ്പമാണെന്നുളളതും ഈ കൃഷിരീതിയുടെ പ്രത്യേകതയാണ്.

തുറസ്സായ ജലസ്രോതസ്സുകളായ കായലുകള്‍, പുഴകള്‍, വലിയ പൊക്കാളിപാടങ്ങള്‍, ചെമ്മീന്‍ കെട്ടുകള്‍, കുളങ്ങള്‍, പാറമടകള്‍ എന്നിവിടങ്ങളില്‍ കൂട ്മത്സ്യകൃഷി നടത്താവുന്നതാണ്. മത്സ്യം പിടിക്കാന്‍ ബുദ്ധിമുട്ടുളള ആഴ മേറിയ പാറമടകള്‍പോലുള്ള ജലാശയങ്ങളും പുഴകളും കൂട് മത്സ്യ ക്യഷിയ്ക്ക് അനുയോജ്യമാണ്. പൊതുജലാശയങ്ങളില്‍ കൂട് മത്സ്യകൃഷി നടത്തുവാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് മുന്‍സിപ്പാലിറ്റി-കോര്‍പ്പറേഷന്‍ അധികാരികളില്‍നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം.

വേനല്‍ക്കാലത്ത് വറ്റിപ്പോകുന്ന ജലാംശയങ്ങള്‍ ഒഴിവാക്കണം. തുറസ്സായ ജലസ്രോതസ്സുകളില്‍ സ്ഥാപിക്കുന്ന കൂടുകള്‍ക്ക് രണ്ടു പാളികളായി അകം പുറംവലകള്‍ ഉപയോഗിക്കണം. തിരഞ്ഞെടുക്കുന്ന സ്ഥലത്ത് മുഴുവന്‍ സമയത്തും കൃഷിക്കാവശ്യമായ തോതില്‍ രണ്ട് മീറ്ററില്‍ കുറയാതെ വെള്ളം ലഭ്യമായിരിക്കണം. വെള്ളം കയറ്റിയിറക്കുന്ന ജലാശയങ്ങളില്‍ വേലിയിറക്ക സമയത്തുള്ള വെള്ളത്തിന്റെ ആഴമാണ് കണക്കാക്കേണ്ടത്. കൂടുകള്‍ കരയില്‍നിന്നും ചുരുങ്ങിയത് രണ്ട് മീറ്റര്‍ മാറി വേണം സ്ഥാപിക്കാന്‍. ഒരു കൂടില്‍നിന്നും ഒരുമീറ്റര്‍ അകലെ വേണം അടുത്ത കൂട് സ്ഥാപിക്കാന്‍. ഒഴുകുന്ന ജലാശയങ്ങളിലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും ഒരു പോലുള്ള കൂട് ഉപയോഗിക്കാന്‍ പാടില്ല. ഒരുകിലോ മത്സ്യം വളര്‍ത്തിയെടുക്കുന്നതിന് ഒന്നര മുതല്‍ രണ്ട് കി.ഗ്രാം വരെ തീറ്റയാണ് നല്‍കുക.

കുളത്തിന്റെ മൊത്തം വിസ്തീര്‍ണത്തിന് 15 ശതമാനം വരെ കൂടുകള്‍ വിന്യസിക്കാം. ഒഴുക്കുള്ളതോ ഉറവയുള്ളതോ ആയ കുളങ്ങളാണെങ്കില്‍ ആകെ വിസ്തൃതിയുടെ 20 ശതമാനം വരെ ഉപയോഗപ്പെടുത്താം.പരസ്പരം ഭക്ഷിക്കുന്ന ആക്രമിക്കുന്ന വിഭാഗത്തില്‍പ്പെട്ടവരെ ഒരു കൂട്ടില്‍ വളര്‍ത്തരുത്. ആറ് മുതല്‍ എട്ട് മാസം വരെയുള്ള വളര്‍ച്ചയ്ക്കു ശേഷം വിപണനത്തിന് പാകമാകുന്ന വിഭാഗത്തിലുള്ളവയെ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഉപ്പു ജലാശയങ്ങളില്‍ കരിമീന്‍, കാളാഞ്ചി, തിരുത എന്നിവയാണ് കൂടുമത്സ്യ കൃഷിക്ക് യോജിച്ചത്. ശുദ്ധ ജലത്തിലും ഒഴുകുന്ന ജലത്തിലും ഒരുപോലെ വളര്‍ത്താവുന്ന കരിമീന്‍, തിലാപ്പിയ മത്സ്യങ്ങളും കൂട് കൃഷിയ്ക്ക് അനുയോജ്യമായവയാണ്. മത്സ്യകര്‍ഷകര്‍ക്ക് സ്റ്റെപ്പറ്റോടുകൂടി സൗജന്യ ട്രൈനിങും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

English Summary: Two types of fish farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds