<
  1. Livestock & Aqua

സങ്കരയിനം പശുക്കൾക്കളുടെ ശാസ്ത്രീയ തീറ്റക്രമത്തിന് വേണ്ട 10 കാര്യങ്ങൾ

കുറിയ ഇനം പശുക്കളായിരുന്നു കേരളത്തിലെ പാരമ്പര്യ ഇനങ്ങളായി നിലവിലുണ്ടായിരുന്നത്. ഇവ നല്ല പ്രതിരോധശേഷി ഉള്ളവയും ദിവസേന 2-3 ലിറ്റർ പാലുല്പാദനശേഷിയുള്ളവയുമായിരുന്നു. എന്നാൽ, കൃത്രിമ ബീജസങ്കലനത്തിലൂടെ സങ്കരയിനം പശുക്കളെ ഉത്പാദിപ്പിച്ചതുവഴി ശരാശരി പാലുൽപാദനം 8 ലിറ്ററോളം ഉയർത്താൻ സാധിച്ചിട്ടുമുണ്ട്.

Arun T

സങ്കരയിനം പശുക്കൾക്ക് ശാസ്ത്രീയ തീറ്റക്രമത്തിന് വേണ്ട 10 കാര്യങ്ങൾ

കുറിയ ഇനം പശുക്കളായിരുന്നു കേരളത്തിലെ പാരമ്പര്യ ഇനങ്ങളായി നിലവിലുണ്ടായിരുന്നത്. ഇവ നല്ല പ്രതിരോധശേഷി ഉള്ളവയും ദിവസേന 2-3 ലിറ്റർ പാലുല്പാദനശേഷിയുള്ളവയുമായിരുന്നു. എന്നാൽ, കൃത്രിമ ബീജസങ്കലനത്തിലൂടെ സങ്കരയിനം പശുക്കളെ ഉത്പാദിപ്പിച്ചതുവഴി ശരാശരി പാലുൽപാദനം 8 ലിറ്ററോളം ഉയർത്താൻ സാധിച്ചിട്ടുമുണ്ട്. അതോടൊപ്പം, പശുക്കളുടെ ഭാരം വർദ്ധിക്കുകയും, ശരീരഭാരത്തിനനുസരിച്ചും, പാൽ ഉത്പാദനത്തിനുമായി അധികതീറ്റ നൽകേണ്ടിയും വരുന്നു. ഉയർന്ന ഉത്പാദനം ലക്ഷ്യമാക്കികൊണ്ടുള്ള ഈ വളർച്ചയിൽ പോഷകമൂല്യമുള്ള തീറ്റയും, ആരോഗ്യ പരിപാലനവും അത്യന്താപേക്ഷിതമാണ്. അതോടൊപ്പം ഉയർന്നു വരുന്ന
തീറ്റച്ചിലവും, കുറഞ്ഞ രോഗപ്രതിരോധശേഷിയും ക്ഷീര കർഷകർക്ക് വെല്ലുവിളി ഉയർത്തുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ തീറ്റക്രമവും പരിപാലനവും പ്രധാന്യമർഹിക്കുന്നു. ഒരു പശുവിന്റെ ഒരു ദിവസത്തെ തീറ്റയെ റേഷൻ എന്നു പറയാം. റേഷൻ അടിസ്ഥാനപ്രമായി

1.സംതുലിത പോഷകങ്ങളോടുകൂടിയതാവണം.

2. രുചികരമാകണം. പുഴു, പാറ്റ, പൂപ്പൽ, പൊടി, കാറൽ, ദുർഗന്ധം എന്നിവ ഇല്ലാത്തതും, ശുദ്ധമായതും, ഫ്രഷ് ആയതുമാവണം.

3, തീറ്റയുടെ ഘടകങ്ങൾ ഉദാ:- ധാന്യങ്ങൾ, തവിട്, പിണ്ണാക്ക്, തീറ്റയ്ക്ക് അനുയോജ്യമായ മറ്റു പാരമ്പര്യേതര വസ്തുക്കൾ,കൃഷി, വ്യാവസായിക ഉത്പന്നങ്ങൾ/ഉപോത്പന്നങ്ങൾ എന്നിവയുടെ ശരിയായ മിശ്രിതം തീറ്റയെ സംതുലിതവും ആരോഗ്യദായകവുമാക്കുന്നു. ഉപ്പ്, ശർക്കര, മൊളാസസ് എന്നിവ കൂട്ടുക വഴി തീറ്റയെ കൂടുതൽ രുചികരമാക്കാം. പോഷകമൂ
ല്യമുള്ള എന്നാൽ രുചികരമല്ലാത്ത തീറ്റവസ്തുക്കളെ തീറ്റയിൽ ചേർക്കാം.

4,അനേകം തീറ്റസാമഗ്രികളുടെ കൂട്ട് നൽകുന്നതുമൂലം വിറ്റാമിനുകളും, ധാതുക്കളും ഭക്ഷണത്തിലൂടെ ലഭിക്കുവാൻ സഹായിക്കും.

5. നൽകുന്ന തീറ്റയിൽ നാരുകൾ അടങ്ങിയിരിക്കുന്നത് തീറ്റ അനായാസമായി ആമാശയത്തിലൂടെ കടന്നുപോകാൻ സഹായിക്കും. അതിനാൽ പോഷകമൂല്യം കുറവാണെങ്കിലും നാരുകളുള്ള തീറ്റവസ്തുക്കൾ ക്ഷണത്തിലടങ്ങിയിരിക്കണം.

6. പച്ചപ്പുല്ല് നൽകുന്നത് ശരീരത്തിൽ വിറ്റാമിൻ-എ പ്രദാനം ചെയ്യും. ഇത് കന്നുകാലികളുടെ ആരോഗ്യത്തിനും, പ്രതിരോധശേഷിയ്ക്കും അത്യന്താപേക്ഷിതമാണ്. അതിനാൽ പച്ചപ്പുല്ല്
യഥേഷ്ടം ലഭിക്കുന്ന മഴക്കാലത്ത് സാംക്രമികരോഗങ്ങൾ കുറവായി കാണാറുണ്ട്. എങ്കിലും ഇളംപുല്ല് ധാരാളം നൽകുമ്പോൾ നാര് കുറവാകുമ്പോൾ വയർ പെരുപ്പം, അസിഡിയോസിസ്
എന്നിവ കണ്ടു വരാറുണ്ട്. ഇത് പ്രത്യേകിച്ച്, പയറുവർഗ്ഗ ചെടികൾ യഥേഷ്ടം കൊടുക്കുമ്പോഴാണ് ഈ അവസ്ഥ കണ്ടരാറുള്ളത്. നാരുകൾ ധാരാളമുള്ള വൈക്കോൽ കൂടെ നൽകുന്നത് നല്ലതാണ്.

 

7. ആഹാരം യഥാസമയത്ത് നൽകുവാൻ ശ്രദ്ധിക്കണം. സാന്ദ്രീകൃതതീറ്റ കറവയ്ക്കു മുമ്പും, പരുഷാഹാരം കറവകഴിഞ്ഞ് വെള്ളം നൽകിയതിന് ശേഷം രാവിലേയും, വൈകീട്ടും നൽകണം. കട്ടിയുള്ള തൊണ്ട്,പുല്ലിന്റെ തണ്ട്, മുതലായവ ചെറിയ കഷ്ണങ്ങളാക്കി നൽകാം. ജലാംശം കൂടുതലുള്ള പുല്ല് ഉണക്കിയോ വൈക്കോലുമായി ചേർത്തോ നൽകണം.

8. തീറ്റമിശ്രിതം പൊടിയാണെങ്കിൽ, അൽപം നനച്ച് കൊടുക്കുന്നത്, രുചിപ്രദവും പൊടി മൂക്കിലേക്ക് പോകാതിരിക്കുവാനും സഹായിക്കും. ഇങ്ങനെ നനച്ച് കൊടുക്കുന്നത് ദഹനത്തിനും നല്ലതാണ്. എങ്കിൽ ദീർഘനേരം കുഴച്ചുവെയ്ക്കുന്നത് നല്ലതല്ല. ഈർപ്പം പൂപ്പൽബാധയ്ക്ക് കാരണമാകും. ധാരാളം വെള്ളം ചേർത്ത് സാധാരണ കഞ്ഞിയിലിട്ട് നൽകുന്നതിനേക്കാൾ നല്ലത് അൽപം വെള്ളത്തിൽ ചേർത്ത്, പുട്ടിന്റെ രൂപത്തിൽ കുഴച്ച്
കൊടുക്കുന്നതായിരിക്കും. നേർത്ത കഞ്ഞിവെള്ളം, ഉച്ചസമയത്തോ വൈകുന്നേരങ്ങളിലോ നൽകുന്നത് ഉഷ്ണം കുറയ്ക്കുവാൻ സഹായിക്കും. കൈതീറ്റകൾ വൈകുന്നേരത്തുള്ള
കറവസമയത്തോ, കാലത്തോ, സന്ധ്യക്കോ നൽകാം. ചൂടുകുറവുള്ള സമയങ്ങളിൽ നൽകുന്നത് പശുവിനെ കൂടുതൽ തീറ്റയെടുക്കാൻ പ്രേരിപ്പിക്കുകയും, ഇവ സാവധാനം ദഹിച്ച പാൽഉത്പാദിപ്പിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ചൂടുകൂടുതലുള്ള സമയത്ത് പശുക്കൾ കൂടുതൽ വെള്ളം കുടിക്കുവാൻ താൽപര്യം കാണിക്കുകയും, ഇത് തീറ്റയെടുപ്പിനെ ബാധിക്കുകയും ചെയ്യും. പരുഷാഹാരം നൽകുന്നത് പൊതുവെ കറവ കഴിഞ്ഞ് കുറച്ച് വൈക്കോലിടുകയാണ് പതിവ്. ഇത് രണ്ട് മണിക്കൂറിനകം തീർന്നിരിക്കും. ഇതുമൂലം അടുത്ത ദിവസം കാലത്തു വരെ വേറെ ഭക്ഷണമില്ലാതിരിക്കും. ഇതിനുപകരം,
പരുഷാഹാരം, പുല്ല് /വൈക്കോൽ എന്നിവ രാത്രി കൂടുതൽ നൽകുക വഴി വേണ്ടവിധം ദഹിക്കുകയും രാവിലെ പാലിന് കൊഴുപ്പുണ്ടാവുകയും ചെയ്യുന്നു.

9.തീറ്റയുടെ ഘടനയിലും അളവിലും പെട്ടെന്നുള്ള വ്യതിയാനം ഒഴിവാക്കണം. തീറ്റയുടെ ദഹനപ്രക്രിയയെ സഹായിക്കുന്ന സൂക്ഷ്മാണുക്കളുടെ അഭാവം മൂലം മാറിയ തീറ്റ ദഹിക്കുവാൻ കൂടുതൽ സമയം വേണ്ടി വരും ഇതുമൂലം വേണ്ടത്ര പോഷകവസ്തുക്കൾ ആഗിരണം ചെയ്യപ്പെടാതിരിക്കുകയും പാലുത്പാദനം ഗണ്യമായി കുറയുകയും ചെയ്യും. ഇങ്ങനെ പെട്ടെന്നുണ്ടാവുന്ന ഉത്പാദനക്കുറവ്, മാറിയ തീറ്റയുടെ കുറഞ്ഞ
പോഷണമൂല്യം കൊണ്ടു മാത്രമല്ല മറിച്ച്, അവയുടെ ദഹനത്തിനു സഹായിക്കുന്ന സൂക്ഷ്മാണുക്കളുടെ അഭാവം മൂലമാണ് സംഭവിക്കുന്നത്. ഈ തിരിച്ചറിവിലൂടെ സമയബന്ധിതമായി ഈ വ്യതിയാനം ക്രമേണ 7-10 ദിവസമെടുത്ത് ഉൾക്കൊള്ളണ്ടതാണ്. ഇതിനായി ആദ്യത്തെ രണ്ട് ദിവസങ്ങളിൽ 1/10 മുതൽ 1/4 ഭാഗം വരെ പുതിയ തീറ്റയും ബാക്കിയുള്ള ദിവസങ്ങളിൽ മുമ്പു നൽകിയിരുന്ന തീറ്റയും നൽകണം. 3,4,5 ദിവസങ്ങളിൽ
ഇത് ക്രമേണ പകുതിയാക്കുകയും 6,7 ദിവസങ്ങളിൽ ക്രമേണ മുഴുവനായും പുതിയ തീറ്റയിലേക്ക് മാറ്റുന്ന രീതിയും അവലംബിക്കാവുന്നതാണ്. ദഹനക്കേട്, വയറിളക്കം, തീറ്റയെടുക്കാതിരിക്കൽ, വളരെ കുറച്ചുള്ള ചാണകം എന്നിവ കാണുകയാണെങ്കിൽ കൂടുതൽ ദിവസമെടുത്ത് പുതിയ തീറ്റയിലേക്ക് മാറണം. ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ തീറ്റയുടെ ഗുണനിലവാരം പരിശോധിക്കണം. പൂപ്പൽ, കാറൽ എന്നിവ
ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

10. ചെറിയ കാര്യങ്ങളിലുടെ തീറ്റയുടെ ഗുണവും, പോഷകമൂല്യവും രുചിയും കൂട്ടാവുന്നതാണ്. ഉദാ :- പുല്ല് അരിഞ്ഞ് നൽകുക, കപ്പത്തണ്ട് ചീകി കൊടുക്കുക, പൊടിതീറ്റ നനച്ചുനൽകുക, പരുത്തിക്കുരു അരച്ചു കൊടുക്കുക, സോയബീൻ മുളപ്പിച്ചു കൊടുക്കുക, പയറുവർഗ്ഗ ചെടികളും, ഇലകളും അൽപം വാട്ടി കൊടുക്കുക, ചക്കമടൽ അരിഞ്ഞ് അൽപം വാട്ടി നൽകുക എന്നീ രീതികൾ അവലംബിക്കാവുന്നതാണ്. വെള്ളം യഥേഷ്ടം നൽകുക. പാലിൽ 80 ശതമാനം വെള്ളമാണെന്നിരിക്കെ വെള്ളം നൽകുന്നതിന്റെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. തീറ്റസമയത്ത് മാത്രം വെള്ളം നൽകുന്നതിന് പകരം ശുദ്ധജലം
fഎല്ലായ്പ്പോഴും തൊട്ടിയിൽ ലഭ്യമാക്കണം.

English Summary: HYBRID COWS SCIENTIFIC FEED kjoct1020ar

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds